21 June 2010

അച്ചമ്മ

ഇന്നലെ എന്തോരാളായിരുന്നു. എല്ലാരും ഉണ്ടാരുന്നു. വല്യംമേം അമ്മേം ഇളയമ്മമാരും പിന്നെ വല്യച്ചന്മാര്‍, ഇളയച്ചന്മാര്‍...കുറെ കുട്ട്യോള്‍..നിറയെ എന്ന് പറയുന്നതാവും ശരി. കൂടെ അച്ചമ്മെം ഉണ്ടാരുന്നു (പക്ഷെ അച്ചമ്മ മരിച്ചിട്ട് ഏതാണ്ട് 19 വര്‍ഷമായി) പാല് കാച്ചലിന് വന്നതാ എല്ലാരും. അച്ചമ്മയാണ് പാല് കാച്ചുന്നത്. പതിവ് ചിട്ട പ്രകാരം പാല് കാച്ചി , പക്ഷെ പാല് തിളച്ചു പൊങ്ങുമ്പോള്‍ അതില്‍ കുറെ വെളുത്ത ബ്രെഡ്‌ കഷ്ണങ്ങള്‍ ഇട്ടു കോരിയെടുത്തു.
ഞാന്‍ 'അയ്യേ എന്തിനാ അച്ചമ്മേ ഇതു' എന്ന് ചോദിച്ചു..
അച്ചമ്മ പറഞ്ഞു, ഒക്കെ കുട്ട്യോള്‍ക്ക്..എന്നിട്ട് എനിക്കൊരെണ്ണം എടുത്തു തന്നു. ഞാനിതു വരെ തിന്ന ഒന്നിനും അത്രേം രുചി ഇല്ലായിരുന്നു. അത്രയ്ക്ക് തേനുറുന്ന രുചി. പിന്നെ എല്ലാരും കുട്ടികളുടെ കാര്യങ്ങള്‍ പറഞ്ഞു അച്ചമ്മ അമ്മയെപ്പറ്റി പറഞ്ഞു
'ഹ്മ്മ പണ്ട് ഇവളുടെ കുട്ടികളെ ആരെങ്കിലും ഒന്ന് തൊട്ടാ മതി ഇവക്കു പിടിക്കില്ല നല്ലോണം പറയും'.
അമ്മ നോക്കി ചിരിച്ചു. അങ്ങനെ പലതും പറഞ്ഞു പറഞ്ഞു നേരം പോക്കി....പക്ഷെ, പിടി കിട്ടാത്തത് , എന്തിനാ മരിച്ചവര്‍ തിരിച്ചു വരുന്നത് ? അതും ഇത്രേം വര്ഷങ്ങള്‍ കഴിഞ്ഞു ? സ്വപ്നത്തിലാണെങ്കില്‍ കൂടി...


അച്ചമ്മ അങ്ങനെയാണ് , ചിലപ്പോള്‍ സ്നേഹം കൊണ്ട് പൊതിയും, ചിലപ്പോള്‍ വഴക്ക് പറഞ്ഞു ഓടിക്കും. അച്ചമ്മയെപ്പറ്റിയുള്ള മധുരമായ ഓര്‍മ്മകളില്‍ ഏറ്റവും മധുരമുള്ളതു സ്കൂള്‍ അവധി ദിവസങ്ങില്‍ തറവാട്ടില്‍ പോകുമ്പോള്‍ അച്ചമ്മ ഞങ്ങള്‍ക്കായി സൂക്ഷിച്ചു വച്ച ചക്കയപ്പം, തേനുരുന്ന പഴുത്ത മാങ്ങകളും ഒക്കെയാണ്. വേനലവധിക്കാലത്തും മറ്റു അവധി ദിവസങ്ങിലും എടത്തില്‍ ഞാനും അച്ഛമ്മയുടെ മറ്റു ചെറുമക്കളും ഉണ്ടാകും. ഞങ്ങള്‍ക്ക് തരാന്‍ അച്ചമ്മ പഴുത്ത മാങ്ങകള്‍ ഭരണികളില്‍ ഇട്ടു വച്ചിരിക്കും. എടത്തില്‍ കേറിയ ഉടനെ ' അച്ചമ്മേ മാങ്ങാ ഇല്ലേ' എന്നാ ഞങ്ങള്‍ ചോദിക്കുക.

