30 June 2010

ആമ്സ്ടര്‍ഡാം - ഭാഗം1

കുറച്ചു നാളായിട്ടുള്ള ആഗ്രഹമായിരുന്നു ഹോളണ്ടിലെ (നെതര്‍ലാന്ഡ് ) അമ്സ്ടര്‍ഡാമില്‍ പോകണമെന്ന്. പ്രത്യേകിച്ച് അവിടുത്തെ തുളിപ്പ് ഗാര്‍ഡന്‍ കാണണം എന്ന്. ജര്‍മനിയുടെ പടിഞ്ഞാറു ഭാഗത്ത്‌ ഒട്ടി നില്‍ക്കുന്ന കൊച്ചു രാജ്യമാണിത്‌.
അങ്ങിനെ ആ സുദിനം വന്നു ചേര്‍ന്നു. ഒരു വ്യാഴാഴ്ചയാണ് തീരുനമാനിച്ചത്. ട്രെയിനില്‍ പോകാം, അതാകുമ്പോള്‍ ഇവിടുന്നു മൂന്നു മൂന്നര മണിക്കൂറെ ഉള്ളൂ. സാധാരണ വീകെണ്ട് ട്രിപ്പുകള്‍ പോകുമ്പോള്‍ വെള്ളിയാഴ്ചയെ കുറ്റീം പറിച്ചോണ്ട് പോകും, കാരണം രണ്ടു മുഴുനീള പകലുകള്‍ കിട്ടുമല്ലോ. ഒട്ടും സമയം നഷ്ടമാകില്ല. ഇക്കുറി ശനിയാഴ്ച രാവിലെ പോകാമെന്ന് വച്ചു.   ശനിയാഴ്ച രാവിലെ ഏതാണ്ട് ആറു മണിക്ക് ഇവിടുന്നു ICE ട്രെയിന്‍ ഉണ്ട്. അതിനു പോയാല്‍ പത്തു മണിക്ക് മുന്‍പ് അമ്സ്ടര്‍ഡാമില്‍ ഏത്തും. വെള്ളിയാഴ്ചരാത്രി ഹോട്ടല്‍ കാശു ലാഭം.:) എല്ലാം കണക്കു കൂട്ടി ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. സീറ്റും റിസേര്‍വ് ചെയ്തു. അങ്ങനെ ശനിയാഴ്ച രാവിലെ തന്നെ ട്രെയിനില്‍ കേറി പറ്റി. റിസേര്‍വ് ചെയ്ത സീറ്റില്‍ തന്നെ രണ്ടാമുറക്കത്തിനു ഇരുന്നു.

നേരത്തെ പറഞ്ഞിരുന്ന കാലാവസ്ഥ പ്രവചനത്തിന് വിപരീതമായി അകെ മൂടല്‍ മഞ്ഞും മഴയും. അതു കൊണ്ട് ട്രെയിന്‍ യാത്ര അത്ര കണ്ടു സുഖകരമായില്ല. ഹോളണ്ടിന്റെ ഗ്രാമക്കാഴ്ചകള്‍ എല്ലാം മൂടല്‍ മഞ്ഞില്‍ മാഞ്ഞു പോയി. പെട്ടെന്ന് എന്റെ ട്രെയിനിനെ ഭും.. എന്ന ശബ്ദം കൊണ്ട് പേടിപ്പിച്ചു മറ്റൊരു ട്രെയിന്‍ കടന്നു പോയി. ഈശ്വര, ഇതു തന്നെ 200 ലധികം സ്പീടിലാണ് പോകുന്നത്, അപ്പൊ ആ പോയ പണ്ടാരത്തിന്റെ സ്പീഡ് എന്താവും.......പാവം എന്റെ ഇന്ത്യ. ഇങ്ങനെയുള്ള ഓരോ 'അക്രമവും' കാണുമ്പോള്‍ ഞാന്‍ അറിയാതെ പറയുന്നതാണ് 'പാവം എന്റെ ഇന്ത്യ'.
പറഞ്ഞ സമയത്ത് തന്നെ ട്രെയിന്‍ ആമ്സ്ടര്ടാമില്‍ എത്തി. റെയില്‍വേ സ്റെഷന്റെ അകത്തു തന്നെ ടൂറിസ്റ്റ് ഇന്‍ഫോര്‍മേഷന്‍ കിട്ടുന്ന ഓഫീസ് ഉണ്ടായിരുന്നു. അവിടുന്ന് മാപ്പും മറ്റു വിവരങ്ങളും വാങ്ങി. ട്രെയിനിലും ബസ്സിലും ഫ്രീയായി പോകാവുന്ന ഒരു അമ്സ്ടര്ടാം കാര്‍ഡും എടുത്തു. ഈ കാര്‍ഡ് കാണിച്ചാല്‍ ചില മ്യുസിയത്തിലും മറ്റും ഇളവു കിട്ടുകേം ചെയ്യും, കൂടാതെ കനാലിലൂടെ ഒരു ബോട്ട് യാത്ര സൌജന്യം.


 അമ്സ്ടര്ടാം റെയില്‍വെ സ്റ്റേഷന്‍ 

 റെയില്‍വെ സ്റ്റേഷനും പരിസരവും 

നഗരത്തിന്റെ ഒരു ഏകദേശ രൂപം കിട്ടാന്‍ കുറച്ചു നേരം വെറുതെ നടക്കാമെന്ന് വച്ചു. മറ്റു യൂറോപ്പ്യന്‍ നഗരങ്ങളില്‍ നിന്നും എന്നെ ഏറ്റവും ആകര്‍ഷിച്ചത് ഇവിടുത്തെ കനാല്‍ സിസ്റ്റം ആണ്. ഒരു ഏകദേശ രൂപം കിട്ടാന്‍ നഗരത്തിന്റെ മാപ്പ് താഴെ ചേര്‍ക്കുന്നു.
 നീലയില്‍ അടയാളപ്പെടുത്തിയത് കനാലുകളാണ് 

