6 July 2014

പൊട്ടാസുകൾ പൊട്ടിക്കുന്നത്

പണ്ട്
പൊട്ടാസ് തോക്കിലിട്ട്
എത്ര പേരെ കൊന്നിരിക്കുന്നു.

ഇന്നു
അതുപോലൊന്നെങ്കിലും ഉണ്ടെങ്കിൽ
എത്ര പേരെ കൊല്ലാനുണ്ട്.

മനുഷ്യരെ കൊല്ലുംമ്മുന്നേ
ദൈവങ്ങളെ കൊല്ലേണ്ടതുണ്ട്.
മെച്ചമെന്തെന്നു വച്ചാൽ,
അവര്ക്കാർക്കും
പരിചകളും ബുള്ളറ്റ് പ്രൂഫുകളുമില്ല.
എളുപ്പമായിരിക്കും.

ആയിരം കൈകളിൽ
പരിചകളും ആയുധങ്ങളും
പലതരം പ്രൂഫുകളും
വാഴത്തപ്പെടലുകളുമായി
നിറഞ്ഞിരിക്കുന്ന മനുഷ്യനെ
ചൂണ്ടുന്നതെങ്ങനെ?

പിന്നെയുള്ളതു മൃഗങ്ങളാണു.
പതിവുപോലെ ഞാനൊടുക്കം
അവയെ തേടിത്തന്നെയാകും പോവുക.

ആശ്വാസമുണ്ടിപ്പൊ.
ആശ്വാസത്തിൽ നിന്നെനിക്കു പതിവുപോലെ
ആദർശങ്ങളെ വീണ്ടെടുക്കാനായേക്കും.


എങ്കിലും ആദ്യത്തെ വരിയിലെവിടേയോ
പൊട്ടാസുകൾ എന്നെ നോക്കി പൊട്ടുന്നു.

3 March 2014

തേങ്ങ, പൊതിക്കൽ

തേങ്ങ പൊതിക്കുന്ന നേരത്താണു ചോദ്യം
എന്താനമുട്ടയാടൊ നീയൊക്കെ ഉണ്ടാക്യേ? 

ഞാനൊന്നീ തേങ്ങ പൊതിച്ചു തീർത്തോട്ടങ്ങുന്നെ,
എന്നിട്ടു പോരെ?

തേങ്ങ
ഒരുഗ്രൻ പൊതിക്കെട്ടെന്നു
ഞാൻ മനസ്സിലാക്കി വരുമ്പോഴായിരുന്നു
ഇറങ്ങിപ്പോകുന്ന മുറുക്കാൻ
ആഞ്ഞു കാർക്കിച്ച് 
മുറുക്കാന്റെ കൂടെയുള്ളൊരാ
വഴുവഴുക്കൻ ചോദ്യം.
ചാരുകസേര ഒന്നു കിരുങ്ങി.

തേങ്ങയുടെ പൊതിത്തരത്തെക്കുറിച്ചു
ഘട്ടമായി പഠിച്ചു വരുന്ന കാര്യവും
ചകിരികൾ കൂട്ടിവെച്ചാലുള്ള ബലത്തെക്കുറിച്ചും
തുറിച്ചു നോക്കുന്ന
മൂന്നു കണ്ണിന്റെ കാഠിന്യത്തെക്കുറിച്ചും
വളരെ കഷ്ടപ്പെട്ടാണു
പൊതിത്തരത്തിന്റെ തൊട്ടു താഴെ
നമ്പറിട്ടു മഷികുടഞ്ഞുഞാനെഴുതിയതു.

പൊതിച്ചു തീർന്നിട്ടു വേണം
അകം തുളച്ചു നോക്കാനെന്നു
കുറിച്ചിട്ടിരിക്കയായിരുന്നു ഞാൻ.
തേങ്ങകൾ കാതോടു ചേർത്തു
മാറി മാറി കുലുക്കി
നീരിന്റെ തിരയിളക്കവും
പൊങ്ങിന്റെ അതിക്രമങ്ങളും
ഞാൻ മനക്കോട്ടകൾ കെട്ടി.

നാലു തേങ്ങകൾ
അതാണിനി ബാക്കിയുള്ളതു.
അതു തീർക്കുമ്മുന്നെയാണീയക്രമം.
വീണ്ടും തികട്ടുന്നൊരു
ചുണാമ്പു വഴുവഴുപ്പൻ ചോദ്യത്തിന്റെ കൂടെ
ഞാനായിട്ടിനി തെളിനീരു കലക്കേണ്ടെന്നും തോന്നി. 

ഇല്ല.
പൊതിച്ചു തീർക്കാൻ വിടില്ല.

ആനമുട്ടയല്ലെടൊ അങ്ങുന്നെ,
അതുണ്ടാക്കാൻ നാളിത്തിരി പിടിക്കുമെന്നു പറഞ്ഞതു
ചെഞ്ചോപ്പൻ നാക്കിനറ്റം കാണാനായിരുന്നില്ല.
തേങ്ങപിളർന്നാ തെളിനീരു മുഖത്തടിക്കാനായിരുന്നു.

Related Posts with Thumbnails