വിശാലമായ ഒരു പറമ്പിനു നടുവില്‍ ആയിരുന്നു എടം എന്ന് പറയുന്ന അച്ഛന്റെ തറവാട്. (ആ പേരിനു കാരണമൊന്നും ആര്‍ക്കും അറിയില്ല. ഏടത്ത്തിനു ചുറ്റുമുള്ള മറ്റു വീടുകളെ കേക്കേടം (കിഴക്കേടം), പടിഞ്ഞാറെടം എന്നൊക്കെ വിളിച്ചിരുന്നു) അതിനു മുന്നില്‍ നീണ്ടു കിടക്കുന്ന വയലുകള്‍. വയലുകളെ രണ്ടായി പകുത്തു കൊണ്ട് കൈതകള്‍ പൂക്കുന്ന ഒരു തോട്. തോടിനപ്പുറത്തു ഒരു കാവും. കാവെന്നു പറഞ്ഞാല്‍ ചെറുതൊന്നുമല്ല. കുറച്ചു വലുത് തന്നെയാണ് . കൂടാതെ അതു മുഴുവന്‍ കാടാണ്. പ്രത്യേകിച്ച് ആരാധനയോ, പൂജകളോ ഇല്ല. സങ്ക്രാന്തിക്കും വിഷുവിനുമൊക്കെ നാട്ടുകാര്‍ പോകും. വൈകുന്നേരങ്ങളില്‍ മൈക്കില്‍ പാട്ട് വയ്ക്കും. അവിടുത്തെ ഓരോ വള്ളികളുടെയും വണ്ണം ഏതാണ്ട് ഒരു കൊച്ചു കുട്ടിയുടെ അത്രേം വരും. കാവിനു തൊട്ടടുത്ത്‌ തന്നെയാണ് ഞാന്‍ യു പി വരെ പഠിച്ചിരുന്ന സ്കൂളും അതിന്റെ വിശാലമായ മൈതാനവും. മൈതാനത്തിന്റെ അറ്റത് നന്നായി തേച്ചു കെട്ടിയ ഒരു കിണര്‍. കിണറിനടുത്ത് കഞ്ഞിയൊക്കെ ഉണ്ടാക്കുന്ന ഒരു ക്വട്ടെര്സ്. സ്കൂളിനു മുന്നില്‍ അസംബ്ലി കൂടുന്നതിനടുത്തു ഒരു മാവുണ്ട്, 'കുടമാവ്‌'. കുട പോലെ തന്നെ.
ഇത്രയും കാഴ്ചകള്‍ തറവാട്ട്‌ മുറ്റത്ത്‌ നിന്നു നോക്കിയാല്‍ കാണാം.

മൂവാണ്ടന്‍, മല്‍ഗോവ, പുളിയന്‍ മാങ്ങ,നമ്പ്യാര്‍ മാങ്ങ എന്ന് തുടങ്ങി ഒട്ടുമിക്കവാറും എല്ലാ മാങ്ങകളും അവിടെ അന്നുണ്ടായിരുന്നു. തറവാട്ടിന്റെ തെക്ക് ഭാഗത്ത്‌ ഒരു 'തൊണ്ടന്‍' മാവുണ്ടായിരുന്നു. തൊണ്ടന്‍ എന്ന് വിളിക്കാന്‍ കാരണം അതു കുറെ വയസ്സായ ഒരു മാവാണ്. മാങ്ങയൊന്നും കിട്ടില്ല. ഊഞ്ഞാലുകള്‍ സ്ഥിരമായി ആ മാവില്‍ കെട്ടാറുള്ളത് കൊണ്ട് അതിനെ ഊഞ്ഞാല്‍ മാവു എന്നും വിളിച്ചു.

അച്ഛമ്മയുടെ കാര്യം പറഞ്ഞാല്‍, അച്ചമ്മ വയ്ക്കുന്ന അല്ലെങ്കില്‍ എടത്തില്‍ ഉണ്ടാക്കുന്ന കറികള്‍ക്കെല്ലാം പ്രത്യേക സ്വാദായിരുന്നു. പ്രത്യേകിച്ച് മാങ്ങ കൂട്ടാന്‍, മാങ്ങ പിരക്ക്, ചക്ക മോളീഷ്യം. അതിപ്പോഴും നാവില്‍ ഉള്ളത് പോലെ.