മാലിന്യ വിമുക്തമായ കനാലുകളും അതിലൂടെ നിരന്തരം പാഞ്ഞു കൊണ്ടിരിക്കുന്ന സഞ്ചാര ബോട്ടുകളും അല്ലാത്ത ബോട്ടുകളും രസിപ്പിക്കുന്ന ഒരു കാഴ്ച തന്നെ. ചിത്രത്തില്‍ കാണുന്നത് പോലെ ഏതാണ്ട് 1500 -ലധികം പാലങ്ങളും കനാലുകളെ  ബന്ധിപ്പിച്ചു കൊണ്ട് ചിതറി കിടക്കുന്നു. സ്ട്രീടുകള്‍ക്ക് പേര് കൊടുക്കുന്ന പോലെ ഓരോ കനാലിനും പേരുണ്ട്, gentle mans കനാല്‍ , princes കനാല്‍ എന്നിങ്ങനെ. കനാലുകളുടെ ചരിത്രം പറയുകയാണെങ്കില്‍ ഏതാണ്ട് 17 - ആം നൂറ്റാണ്ടിലാണ് കനാലുകളുടെ നിര്‍മാണം ആരംഭിച്ചത്. വാണിജ്യാവശ്യങ്ങള്‍ക്കും സുരക്ഷയ്ക്കും കൂടിയാണ് കനാലുകളുടെ പണി ആരംഭിച്ചത്. പിന്നീട് പല വര്‍ഷങ്ങളിലായി ഓരോ കനാലുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു.

അങ്ങനെ നടന്നു നടന്നു എത്തിയത് I amsterdaam എന്നെഴുതി വച്ച ഒരു ഒരു പഴയ കെട്ടിടത്തിനു മുന്നിലായിരുന്നു.
I amsterdaam എന്നത് അമ്സ്ടര്ടാം ടൂറിസ്റ്റ് കാര്‍ഡിന്റെ പരസ്യം ആണെന്ന് തോന്നുന്നു. പിന്നെ മറ്റു ചിലയിടത്തും അതു കണ്ടു. മറ്റു സഞ്ചാരികളെപ്പോലെ അവിടെ നിന്നും കുറച്ചു ഫോട്ടോകള്‍ എടുത്തു. ഒരു പഴയ കെട്ടിടം കാപ്പിക്കട ആക്കിയതാണെന്ന് തോന്നുന്നു.

 കുറെ ഇന്ത്യന്‍ ചെക്കന്മാര്‍ അവിടെ കിടന്നും ഇരുന്നും ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു :)

അവിടെ നിന്നു നടന്നു കേറിയത്‌ റെഡ് സ്ട്രീറ്റില്‍ ആണ്. ഇതിനെക്കുറിച്ച്‌ ഞാന്‍ മുന്‍പ് ഇവിടെ എഴുതിയിട്ടുണ്ട്. അവിടെ നിന്നും എങ്ങനെയൊക്കെയോ തടി കേടാകാതെ പുറത്തു കടന്നു. ഇന്ന് തന്നെ അമ്സ്ടര്ടാമിലുള്ള മിക്ക സ്ഥലങ്ങളിലും പോണം. കാരണം നാളത്തെ ദിവസം ടുളിപ്പു ഗാര്‍ഡന്‍ കാണാന്‍ വേണ്ടി ഒഴിച്ചിട്ടിരിക്കയാണ്‌. അവിടുത്തേക്ക്‌ നഗര മധ്യത്തില്‍ നിന്നും കുറച്ചധികം ദൂരം ഉണ്ട്. ഒരു ദിവസം മുഴുവന്‍ വേണ്ടി വരും അവിടെ ചുറ്റാന്‍.

റെഡ് സ്ട്രീറ്റും കഴിഞ്ഞു ഇടുങ്ങിയ തെരുവുകളിലൂടെ പിന്നെയും കുറെ നടന്നു. കെട്ടിടങ്ങള്‍ തിങ്ങി നില്‍ക്കുന്നു. ഒരു സ്ഥലത്ത് എത്തിയപ്പോള്‍ കുറെയാളുകള്‍ കൂട്ടം കൂട്ടമായി നടന്നു പോകുന്നത് കണ്ടു, സഞ്ചാരികളാണ്. ഏതായാലും അവരുടെ പുറകെ നടന്നാല്‍ എന്തെങ്കിലും തടയാതിരിക്കില്ല. എത്തിപ്പെട്ടത് dam square എന്ന പബ്ലിക് സ്ഥലത്താണ്. അവിടെയാണ് റോയല്‍ പാലസും കുടാതെ ഒരു നാഷണല്‍ മോനുമെന്റും ഉള്ളത്. ഏതാണ്ട് 800 വര്‍ഷങ്ങളുടെ ചരിത്രം പറയാനുണ്ട്‌ ഈ സ്ഥലത്തിന്. ഇവിടെയുള്ള വെള്ള നിറത്തിലുള്ള കരിങ്കല്‍ സ്തൂപം രണ്ടാം ലോക മഹായുദ്ധകാലത്തെ ബലിയാടുകളുടെ ഓര്‍മ്മയ്കായി 1956 -ല്‍  (ഡച്ചു ആര്‍ക്കിടെക്റ്റ് ആയ JJP Oud ) പണിതതാണ്. 1945 ല്‍ ജര്‍മന്‍കാര്‍ ഇവിടെ വച്ചു കുറെ ഡച്ചുകാരുടെ നേരെ നിറയൊഴിച്ചിട്ടുണ്ട്. ഏതാണ്ട് നമ്മുടെ ജാലിയന്‍ വാലാബാഗ് സംഭവം പോലെ ഒന്ന്. ഏതായാലും എന്റെ യാത്രാ ദിവസം, കൊട്ടാരത്തിന്റെ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ആ ഭാഗത്തേക്ക്‌ പോകേണ്ടി വന്നില്ല :)


 അങ്ങകലെ മൂടിക്കെട്ടി വച്ചതാണ് റോയല്‍ പാലസ് :)

 
 നാഷണല്‍ മോനുമെന്റ്  

അവിടുന്ന് പോട്ടമൊക്കെ പിടിച്ച് വച്ചു പിടിച്ചു Anne Frank മ്യുസിയത്തിലേക്ക്. അന്നയെ ഓര്‍മയില്ലേ, നമ്മള്‍ സ്കൂളില്‍ പഠിച്ച ഡയറിക്കുറിപ്പുകള്‍..ആ കുറിപ്പുകളുടെ ഉടമ തന്നെ. ജുതന്മാരായ മാതാപിതാക്കള്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും 1933 -ല്‍  ഒളിച്ചോടി അഭയം തേടിയത് അമ്സ്ടര്ടാമില്‍ ആണ്. പക്ഷെ 1940 -ല്‍ നാസികള്‍ നെതര്‍ലാന്‍ഡ്‌ പിടിച്ചടക്കിയതോടെ വീണ്ടും അവര്‍ കഷ്ടത്തിലായി. ഇന്ന് മ്യുസിയമാക്കിയിരിക്കുന്ന ആ വീട്ടില്‍ ഒളിച്ചു പാര്‍ക്കെയാണ് അവരെ നാസികള്‍ പിടികൂടി കോണ്‍സെന്ട്രെഷന്‍ ക്യാമ്പിലേക്ക് അയച്ചത്. അന്ന ഡയറി എഴുതാന്‍ തുടങ്ങിയത് ഇവിടെ വച്ചാണ്.

 
 അന്നെ ഫ്രാങ്ക്  ഹൌസിനു മുന്നിലുള്ള ക്യു :(, തല്‍കാലം ഈ ഫോട്ടോ കൊണ്ട് തൃപ്തിപ്പെടു. 

പറയേണ്ടതൊക്കെ പറഞ്ഞു, പക്ഷെ കാണേണ്ടത് കണ്ടില്ല എന്ന് പറഞ്ഞാ മതിയല്ല്ലോ. ഞങ്ങള്‍ എത്തിയപ്പോള്‍ അതാ നീണ്ട ക്യു. ആ ക്യുവില്‍ നിന്നാല്‍ പിന്നെ ഇന്ന് വേറൊന്നും കാണാന്‍ പറ്റും എന്ന് തോന്നുന്നില്ല. അതു കൊണ്ട് മറ്റൊരു ദിവസത്തേക്ക് മാറ്റി. മറ്റൊരു ദിവസം ..അതുണ്ടാവുമോ എന്നൊന്നും അറിയില്ല. അങ്ങനെ ആ നഷ്ടവും പേറി കനാലിന്റെ തീരത്ത് കൂടെ അടുത്ത ലക്ഷ്യത്തിലേക്ക് നടന്നു. ഹൌസ് ബോട്ട് മ്യുസിയം കാണാന്‍ വേണ്ടി.അന്നയുടെ വീടിന്റെ അടുത്ത് തന്നെയാണ് അതു. എന്തോ സംഭവം ആണെന്ന് വച്ചാ പോയത്. പക്ഷെ അടുത്ത് പോയപ്പോഴാണ് മനസ്സിലായത്. നമ്മുടെ കേരളത്തിലെ ഹൌസ് ബോട്ടിന്റെ ഒരു അയലത്ത്  പോലും നിക്കില്ല. അതും ഒഴിവാക്കി കുറച്ചു കൂടി കനാല്‍ തീരത്ത് കൂടി നടന്നു.

 ഈ വല്യ ബോട്ടിന് അപ്പുറത്ത് കാണുന്ന ഇമ്മിണി വല്യ ബോട്ടാണ് ഹൌസ് ബോട്ട് മ്യുസിയം 


 

ഇന്ന് ആകെക്കൂടി ഗതി കെട്ട ദിവസം തന്നെ.ആ ഗതികേടിന്റെ അന്ത്യം രാത്രി ഒരു മണിക്കേ തീര്ന്നുള്ളൂ, അക്കഥ പിന്നെ പറയാം...
അടുത്ത ട്രാം സ്റ്റേഷനില്‍ നിന്നു ട്രാം പിടിച്ചു ബോട്ട് യാത്രക്കുള്ള സ്ഥലത്ത് എത്തി. ഏതായാലും ബോട്ട് യാത്രക്കുള്ള ഫ്രീ ടിക്കറ്റ്‌ ഉണ്ട്, അതു കഴിക്ക തന്നെ. വെറുതെ നടന്നു കാല് കഴക്കേം വേണ്ട.ഒരു വിധം എല്ലാ കാഴ്ചകളും കാണാം. ബോട്ടില്‍ കേറാനും നല്ല ക്യു ഉണ്ട്. പല ബോട്ട് സര്‍വീസുകള്‍ ഉണ്ട്, നഗരത്തിലെ മിക്കവാറും സ്ഥലം കാണാന്‍ പറ്റുന്ന ഒരു ബോട്ടില്‍ തന്നെ കേറി പറ്റി. ഏതാണ്ട് ഒന്നര മണിക്കൂര്‍ ബോട്ട് യാത്ര. പ്രധാന സ്ഥലങ്ങളെക്കുറിച്ച് റെക്കോര്‍ഡ്‌ ചെയ്ത വിവരണവും ഉണ്ടായിരുന്നു. അങ്ങനെ കനാലുകളില്‍ നിന്നു കനലുകളിലേക്ക്, ഓരോ പാലങ്ങളും കടന്നു കടന്നു ഒരു യാത്ര. ചെറിയ കനാലിലൂടെ അതി വിദഗ്ധമായി എങ്ങും തട്ടാതെ മുട്ടാതെ ഡ്രൈവര്‍ ഓടിച്ചു. ആ ബോട്ട് യാത്ര ശരിക്കും ആസ്വദിച്ചു. മൂടിക്കെട്ടിയ ആകാശമൊക്കെ പോയി നല്ല വെയിലും. കനാല്‍ തീരത്ത് ബിയര്‍ അടിക്കുന്നവര്‍ റ്റാറ്റയൊക്കെ തന്നു :). തിരിച്ചും.
കുറച്ചു പടങ്ങള്‍ ഇതാ.


 ബോട്ട് യാത്രയുടെ തുടക്കം ഇവിടെ നിന്നു 
 
 എന്തൊരു ഒരുമ. താഴെ ബോട്ട് , മുകളില്‍ ട്രാം. എത്ര കുറഞ്ഞ സ്ഥലത്ത് കൂടിയാണ് ബോട്ട് വരുന്നത് എന്ന് നോക്കൂ.


 
 ഈ ഫോട്ടോയില്‍ കനാലിലൂടെയുള്ള നാല് പാലങ്ങള്‍ കാണാം .