തറവാടിന്റെ പുറകു വശം കുന്നാണ്‌ , അതിനെ വല്യടം പറമ്പ് എന്ന് പറയും. അതു ആത്മാക്കളുടെ മാത്രം കേന്ദ്രം.
അന്നൊരു ദിവസം... വല്യടം പറമ്പില്‍ വിറകിനായി ഒരു മരം വെട്ടിയിരുന്നു. കുറെ പെണ്ണുങ്ങള്‍ ഉണ്ട് വിറകു കടത്താന്‍. മേല്‍നോട്ടം വഹിക്കുന്നത് അച്ചമ്മ.എല്ലാരും തലയില്‍ 'തെരിയ' വച്ചു വിറകു കടത്തുന്ന കണ്ടപ്പോള്‍ എനിക്കും ഒരു പൂതി. അങ്ങനെ അച്ഛമ്മയോട്‌ കുത്തി കുത്തി ചോദിച്ചു ഞാനും പെണ്ണുങ്ങളുടെ കൂടെ കൂടി. ചെറിയ കൊള്ളികള്‍ തെരിയയില്‍ വച്ചു ഞാനും കടത്തു തുടങ്ങി. ഒരു വീട് കടന്നു വേണം ഇടത്തില്‍ എത്താന്‍. എല്ലാ പെണ്ണുങ്ങളും അവരുടെ മുറ്റത്ത്‌ കൂടി പോകാതെ, മുറ്റത്തിന് താഴെയുള്ള വഴിയിലൂടെയാണ് പോകുന്നത്. മുറ്റത്തൂടെ പോയാലാണ് കൂടുതല്‍ എളുപ്പം. ഞാന്‍ എളുപ്പപ്പണി നോക്കി മുറ്റത്തു കൂടി കടത്തു തുടങ്ങി. രണ്ടാമത്തെ കടത്തിന് ആ വീട്ടില്‍ നിന്നു അവിടത്തെ ദെച്ചുഅച്ചമ്മ ഇറങ്ങി വന്നു,

'നിന്നോടാരാ പറഞ്ഞെ ഇലൂടെ വിറകു കടത്താന്‍..' ..പിന്നെയും എന്തൊക്കെയോ...ഒന്നും മനസ്സിലായില്ല.

ഞാന്‍ തലയിലെ ഒറ്റക്കൊളിയും ഇട്ട് ഓടടാ ഓട്ടം. എന്നാലും ഒന്ന് മുറ്റത്തൂടെ വിറകു കൊണ്ടോയെനു ഇത്രേം ചീത്ത പറയണോ. ഞാന്‍ അച്ഛമ്മയോട്‌ ചിണുങ്ങിക്കൊണ്ട് കാര്യം പറഞ്ഞു. അച്ഛമ്മക്കും ദേഷ്യം വന്നു.

'എന്താ ..അന്റെ കുട്ടി ഒന്ന് ഇലൂടെ പോയെന് നീ ഇത്രേം പറയണോ ദെചൂ ..'

അങ്ങനെ തുടങ്ങി അതൊരു മുട്ടന്‍ വഴക്കില്‍ കലാശിച്ചു. കുറെ കഴിഞ്ഞാണ് സംഭവം എനിക്ക് പിടി കിട്ടിയത്. ഞാന്‍ വിറകു കടത്തിയത് വടക്ക് നിന്നു തെക്കോട്ടായിരുന്നത്രേ. തെക്കോട്ട്‌ വിറകു കൊണ്ട് പോകരുത് പോലും..

പിന്നൊരു മഴക്കാലം. മഴ തകര്‍ത്തു പെയ്യുന്നുണ്ട്. രാവിലെ എടത്തിലേക്ക് വരുമ്പോള്‍ മഴയില്ലായിരുന്നു. അതു കൊണ്ട് കുടയും എടുത്തില്ല. ഉച്ചയ്ക്ക് വെള്ളരിക്ക പുളിങ്കറിയൊക്കെ കൂട്ടി ചോറുണ്ടു.
കളിയ്ക്കാന്‍ ഇന്നാരുമില്ല. മഴയത്ത് സര്‍ക്കീട്ടും നടക്കില്ല. അതു കൊണ്ട് വീട്ടില്‍ പോയി പഴേ പൂമ്പാറ്റയോ മറ്റോ വായിക്കാം.

' അച്ചമ്മേ ഒരു കുട തര്വോ ?'
'ഇപ്പൊ പോണ്ട, മഴ കയിഞ്ഞിട്ട്‌ പോകാം. ഈടയാണെങ്കില്‍ ഒരു കുടയെ ഉള്ളൂ. അതെനക്ക് വേണ്ടേ? '
'ഉം ..വെറുതെ പറയുന്നതാ. ഞാന്‍ കുട എട്യെങ്കിലും കൊണ്ടോയി കളയുന്നു പേടിച്ചിട്ടല്ലേ..എനിക്കറിയാം '
'നിന്നോടല്ലേ പറഞ്ഞെ..അട എട്യെലും മിണ്ടാണ്ട്‌ ഇരുന്നാട്ടെ..'

കുറെ കെഞ്ചി നോക്കി. കാര്യണ്ടായില്ല. എനിക്ക് നല്ല സങ്കടോം വാശീം ഒക്കെ കൊമ്പ് കോര്‍ത്ത്‌ വന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. അച്ചമ്മ അകത്തു പോയ നേരത്ത്, എടുത്തു പെയ്യുന്ന ആ മഴയത്ത് ഇറങ്ങി ഒറ്റ നടത്തം. കൈയും വീശി, വരമ്പത്തൂടെ ഒറ്റയ്ക്ക്. വീട്ടില്‍ അങ്ങനെ വന്നു കേറാന്‍ ധൈര്യം ഉണ്ടായില്ല. ഇങ്ങനെ മഴേം നനഞ്ഞു വന്നതിനു അമ്മയുടെ കയ്യീന്ന് കണക്കിന് കിട്ടും. അതുകൊണ്ട് കൊച്ചു വിറകു പുരയില്‍ കേറി ഉടുപ്പൊക്കെ പിഴിഞ്ഞ് അതു കൊണ്ട് തലയും തോര്‍ത്തി. ഇടയ്ക്കു അമ്മ കാണാതെ എങ്ങനെയോ വീട്ടില്‍ കേറിപ്പറ്റി....

ആ മഴ ഇന്നും പെയ്യുന്നു. ഓര്‍മകളില്‍. മഴയുടെ കൂടെ അച്ഛമ്മയും.

ആ നാട് വിട്ടിട്ടു ഏറെക്കാലമായി.നാടിന്‍റെ മാറ്റങ്ങള്‍ അറിയില്ല. മനപ്പുര്‍വ്വം ആ യാത്രകള്‍ ഒഴിവാക്കി, ആ ഓര്‍മ്മകള്‍ മായാതിരിക്കാന്‍. എനിക്കറിയാം ഞാന്‍ അന്ന് കണ്ട്‌ ജീവിച്ച നാടായിരിക്കില്ല അതിന്നു എന്ന് .

പക്ഷെ, ഒരു തിരിച്ചു പോക്കുണ്ടെങ്കില്‍ എന്നെ അതിനു പ്രേരിപ്പിക്കുന്നത് ആ നാടിന്റെ ഓര്‍മ്മകളാണ്.

രാത്രിയില്‍ അടച്ചിട്ട ജനവാതിലില്‍ കൂടി ഒഴുകിയെത്തുന്ന, ഞാനെന്നും കേള്‍ക്കുന്ന പേരറിയാത്ത ആ ഈണം കാവിലെ സന്ധ്യ നേരത്തുള്ള പാട്ടുകളുടെ ഈണമായിരുന്നു.

ചില മഴ പെയ്യുന്ന സായന്തനങ്ങളില്‍ ഞാന്‍ അനുഭവിക്കുന്ന എങ്ങു നിന്നോ വരുന്ന ആ മണം കാവിലെ കെട്ടടങ്ങുന്ന, മണ്‍ ചിരാതിനോട് ഒട്ടിയ തിരിയുടെ നേര്‍ത്ത മണമായിരുന്നു.