 
 സൈക്കിളും ബോട്ടുമാണ് കാറിനെക്കാളും ഡിമാന്റ് 
 
 കനാലിലേക്ക് കാലും നീട്ടി ബിയര്‍ അടിക്കുന്നവര്‍ :)

ഇനിയും എഴുതിയാല്‍ കുറച്ചു കൂടിപ്പോകും. വായിക്കുന്ന നിങ്ങള്‍ക്കും ബോറടിക്കും. അതു കൊണ്ട് ബാക്കി അടുത്ത ഭാഗത്തില്‍. ഇനിയും ഒരുപാടുണ്ട്-ഹോട്ടല്‍ തേടിയലഞ്ഞ കഥ (ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷാപ്പില്‍ പോയില്ലട്ടോ (പ്ലീസ് ചിരിക്കൂ :)), വിന്ഡ് മില്ലുകള്‍ പിന്നെ തുളിപ്പ് ഗാര്‍ഡന്‍. പൂക്കളുടെ ഫോട്ടോസ് ...അപ്പൊ ഇനി അധികം വൈകാതെ കാണാം. (ഈശ്വര ദൈവമേ ..എന്നാണാവോ)

23 June 2010

ഫാദേര്സ് ഡേ!

ഒരു ഫാദേര്സ് ഡേ കൂടി കടന്നു പോയി. പലരും അച്ഛന്മാരെ വിളിച്ചു ആശംസകള്‍ പറഞ്ഞു കാണും. പലരും പോയി കണ്ടു കാണും. തുറന്ന ഇന്റര്‍നെറ്റ്‌ പെജിലെല്ലാം അച്ഛന്മാരുടെ കഥകളാണ്. സ്വന്തം ജീവന്‍ നോക്കാതെ മകളെ രക്ഷിക്കാന്‍ ഇറങ്ങിയ അച്ഛന്‍, അച്ഛന്റെ വിരല്‍ തുമ്പ് പിടിച്ചു നടന്ന ഓര്‍മ്മകള്‍ ചിലര്‍ക്ക്..അങ്ങനെ പലതും. അതെ അച്ഛനെ ഓര്‍ക്കാനും ഒരു ദിവസം!

ഞാനും ഓര്‍ത്തു ഒരച്ഛനെക്കുറിച്ച്. കൊച്ചു നാള്‍ മുതല്‍ മനസ്സില്‍ മുറിപ്പാടായി വേദനിക്കുന്ന ഒരു അച്ഛന്റെ ചിത്രം എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അതു ഓര്‍ക്കുമ്പോള്‍ എപ്പോഴും ഒരു ഗദ്ഗദം തികട്ടി വരാറുണ്ട്. 

ഞാന്‍ ഏതാണ്ട് അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സംഭവം. സ്കൂളില്‍ എന്റെ തൊട്ടു ജൂനിയര്‍ ആയി ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. രവിത എന്നാണ് പേര്. മറ്റൊരു സ്കൂളില്‍ നിന്നു മാറി വന്നതാണ്‌. അങ്ങനെ വന്നതാണെങ്കില്‍ കൂടി, അവള്‍ വളരെ പെട്ടെന്ന് മറ്റു കുട്ടികളുടെ കൂട്ടത്തില്‍ കൂടി. അവളോട്‌ എല്ലാര്ക്കും ഒരു പ്രത്യേക സ്നേഹ വാത്സല്യം ഉണ്ടായിരുന്നു. കാരണം ആ കുട്ടിക്ക് അമ്മയില്ല. അമ്മ അനുജത്തിക്ക് ഒരു വയസ്സ് തികയും മുന്‍പ് തന്നെ മറിച്ചു പോയി. അനിയത്തിയെ പാലൂട്ടുമ്പോള്‍ ഭ്രാന്തന്‍ നായ കടിച്ചാണത്രെ മരിച്ചത്, രവിത തന്നെ പറഞ്ഞതാണ്‌.
ആകെയുള്ളത് ഈ കുഞ്ഞനുജത്തിയും ഒരു ഏട്ടനും അച്ഛനും മാത്രം. പറയത്തക്ക മറ്റു ബന്ധുക്കള്‍ ഇല്ല. അമ്മ നേരത്തെ മരിച്ചത് കൊണ്ട്  ആ വീടിന്റെ ഉത്തരവാദിത്വം ഈ പെണ്‍കുട്ടി ഏറ്റെടുത്തു, കൊച്ചു നാളില്‍ തന്നെ. അതു കൊണ്ട് തന്നെ പ്രായത്തില്‍ കവിഞ്ഞ പക്വതയും ഉണ്ട്. കുഞ്ഞനുജത്തിയുമായി രവിതക്ക് ഏതാണ്ട് 5 വയസ്സിന്റെ വ്യതാസം ഉണ്ട്.

അച്ഛന്‍ കൂലിപ്പണിക്ക് പോകും. അങ്ങനെ വീട്ടില്‍ ഒറ്റക്കാവുന്ന സമയങ്ങളില്‍ ഈ കുഞ്ഞു പെങ്ങളെ അവള്‍ സ്കൂളില്‍ കൊണ്ട് വരാറുണ്ടായിരുന്നു. ഇന്റര്‍വെല്‍ സമയങ്ങളില്‍ മറ്റു കുട്ടികളുടെ കളിക്കും. മറ്റു സമയങ്ങളില്‍ (ചിലപ്പോള്‍ ടീച്ചര്‍മാര്‍ ഒന്നാം ക്ലാസ്സില്‍ വെറുതെ ഇരുത്താറുണ്ട്) സ്റ്റാഫ്‌ റൂമിന് സമീപം ഇരുന്നും മറ്റും നേരം കൂട്ടും, വൈകിട്ട് ചേച്ചിയുടെ കൂടെ വീട്ടിലേക്ക്. ഞങ്ങള്‍ കുട്ടികള്‍ക്ക് അവള്‍ കണ്ണിലുണ്ണി ആയിരുന്നു. എനിക്കിപ്പോഴും ഓര്‍മയുണ്ട്. പുള്ളിയുടുപ്പിട്ടു, കോലന്‍ മുടി രണ്ടായി പകുത്തു കെട്ടി, കറുത്ത പൊട്ടും , അതു കൂടാതെ കവിളില്‍ ഒരു സുന്ദരികുത്തും. ഇളം നിറമുള്ള ഒരു കൊച്ചു പെണ്‍കുട്ടി. എന്തെങ്കിലും ചോദിച്ചാല്‍ ചേച്ചിയുടെ പുറകില്‍ മറയും. അങ്ങനെ കുറെ നാള്‍ കഴിഞ്ഞു.