ഉറക്കത്തിലേക്കു വഴുതുമ്പോള്‍ ഞാന്‍ കേള്‍ക്കുന്ന ചെണ്ടകൊട്ടിന്റെ ശബ്ദം, ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ രാത്രിയില്‍ തുള്ളുന്ന പൊട്ടന്‍ തെയ്യത്തിന്റെ പതിഞ്ഞ പാട്ടും ചെണ്ടയുടെ നേര്‍ത്ത അലച്ചിലും ആയിരുന്നു.

ഞാന്‍ കാണുന്ന ഓരോ മഴക്കും ആ ഗ്രാമത്തിന്റെ മുഖമായിരുന്നു !!

********

(എന്താണ് എഴുതിയതെന്നു എനിക്ക് തന്നെ അറിയില്ല. ഏത് വിഭാഗത്തില്‍ പെടുത്താം എന്നും വല്യ നിശ്ചയം ഇല്ല..)

29 comments:

ഹേമാംബിക said...

ചില ഓര്‍മ്മകള്‍...

ശ്രീനാഥന്‍ said...

ഓർമകൾ, അച്ചമ്മയെ ചുറ്റിപ്പറ്റി കൊതിപ്പിക്കുന്ന കുറെ ഓർമ്മകൾ ഹേമാംബിക തന്നു. ഗ്രാമവും എടങ്ങളും അച്ചമ്മയും ഒക്കെ ഗതകാലസ്മൃതികളായി. നന്ദി.

keraladasanunni said...

തെക്കോട്ടേക്ക് വിറക് കൊണ്ടുപോവുന്നത് ശ്മശാനത്തിലേക്ക് ആണ് എന്നാണ് പറയാറ്. ഓര്‍മ്മകള്‍ നന്നായി.

ശ്രീ said...
This comment has been removed by the author.
ശ്രീ said...

ഓര്‍മ്മകളുടെ സുഗന്ധം കൊണ്ടു വന്ന പോസ്റ്റ്... എനിയ്ക്കുമുണ്ടായിരുന്നു ഒരു അച്ഛമ്മ. ഇവിടെ എഴുതിയിരുന്നു. (അച്ചമ്മ അല്ല, അച്ഛമ്മ ആണ് ശരി)

നല്ലൊരു നൊസ്റ്റാള്‍ജിക് പോസ്റ്റ്!

jayanEvoor said...

എനിക്കിഷ്ടമാ ഓർമ്മക്കുറിപ്പുകൾ....
ഇതൊക്കെയാണ് നമ്മളിലെ നമ്മളെ നിലനിർത്തുന്നത്.
ആശംസകൾ!

krishnakumar513 said...

ഓര്‍മ്മകള്‍ നന്നായിരിക്കുന്നു,നല്ല ഒരു പോസ്റ്റ്.....

മൈലാഞ്ചി said...

നല്ല ഓര്‍മകള്‍.. ശ്രീയുടെ ഓര്‍മകള്‍ വായിച്ച് മനസുനിറഞ്ഞ് അതിന്റെ ഹാങ് ഓവര്‍ മാരി വരുന്നതേയുള്ളൂ.. ഹേമാംബികയും മോശമാക്കിയില്ല...

മഴയിലൂടെ നടന്ന ആ കുട്ടിമനസ് ഇന്നും കൈമോശം വന്നിട്ടില്ലല്ലോ ല്ലേ?

ഓ(ഫാണോന്നറിയാത്ത)ടോ. ശ്രീ.. അച്ഛന്റെ അമ്മ എന്ന നിലക്ക് അച്ഛമ്മയാണ് ശരിയെങ്കിലും പലരും വിളിക്കുന്നത് അച്ചമ്മ എന്നല്ലേ? അച്ഛനെപ്പോലും അച്ചാ എന്ന് വിളിക്കുന്നവര്‍ എത്ര..!!(എനിക്ക് രണ്ടും അമ്മമ്മമാരാണ് ട്ടോ. അച്ഛന്റെ അമ്മ അമ്മമ്മയാകണതെങ്ങനെ എന്ന് മാത്രം ചോദിക്കരുത്..)

ഹംസ said...

ഓര്‍മകള്‍ നന്നായി എഴുതിയിരിക്കുന്നു.!!