ഒരു ദിവസം ഈ കുഞ്ഞു പെണ്‍കുട്ടിക്ക് പനിയും ചര്‍ദ്ദിയും ഒക്കെ കൂടി അസുഖം കലശലായി. അവരുടെ വീട്ടില്‍ നിന്നു പട്ടണത്തിലെ മുഹമ്മദ്‌ ഡോക്ടറുടെ (ആ പ്രദേശത്ത് അന്ന് ഡോക്ടറായി മുഹമ്മദ്‌ ഡോക്ടര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ) അടുത്തേക്ക് കുറെ ദൂരം ഉണ്ട്. സ്കൂളിനു മുന്നിലൂടെ ഏതാണ്ട് 3 -4 കിലോമീറ്റര്‍ നടന്നു വേണം അടുത്ത മെയിന്‍ ബസ്‌ സ്ടോപ്പിലെത്താന്‍. അവിടുന്ന് 6 കിലോമീറ്റര്‍ അകലെയുള്ള പട്ടണത്തില്‍ ബസ്സ് പിടിച്ചു പോണം.

ആ അച്ഛന്‍ ഈ ദൂരമത്രയും ആ കൊച്ചു പെണ്‍കുട്ടിയെ തോളിലേന്തി പട്ടണത്തിലേക്ക് പോയി. മുഹമ്മദു ഡോക്ടറുടെ അടുത്ത് എത്തിയപ്പോഴേക്കും രവിതയുടെ കുഞ്ഞു പെങ്ങള്‍ അവളുടെ അമ്മയുടെ അടുത്തേക്ക് പോയിരുന്നു. പട്ടണത്തില്‍ നിന്നു തിരിച്ചു വീട്ടില്‍ എത്തണം. ഒരു വണ്ടി പിടിക്കാന്‍ കൂലിപ്പണിക്കാരനായ അയാളുടെ കയ്യില്‍ കാശൊന്നും ഉണ്ടാവില്ല. എങ്കിലും ഒന്ന് ശ്രമിച്ചാല്‍ ഏതെങ്കിലും നാട്ടുകാരുടെ സഹായത്തോടെ ഒരു വാഹനത്തില്‍ വീട്ടില്‍ എത്തിക്കാം. പക്ഷെ അയാള്‍ അതിനു നിന്നില്ല. ആ അച്ഛന്റെ മാനസികാവസ്ഥ ചിലപ്പോ അങ്ങനെ ചെയ്യാനൊന്നും തോന്നിച്ചില്ല.

ഒന്നും സംഭവിക്കാത്തത് പോലെ അയാള്‍ ബസ്സില്‍ കേറി മെയിന്‍ ബസ്ടോപ്പില്‍ എത്തി. അവിടുന്ന് വന്ന പോലെ ആ മോളെ തോളിലേറ്റി വീട്ടിലേക്കു നടന്നു. വഴിക്ക് വച്ചു ആരോ ചോദിച്ചു 'കുട്ടിക്ക് എങ്ങനെയുണ്ടെന്നു'. പൊതുവേ അധികം സംസാരിക്കാത്ത പ്രകൃതമായ അയാള്‍, 'ഒന്നുമില്ല' അല്ലെങ്കില്‍ 'പോയി' എന്ന ഭാവത്തോടെ അയാള്‍ കൈ കൊണ്ട് എന്തോ ആഗ്യം കാണിച്ചു. ചോദിച്ചയാളും അത്ര ശ്രദ്ധിച്ചില്ല. സ്കൂളിനു മുന്നിലുള്ള റോഡിലൂടെയാണ്‌ ചേതനയറ്റ മകളുടെ ദേഹവും തോളിലേറ്റി അയാള്‍ പോയത്. ചില കുട്ടികളും മാഷന്മാരും അതു കാണുകയും ചെയ്തു. പക്ഷെ അവര്‍ക്കറിയില്ലല്ലോ സത്യം.

അന്ന് സ്കൂളിനു അവധി പ്രഖ്യാപിച്ചു. ഞാനും കുട്ടികളുടെ കൂട്ടത്തില്‍ പോയി, ആ കുഞ്ഞു മോളെ ഒരു നോക്കു കാണാന്‍. തേക്കാതെ, മങ്കട്ടകള്‍ കൊണ്ടുള്ള ആ കൊച്ചു വീടിന്റെ കോലായില്‍ ഒരു പായയില്‍ കിടത്തിയിരുന്നു ആ കുഞ്ഞിന്റെ ദേഹം. ഒരു വെള്ളപ്പുതപ്പു പോലും ഇല്ലാതെ. കവിളിലുള്ള സുന്ദരിക്കുത്ത് അപ്പോഴും മാഞ്ഞിരുന്നില്ല. പായയുടെ ഒരറ്റത്ത് തളര്‍ന്നു കിടക്കുകയായിരുന്നു ആ അച്ഛന്‍ !

ആ ദൃശ്യം എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍ നിന്നു മായുന്നില്ല. ഹൃദയം കൊത്തിപ്പിളര്‍ന്നു കൊണ്ട് ചിലപ്പോ ആ ഓര്‍മ്മകള്‍ വരും.

മരണം ചിലപ്പോ അങ്ങനെയാണ്  പ്രവചിക്കാന്‍ വയ്യാതെ, മുഖം നോക്കാതെ.
അറുത്തെടുക്കുന്നത് ജീവന്‍ മാത്രമായിരിക്കില്ല. ആ ജീവന്റെ ചുറ്റുമുള്ള മനസ്സുകളും.

21 June 2010

അച്ചമ്മ

ഇന്നലെ എന്തോരാളായിരുന്നു. എല്ലാരും ഉണ്ടാരുന്നു. വല്യംമേം അമ്മേം ഇളയമ്മമാരും പിന്നെ വല്യച്ചന്മാര്‍, ഇളയച്ചന്മാര്‍...കുറെ കുട്ട്യോള്‍..നിറയെ എന്ന് പറയുന്നതാവും ശരി. കൂടെ അച്ചമ്മെം ഉണ്ടാരുന്നു (പക്ഷെ അച്ചമ്മ മരിച്ചിട്ട് ഏതാണ്ട് 19 വര്‍ഷമായി) പാല് കാച്ചലിന് വന്നതാ എല്ലാരും. അച്ചമ്മയാണ് പാല് കാച്ചുന്നത്. പതിവ് ചിട്ട പ്രകാരം പാല് കാച്ചി , പക്ഷെ പാല് തിളച്ചു പൊങ്ങുമ്പോള്‍ അതില്‍ കുറെ വെളുത്ത ബ്രെഡ്‌ കഷ്ണങ്ങള്‍ ഇട്ടു കോരിയെടുത്തു.
ഞാന്‍ 'അയ്യേ എന്തിനാ അച്ചമ്മേ ഇതു' എന്ന് ചോദിച്ചു..
അച്ചമ്മ പറഞ്ഞു, ഒക്കെ കുട്ട്യോള്‍ക്ക്..എന്നിട്ട് എനിക്കൊരെണ്ണം എടുത്തു തന്നു. ഞാനിതു വരെ തിന്ന ഒന്നിനും അത്രേം രുചി ഇല്ലായിരുന്നു. അത്രയ്ക്ക് തേനുറുന്ന രുചി. പിന്നെ എല്ലാരും കുട്ടികളുടെ കാര്യങ്ങള്‍ പറഞ്ഞു അച്ചമ്മ അമ്മയെപ്പറ്റി പറഞ്ഞു
'ഹ്മ്മ പണ്ട് ഇവളുടെ കുട്ടികളെ ആരെങ്കിലും ഒന്ന് തൊട്ടാ മതി ഇവക്കു പിടിക്കില്ല നല്ലോണം പറയും'.
അമ്മ നോക്കി ചിരിച്ചു. അങ്ങനെ പലതും പറഞ്ഞു പറഞ്ഞു നേരം പോക്കി....പക്ഷെ, പിടി കിട്ടാത്തത് , എന്തിനാ മരിച്ചവര്‍ തിരിച്ചു വരുന്നത് ? അതും ഇത്രേം വര്ഷങ്ങള്‍ കഴിഞ്ഞു ? സ്വപ്നത്തിലാണെങ്കില്‍ കൂടി...


അച്ചമ്മ അങ്ങനെയാണ് , ചിലപ്പോള്‍ സ്നേഹം കൊണ്ട് പൊതിയും, ചിലപ്പോള്‍ വഴക്ക് പറഞ്ഞു ഓടിക്കും. അച്ചമ്മയെപ്പറ്റിയുള്ള മധുരമായ ഓര്‍മ്മകളില്‍ ഏറ്റവും മധുരമുള്ളതു സ്കൂള്‍ അവധി ദിവസങ്ങില്‍ തറവാട്ടില്‍ പോകുമ്പോള്‍ അച്ചമ്മ ഞങ്ങള്‍ക്കായി സൂക്ഷിച്ചു വച്ച ചക്കയപ്പം, തേനുരുന്ന പഴുത്ത മാങ്ങകളും ഒക്കെയാണ്. വേനലവധിക്കാലത്തും മറ്റു അവധി ദിവസങ്ങിലും എടത്തില്‍ ഞാനും അച്ഛമ്മയുടെ മറ്റു ചെറുമക്കളും ഉണ്ടാകും. ഞങ്ങള്‍ക്ക് തരാന്‍ അച്ചമ്മ പഴുത്ത മാങ്ങകള്‍ ഭരണികളില്‍ ഇട്ടു വച്ചിരിക്കും. എടത്തില്‍ കേറിയ ഉടനെ ' അച്ചമ്മേ മാങ്ങാ ഇല്ലേ' എന്നാ ഞങ്ങള്‍ ചോദിക്കുക.

വിശാലമായ ഒരു പറമ്പിനു നടുവില്‍ ആയിരുന്നു എടം എന്ന് പറയുന്ന അച്ഛന്റെ തറവാട്. (ആ പേരിനു കാരണമൊന്നും ആര്‍ക്കും അറിയില്ല. ഏടത്ത്തിനു ചുറ്റുമുള്ള മറ്റു വീടുകളെ കേക്കേടം (കിഴക്കേടം), പടിഞ്ഞാറെടം എന്നൊക്കെ വിളിച്ചിരുന്നു) അതിനു മുന്നില്‍ നീണ്ടു കിടക്കുന്ന വയലുകള്‍. വയലുകളെ രണ്ടായി പകുത്തു കൊണ്ട് കൈതകള്‍ പൂക്കുന്ന ഒരു തോട്. തോടിനപ്പുറത്തു ഒരു കാവും. കാവെന്നു പറഞ്ഞാല്‍ ചെറുതൊന്നുമല്ല. കുറച്ചു വലുത് തന്നെയാണ് . കൂടാതെ അതു മുഴുവന്‍ കാടാണ്. പ്രത്യേകിച്ച് ആരാധനയോ, പൂജകളോ ഇല്ല. സങ്ക്രാന്തിക്കും വിഷുവിനുമൊക്കെ നാട്ടുകാര്‍ പോകും. വൈകുന്നേരങ്ങളില്‍ മൈക്കില്‍ പാട്ട് വയ്ക്കും. അവിടുത്തെ ഓരോ വള്ളികളുടെയും വണ്ണം ഏതാണ്ട് ഒരു കൊച്ചു കുട്ടിയുടെ അത്രേം വരും. കാവിനു തൊട്ടടുത്ത്‌ തന്നെയാണ് ഞാന്‍ യു പി വരെ പഠിച്ചിരുന്ന സ്കൂളും അതിന്റെ വിശാലമായ മൈതാനവും. മൈതാനത്തിന്റെ അറ്റത് നന്നായി തേച്ചു കെട്ടിയ ഒരു കിണര്‍. കിണറിനടുത്ത് കഞ്ഞിയൊക്കെ ഉണ്ടാക്കുന്ന ഒരു ക്വട്ടെര്സ്. സ്കൂളിനു മുന്നില്‍ അസംബ്ലി കൂടുന്നതിനടുത്തു ഒരു മാവുണ്ട്, 'കുടമാവ്‌'. കുട പോലെ തന്നെ.
ഇത്രയും കാഴ്ചകള്‍ തറവാട്ട്‌ മുറ്റത്ത്‌ നിന്നു നോക്കിയാല്‍ കാണാം.