ശ്രീ said...

മൈലാഞ്ചി ചേച്ചീ...
അച്ഛന്‍ എന്ന് വിളിയ്ക്കുന്നത് പിതാവിനെയും അച്ചന്‍ എന്ന് വിളിയ്ക്കുന്നത് പള്ളിയിലെ കത്തനാരെയും ആണ് എന്നാണ് എന്റെ അറിവ്. അപ്പോ പിന്നെ അച്ഛന്റെ അമ്മയെ അച്ഛമ്മ എന്നല്ലേ ശരിയ്ക്കും വിളിയ്ക്കേണ്ടത്?
(പിന്നെ, അച്ഛമ്മയെയും ഞാന്‍ ഇടയ്ക്ക് അമ്മമ്മേ/അമ്മൂമ്മേ എന്നെല്ലാം വിളിയ്ക്കാറുണ്ട് ട്ടോ)

മൈലാഞ്ചി said...

ഹേമാംബികേ സോറിട്ടോ... ഞാന്‍ ഇപ്പൊ വന്നത് ശ്രീക്കൊരു മറുകുറി എഴുതാനാ...

ശ്രീ.. ശരിയാണ്..പള്ളീലച്ചനാണ് അച്ചന്‍.. പക്ഷേ, ഞാന്‍ പറഞ്ഞത്, വിളിക്കുമ്പോ പലരും അച്ഛന്‍ എന്നുറപ്പിച്ച് വിളിക്കാറില്ല, അച്ചന്‍ എന്നായിപ്പോകും എന്നാണ്... (പറഞ്ഞത് എന്നല്ല ഉദ്ദേശിച്ചത് എന്ന് വേണമെങ്കില്‍ തിരുത്താം).. അപ്പോ സ്വാഭാവികമായും വിളിയില്‍ അച്ചമ്മ എന്നാവും എന്ന് മാത്രം...
പിന്നെ ഒരു സംശയം കൂടി.. പള്ളീലച്ചനേം ചിലപ്പോ ‘പിതാവേ’ എന്ന് വിളിക്കുന്ന കേട്ടിട്ടുണ്ടല്ലൊ? അത് ഗ്രേഡ് അനുസരിച്ചാണോ എന്നറിയില്ല.. എന്നാലും... ആ കണക്കനുസരിച്ചാണെങ്കില്‍ അച്ചന്‍=അച്ഛന്‍ എന്ന് പറയാം ല്ലേ?

വാട്ടെവെറിറ്റീസ്... ഹേമാംബികയുടെ അച്ചമ്മ കൊള്ളാം..

ഒരിക്കല്‍കൂടി സോറിട്ടോ ഹേമ....

Naushu said...

നല്ല ഓര്‍മകള്‍.. ..

കൂതറHashimܓ said...

നന്നായി പറഞ്ഞ നല്ല ഓര്‍മകല്‍ ഇഷ്ട്ടായി

ഹേമാംബിക said...
This comment has been removed by the author.
ഹേമാംബിക said...

ശ്രീനാഥന്‍-നന്ദി. എല്ലാര്ക്കും ഉണ്ടാകും ഇത് പോലെ ഓരോന്ന്.

keraladasanunni -ശരിയാണ്. അതിനു ശേഷം ഞാന്‍ ശ്രദ്ധിച്ചിരുന്നു, ആരേം വിഷമിപ്പിക്കാതിരിക്കാന്‍.