മൂവാണ്ടന്‍, മല്‍ഗോവ, പുളിയന്‍ മാങ്ങ,നമ്പ്യാര്‍ മാങ്ങ എന്ന് തുടങ്ങി ഒട്ടുമിക്കവാറും എല്ലാ മാങ്ങകളും അവിടെ അന്നുണ്ടായിരുന്നു. തറവാട്ടിന്റെ തെക്ക് ഭാഗത്ത്‌ ഒരു 'തൊണ്ടന്‍' മാവുണ്ടായിരുന്നു. തൊണ്ടന്‍ എന്ന് വിളിക്കാന്‍ കാരണം അതു കുറെ വയസ്സായ ഒരു മാവാണ്. മാങ്ങയൊന്നും കിട്ടില്ല. ഊഞ്ഞാലുകള്‍ സ്ഥിരമായി ആ മാവില്‍ കെട്ടാറുള്ളത് കൊണ്ട് അതിനെ ഊഞ്ഞാല്‍ മാവു എന്നും വിളിച്ചു.

അച്ഛമ്മയുടെ കാര്യം പറഞ്ഞാല്‍, അച്ചമ്മ വയ്ക്കുന്ന അല്ലെങ്കില്‍ എടത്തില്‍ ഉണ്ടാക്കുന്ന കറികള്‍ക്കെല്ലാം പ്രത്യേക സ്വാദായിരുന്നു. പ്രത്യേകിച്ച് മാങ്ങ കൂട്ടാന്‍, മാങ്ങ പിരക്ക്, ചക്ക മോളീഷ്യം. അതിപ്പോഴും നാവില്‍ ഉള്ളത് പോലെ.

തറവാടിന്റെ പുറകു വശം കുന്നാണ്‌ , അതിനെ വല്യടം പറമ്പ് എന്ന് പറയും. അതു ആത്മാക്കളുടെ മാത്രം കേന്ദ്രം.
അന്നൊരു ദിവസം... വല്യടം പറമ്പില്‍ വിറകിനായി ഒരു മരം വെട്ടിയിരുന്നു. കുറെ പെണ്ണുങ്ങള്‍ ഉണ്ട് വിറകു കടത്താന്‍. മേല്‍നോട്ടം വഹിക്കുന്നത് അച്ചമ്മ.എല്ലാരും തലയില്‍ 'തെരിയ' വച്ചു വിറകു കടത്തുന്ന കണ്ടപ്പോള്‍ എനിക്കും ഒരു പൂതി. അങ്ങനെ അച്ഛമ്മയോട്‌ കുത്തി കുത്തി ചോദിച്ചു ഞാനും പെണ്ണുങ്ങളുടെ കൂടെ കൂടി. ചെറിയ കൊള്ളികള്‍ തെരിയയില്‍ വച്ചു ഞാനും കടത്തു തുടങ്ങി. ഒരു വീട് കടന്നു വേണം ഇടത്തില്‍ എത്താന്‍. എല്ലാ പെണ്ണുങ്ങളും അവരുടെ മുറ്റത്ത്‌ കൂടി പോകാതെ, മുറ്റത്തിന് താഴെയുള്ള വഴിയിലൂടെയാണ് പോകുന്നത്. മുറ്റത്തൂടെ പോയാലാണ് കൂടുതല്‍ എളുപ്പം. ഞാന്‍ എളുപ്പപ്പണി നോക്കി മുറ്റത്തു കൂടി കടത്തു തുടങ്ങി. രണ്ടാമത്തെ കടത്തിന് ആ വീട്ടില്‍ നിന്നു അവിടത്തെ ദെച്ചുഅച്ചമ്മ ഇറങ്ങി വന്നു,

'നിന്നോടാരാ പറഞ്ഞെ ഇലൂടെ വിറകു കടത്താന്‍..' ..പിന്നെയും എന്തൊക്കെയോ...ഒന്നും മനസ്സിലായില്ല.

ഞാന്‍ തലയിലെ ഒറ്റക്കൊളിയും ഇട്ട് ഓടടാ ഓട്ടം. എന്നാലും ഒന്ന് മുറ്റത്തൂടെ വിറകു കൊണ്ടോയെനു ഇത്രേം ചീത്ത പറയണോ. ഞാന്‍ അച്ഛമ്മയോട്‌ ചിണുങ്ങിക്കൊണ്ട് കാര്യം പറഞ്ഞു. അച്ഛമ്മക്കും ദേഷ്യം വന്നു.

'എന്താ ..അന്റെ കുട്ടി ഒന്ന് ഇലൂടെ പോയെന് നീ ഇത്രേം പറയണോ ദെചൂ ..'

അങ്ങനെ തുടങ്ങി അതൊരു മുട്ടന്‍ വഴക്കില്‍ കലാശിച്ചു. കുറെ കഴിഞ്ഞാണ് സംഭവം എനിക്ക് പിടി കിട്ടിയത്. ഞാന്‍ വിറകു കടത്തിയത് വടക്ക് നിന്നു തെക്കോട്ടായിരുന്നത്രേ. തെക്കോട്ട്‌ വിറകു കൊണ്ട് പോകരുത് പോലും..

പിന്നൊരു മഴക്കാലം. മഴ തകര്‍ത്തു പെയ്യുന്നുണ്ട്. രാവിലെ എടത്തിലേക്ക് വരുമ്പോള്‍ മഴയില്ലായിരുന്നു. അതു കൊണ്ട് കുടയും എടുത്തില്ല. ഉച്ചയ്ക്ക് വെള്ളരിക്ക പുളിങ്കറിയൊക്കെ കൂട്ടി ചോറുണ്ടു.
കളിയ്ക്കാന്‍ ഇന്നാരുമില്ല. മഴയത്ത് സര്‍ക്കീട്ടും നടക്കില്ല. അതു കൊണ്ട് വീട്ടില്‍ പോയി പഴേ പൂമ്പാറ്റയോ മറ്റോ വായിക്കാം.

' അച്ചമ്മേ ഒരു കുട തര്വോ ?'
'ഇപ്പൊ പോണ്ട, മഴ കയിഞ്ഞിട്ട്‌ പോകാം. ഈടയാണെങ്കില്‍ ഒരു കുടയെ ഉള്ളൂ. അതെനക്ക് വേണ്ടേ? '
'ഉം ..വെറുതെ പറയുന്നതാ. ഞാന്‍ കുട എട്യെങ്കിലും കൊണ്ടോയി കളയുന്നു പേടിച്ചിട്ടല്ലേ..എനിക്കറിയാം '
'നിന്നോടല്ലേ പറഞ്ഞെ..അട എട്യെലും മിണ്ടാണ്ട്‌ ഇരുന്നാട്ടെ..'

കുറെ കെഞ്ചി നോക്കി. കാര്യണ്ടായില്ല. എനിക്ക് നല്ല സങ്കടോം വാശീം ഒക്കെ കൊമ്പ് കോര്‍ത്ത്‌ വന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. അച്ചമ്മ അകത്തു പോയ നേരത്ത്, എടുത്തു പെയ്യുന്ന ആ മഴയത്ത് ഇറങ്ങി ഒറ്റ നടത്തം. കൈയും വീശി, വരമ്പത്തൂടെ ഒറ്റയ്ക്ക്. വീട്ടില്‍ അങ്ങനെ വന്നു കേറാന്‍ ധൈര്യം ഉണ്ടായില്ല. ഇങ്ങനെ മഴേം നനഞ്ഞു വന്നതിനു അമ്മയുടെ കയ്യീന്ന് കണക്കിന് കിട്ടും. അതുകൊണ്ട് കൊച്ചു വിറകു പുരയില്‍ കേറി ഉടുപ്പൊക്കെ പിഴിഞ്ഞ് അതു കൊണ്ട് തലയും തോര്‍ത്തി. ഇടയ്ക്കു അമ്മ കാണാതെ എങ്ങനെയോ വീട്ടില്‍ കേറിപ്പറ്റി....

ആ മഴ ഇന്നും പെയ്യുന്നു. ഓര്‍മകളില്‍. മഴയുടെ കൂടെ അച്ഛമ്മയും.

ആ നാട് വിട്ടിട്ടു ഏറെക്കാലമായി.നാടിന്‍റെ മാറ്റങ്ങള്‍ അറിയില്ല. മനപ്പുര്‍വ്വം ആ യാത്രകള്‍ ഒഴിവാക്കി, ആ ഓര്‍മ്മകള്‍ മായാതിരിക്കാന്‍. എനിക്കറിയാം ഞാന്‍ അന്ന് കണ്ട്‌ ജീവിച്ച നാടായിരിക്കില്ല അതിന്നു എന്ന് .

പക്ഷെ, ഒരു തിരിച്ചു പോക്കുണ്ടെങ്കില്‍ എന്നെ അതിനു പ്രേരിപ്പിക്കുന്നത് ആ നാടിന്റെ ഓര്‍മ്മകളാണ്.

രാത്രിയില്‍ അടച്ചിട്ട ജനവാതിലില്‍ കൂടി ഒഴുകിയെത്തുന്ന, ഞാനെന്നും കേള്‍ക്കുന്ന പേരറിയാത്ത ആ ഈണം കാവിലെ സന്ധ്യ നേരത്തുള്ള പാട്ടുകളുടെ ഈണമായിരുന്നു.

ചില മഴ പെയ്യുന്ന സായന്തനങ്ങളില്‍ ഞാന്‍ അനുഭവിക്കുന്ന എങ്ങു നിന്നോ വരുന്ന ആ മണം കാവിലെ കെട്ടടങ്ങുന്ന, മണ്‍ ചിരാതിനോട് ഒട്ടിയ തിരിയുടെ നേര്‍ത്ത മണമായിരുന്നു.

ഉറക്കത്തിലേക്കു വഴുതുമ്പോള്‍ ഞാന്‍ കേള്‍ക്കുന്ന ചെണ്ടകൊട്ടിന്റെ ശബ്ദം, ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ രാത്രിയില്‍ തുള്ളുന്ന പൊട്ടന്‍ തെയ്യത്തിന്റെ പതിഞ്ഞ പാട്ടും ചെണ്ടയുടെ നേര്‍ത്ത അലച്ചിലും ആയിരുന്നു.

ഞാന്‍ കാണുന്ന ഓരോ മഴക്കും ആ ഗ്രാമത്തിന്റെ മുഖമായിരുന്നു !!

********

(എന്താണ് എഴുതിയതെന്നു എനിക്ക് തന്നെ അറിയില്ല. ഏത് വിഭാഗത്തില്‍ പെടുത്താം എന്നും വല്യ നിശ്ചയം ഇല്ല..)

8 June 2010

ഞാനും മാതൃഭുമിയില്‍...

ഇനിയിപ്പോ ' ഫോര്‍ ദി പീപ്പിള്‍ ....' എന്ന പോസ്റ്റ്‌ വായിക്കാന്‍ ആരും ജാലകത്തില്‍ ക്ലിക്കണ്ട.
മാതൃഭുമിയില്‍ നേരിട്ട് ലിങ്ക്. ഇതാ ഇങ്ങനെ :



ആരാണ് എങ്ങനെയാണു എന്നൊന്നും എനിക്കറിയില്ല. ചേച്ചിപ്പെണ്ണ് പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്. എന്തായാലും സന്തോഷം. കാര്യായി ഒന്നും എന്റെ ബ്ലോഗിലില്ലെങ്കിലും...എഴുതാന്‍ തുടങ്ങുന്നതിനു മുന്‍പ് ഇങ്ങനനേല്‍ ഒരു പത്തു പോസ്റ്റ്‌ തികയുമ്പോള്‍ എന്താവും കഥ...ആഹാ..(മലര്‍പ്പൊടിക്കാരിയുടെ സ്വപ്നം ... ;)


അറിയിപ്പ് : ഇതിനുത്തരവാദി ഈ ബ്ലോഗുലകത്തില്‍ ഉണ്ടെങ്കില്‍ ഉടന്‍ ആലീസിന്റെ കണ്ണാടിക്കു മുന്‍പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ് (പ്ലീസ് , റിപ്പോര്‍ട്ട്‌ ചെയ്യു. അല്ലെങ്കില്‍ ഞാന്‍ ഞാന്‍ ഈ കണ്ണാടി നോക്കി കുട്ടിക്ക്യുറ പൌടെര്‍ ഇടും )
എന്ന്
(ഒപ്പ് )

Related Posts with Thumbnails