ശ്രീ , മൈലാഞ്ചി- ശ്രീയുടെ പോസ്റ്റ്‌ ഞാന്‍ ഇപ്പോഴാ കണ്ടത്. കണ്ണ് നിറയിക്കുന്നത്.
പിന്നെ അച്ചമ്മ.ശ്രീ പറഞ്ഞത് വളരെ ശരിയാണ് .പക്ഷെ ഞാന്‍ അത് അങ്ങനെ തന്നെ എഴുതിയതാണ് . കാരണം ഞാന്‍ ഒരിക്കലും അച്ഛനെയോ അച്ഛമ്മയെയോ വിളിക്കുമ്പോള്‍ 'ച്ഛ' പറയാറുണ്ട് എന്ന് തോന്നിയില്ല. ഒരു കുട്ടി വിളിക്കുമ്പോള്‍ ഒരിക്കലും ഈ 'ച്ഛ' വരില്ലല്ലോ. :) ഇന്നും എനിക്ക് അങ്ങനെ വിളിക്കാനാണ് ഇഷ്ടം.
ഞങ്ങടെ നാട്ടില്‍ അമ്മയുടെയോ അച്ഛന്റെയോ അച്ഛനെ, അച്ച(ച്ഛ)പ്പന്‍ അച്ചാച്ചന്‍, അപ്പാപ്പന്‍ എന്നിങ്ങനെ ജാതി മത ഭേദമന്യേ വിളിച്ചിരുന്നു. അച്ഛമ്മയെ നിങ്ങള്‍ പറഞ്ഞ പോലെ അമ്മൂമ്മ , അമ്മമ്മ, മൂത്തമ്മ എന്നിങ്ങനെയും.
ഏതായാലും രണ്ടാള്‍ക്കും നന്ദി. എന്തിനാ മൈലാഞ്ചി സോറി പറയുന്നത് ?

ജയന്‍, കൃഷ്ണകുമാര്‍, ഹംസ, നൌഷു,കൂതറ -എല്ലാര്ക്കും നന്ദി,എന്റെ ഓര്‍മകളിലേക്ക് വന്നതിനു.

siya said...

പോസ്റ്റ്‌ നേരത്തേ വായിച്ചു .........പക്ഷേ ചിലത് വായിക്കുമ്പോള്‍ മനസിലും ഒരു വിഷമം ആണ് .കാരണം നമ്മള്‍ ഇതെല്ലാം മനസ്സില്‍ പൂട്ടി വച്ചിരിക്കുന്നതും ആണ് .ചിലര് അതൊക്കെ തുറന്നു പുറത്തു വരുമ്പോള്‍ നമ്മിലും ഒരു സന്തോഷം തോന്നും ..എന്തായാലും അച്ഛമ്മ എനിക്കും ഇഷ്ട്ടായി ഹേമാ .എന്‍റെ ഒരു പോസ്റ്റ്‌ ഉണ്ട് .അത് വഴി കണ്ടില്ലല്ലോ ?അടുത്തത് പോസ്റ്റ്‌ ഇടാന്‍ പോകുന്നു .അതിനു മുന്‍പ് വരൂ .ഇഷ്ട്ടമുള്ള വിഷയംആയാല്‍ മിസ്സ്‌ ആവാതിരിക്കാന്‍ പറഞ്ഞതും ആണ് .

എറക്കാടൻ / Erakkadan said...

എനിക്കുമുണ്ട് ഒരു അച്ഛമ്മ ... പണ്ട് ഇപ്പം മരിക്കുമെന്ന് പറഞ്ഞു എന്നെ അര്‍ജെന്റ് ലീവിന് വരുത്തിയതാ ...തുളസി വെള്ളം മാത്രം ഭക്ഷണം ...തൊണ്ടയില്‍ ഒരനക്കം മാത്രം ... പശുദാനം വരെ നടത്തി .... വീട്ടില്‍ അച്ഛമ്മയെ കാണാന്‍ വരുന്ന ആളുകള്‍ തോര്‍ത്ത്‌ മുണ്ട് വരെ കൊണ്ടുവന്ന ആളുകള്‍ ഉണ്ട് ....കുറച്ചു ദിവസമ കഴിഞ്ഞിട്ടും അച്ഛമ്മ മരിച്ചില്ല....ഭാഗ്യം ഇപ്പോള്‍ വളപ്പിലൂടെ ഓടി ചാടി നടക്കുന്നു ... പുലിക്കുട്ടി ആയിട്ട് ...

എറക്കാടൻ / Erakkadan said...
This comment has been removed by the author.
പദസ്വനം said...

ഓര്‍മ്മകള്‍....
ശ്രീ, ഹേമ... ഒരു പാട് നന്ദി.. പങ്കു വച്ചതിനു...
അസൂയ തോന്നുന്നു.. ശെരിക്കും....
എനിക്ക് ലഭിക്കാതെ പോയ ഭാഗ്യം. :(

Captain Haddock said...

നൈസ്....

മാണിക്യം said...

ചെറിയ കൊള്ളികള്‍
തെരിയയില്‍ വച്ചു ഞാനും കൂടെ കൂടി..
കാവിലെ പാട്ടുകളുടെ ഈണമിവിടെ
മണ്‍ചിരാതിലെ കത്തിതീരുന്ന
തിരിയുടെ മണമെന്റെ ചുറ്റും.
മഴക്ക് ഒപ്പം പൊട്ടന്‍ തെയ്യത്തിന്റെ പാട്ടും
ചെണ്ടയുടെ അലച്ചിലും,
...അതെ ഇവിടെ ഇന്ന് മഴ പെയ്യുന്നു....
ഞാനും മഴ നനഞ്ഞ് കൂടെ ഓടീ .....
'എന്റഛമ്മ' നനഞ്ഞ തലമുടി തുടച്ചുണക്കുന്നു ...


ഹേമ മനോഹരമായി വിവരിച്ചു

ദീപു said...

ആ വീടും,പറമ്പും, കാവും എല്ലാം മനസ്സിൽ തെളിഞ്ഞു വന്നൂ, ആ വെള്ളരിക്കപുളിങ്കറിയുടെ സ്വാദും.

ഹേമാംബിക said...

സിയാ-ഞാന്‍ വന്നിരുന്നു.വരും.:)
ഏറക്കാടന്‍-നന്നായി. പുലിക്കുട്ടിയോടു എന്റെ അന്വേഷണം പറയു കേട്ടോ/
പധസ്വനം-അസൂയക്ക്‌ നന്ദി. നല്ലത് മാത്രം കേള്‍ക്കുമ്പോള്‍ ആര്‍ക്കും തോന്നും :)
ക്യാപ്ടന്‍ -നന്ദി
മാണിക്യചേച്ചി-കൂടെ വന്നൂല്ലോ :) നന്ദി.
ദീപു-നന്ദി.
പിന്നെ വന്നവര്‍ക്കെല്ലാം ~!

shivam said...

ഈ വഴികളിലെല്ലാം നിന്നോടൊപ്പം നടന്ന ഓര്‍മകള്‍.......വളരേണ്ട എന്നു എത്ര വട്ടം നാം പറഞ്ഞിരിക്കുന്നു..
അച്ഛമ്മയോട് കോമ്പ്‌കൊര്‍ക്കാന്‍ നിനക്ക്‌ വലിയ മിടുക്ക് ആയിരുന്ന് കേട്ടോ...

CHE.. said...

കുറേ പുറകോട്ട് കൊണ്ടുപോയി...ഒരു സുഖമുള്ള വേദന

Sureshkumar Punjhayil said...

Mathruthwathinu, Prakruthikku ...!

manoharam, Ashamsakal...!!!

sudhakaran tanichery said...

kama devan foto realyy fun
Its nostalgia........my school dyas.....madai kavu

nireekshu said...

ഞാൻ ഇപ്പളാ വന്നു നോക്കിയതു ....നല്ല ബ്ലോഗ്‌ ..വിഷദമായി പിന്നെ വായികാം ...എന്തൊരു എഴുതു !!!! ഒരു മാധവികുട്ടീടെ മട്ടുണ്ടൊ ??? അചചമ്മ വായിച്ചപ്പോൾ തോന്നി ...മധവികുട്ടി അവരുടെ മുതശ്ശിയെ കുറിച്ചു ഇതുപോലെ ഒരുപാടു എഴുതിയിട്ടുണ്ടു !!!

മറ്റൊരു കാര്യം പറയാനുള്ളതു ...ബ്ലോഗ്‌ എഴുതൊക്കെ കൊല്ലം ...പക്ഷെ എഫ്ബിയിൽ ഉണ്ടൻ വന്നില്ലെങ്കിൽ കെസു കൊടുക്കും ...ഇന്റർപൊലിൽ ...!!

Hemambika said...

ഈ മെസ്സെജുകൽ ഇപ്പൊഴാണു കണ്ടതു, നിരീക്ഷു- എഫ്ബിയിൽ കിടന്നു കറങ്ങി നടക്കുന്നതു കൊണ്ട്, ബ്ലോഗിൽ കേറാനെ നേരമില്ല.. എതു ..:)

Related Posts with Thumbnails