26 July 2010

ഒരു വീടും കുറച്ചു സന്തോഷങ്ങളും

ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് :
ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും മനോഹരമായ സ്വപ്നം.


വിശാലമായ മുറികളുള്ള ഒരു വീട്. കാവിയിട്ട മിനുസമുള്ള തറ,ഗ്ലാസ്‌ കൊണ്ടുള്ള തുറന്ന ജനാലകള്‍.അവിടെ പതിഞ്ഞ ശബ്ദത്തില്‍ സംഗീതം നിറഞ്ഞു നിന്നു.എന്റെ വീടാണ്. പഠനത്തിനിടക്ക്‌ ഞാന്‍ പോയതായിരുന്നു അച്ഛനേം അമ്മയേം കാണാന്‍.വീട്ടില്‍ ധാരാളം ആള്‍ക്കാര്‍, പ്രസരിപ്പുള്ള മനുഷ്യര്‍. അമ്മ പതിവിലുമധികം സുന്ദരിയായിരുന്നു, ഓടി നടന്നു എല്ലാരോടും വിശേഷങ്ങള്‍ ചോദിക്കുന്നു. അച്ഛന്‍ ഇന്‍റര്‍നെറ്റില്‍ മുഴുകിയിരിക്കുന്നു, വീഡിയോകളൊക്കെ അപ്ലോഡ് ചെയ്യുന്നു.

ഇടയ്ക്കു പോലീസുകരെപ്പോലെ തോന്നിപ്പിക്കുന്ന ചിലര്‍ വരുന്നു. ഞാന്‍ പേടിച്ചു, പക്ഷെ അവര്‍ അച്ഛന്റെ അടുത്ത് ചെന്ന് വളരെ സൌഹൃദമായി സംസാരിക്കുന്നു, ചായ കുടിക്കുക്കുന്നു. ആളുകള്‍ സ്വന്തം വീട് പോലെ പെരുമാറുന്നു. ഞാന്‍ ആരുമല്ലാത്ത പോലെ തോന്നി, ഒരു പരിചയക്കുറവു. പുതിയ വീട് ആയതു കൊണ്ടാവാം. എന്നാലും എല്ലാരും എന്നെ നന്നായി കെയര്‍ ചെയ്യുന്നു. പലതും ചോദിക്കുന്നു.

ആരോ എന്നെ ജനാല വഴിയുള്ള കാഴ്ചകള്‍ കാണിച്ചു തന്നെ. അങ്ങകലെ ഒരു പുഴ, പച്ചപ്പ്‌ ..വളരെ നിറമാര്‍ന്ന പ്രകൃതി..ഒരു സ്വര്‍ഗത്തിന്റെ ഫീലിംഗ്. ഞാന്‍ ചിന്തിച്ചു ..ഉം ഫോട്ടോ പിടിക്കാന്‍ പോകണം അവിടെ, പറയുകയും ചെയ്തു. ആരോ പറഞ്ഞു, അതിനെന്താ എപ്പോ വേണേലും പോകാല്ലോ...

നേര്‍ത്ത ഒരു മഴ പെഴ്ത് തോര്‍ന്ന നനുത്ത തണുപ്പുള്ള ഭുമി.പിന്നെയും പലരും വീട്ടില്‍ വന്നും പൊന്നും കൊണ്ടിരുന്നു.
ഒരു വേള എല്ലാരും പുറത്തു പോയി. കാര്യമായി എന്തോ സംഘടിക്കുകയാണ്, മറ്റൊരു വീട്ടിലേക്കു അല്ലെങ്കില്‍ എന്തോ മീറ്റിങ്ങിനു ആണ് പോവുന്നത്. എനിക്ക് പരിചയമില്ലാത്തത് കൊണ്ട് ഞാന്‍ പോയില്ല. അങ്ങനെ ഞാന്‍ അവിടെ തനിച്ചായി. വീട് പൂട്ടിയിരുന്നു, എനിക്കത് സാധാരണ പോലെ തോന്നി. ഞാന്‍ പുറത്തു പലരോടും സംസാരിച്ചു കൊണ്ടിരുന്നു, ആ നനുത്ത തണുപ്പില്‍.....

പെട്ടെന്ന് തുറന്നു വിട്ട ആട്ടിന്‍ കൂട്ടം പോലെ കുറെ യുവാക്കള്‍ അവിടെ എത്തി. ഭംഗിയായി വസ്ത്രം ധരിച്ച മാലാഖയെ പോലെ തോന്നിപ്പുക്കുന്ന പെണ്‍കുട്ടികള്‍, വളരെ കളര്‍ഫുള്‍ ആയ വസ്ത്രം ധരിച്ചവര്‍..ഡാന്‍സ് ചെയ്യാന്‍ പോകുന്ന പോലെ. ചില ആണ്‍കുട്ടികള്‍ ഇയര്‍ ഫോണ്‍ വച്ച് പാട്ടുകേട്ട് തല കുലുക്കുന്നു.മൊത്തം ഒരു ജിപ്സി അന്തരീക്ഷം. വീട്ടിലേക്കാണ് അവര്‍ പോകുന്നത്, അവര്‍ക്കറിയാം എവിടെയാണ് താക്കോല്‍ വച്ചത് എന്ന്, അതെടുത്തു ഒന്നും സംഭവിക്കാത്തത് പോലെ വാതില്‍ തുറന്നു അവര്‍ അകത്തേക്ക് പോയി. ഞാന്‍ അന്തം വിട്ടു നിന്നു.

ആരോ പറഞ്ഞു, അതിവിടെ നിത്യ സംഭവം ആണ്. വീട് ഒഴിഞ്ഞു കിടക്കുന്ന നേരങ്ങളില്‍ അവര്‍ക്ക് പാടാനും ആടാനും ഈ വീട് വിട്ടു കൊടുക്കാറുണ്ട് എന്ന്. നല്ലോരറിവ് തന്നെ. എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി, സന്തോഷം കൊണ്ടോ ..ആശ്ചര്യം കൊണ്ടോ.......!

18 July 2010

കടലോളം സ്നേഹം

" പലര്‍ക്കും സ്നേഹം ഒരു പാത്രത്തിലെ വെള്ളം പോലെയാണ്. അന്നന്നെക്കുള്ള ആവശ്യത്തിനു അവര്‍ അതിനെ ഉപയോഗിക്കുന്നു. പക്ഷെ എനിക്ക് നിന്നോടുള്ള സ്നേഹം ഒരു തടാകം പോലെയാണ്. തടാകത്തിനെ വീട്ടിലേക്ക് കൊണ്ട് വരാന്‍ കഴിയില്ലല്ലോ "

അതെ, 
തടാകത്തെക്കാളും  വേണമെങ്കില്‍ ഒരു കടലോളം എനിക്ക് സ്നേഹം കരുതി വയ്ക്കുന്ന രണ്ടു പേരുണ്ട്. എന്റെ അച്ഛനമ്മമാര്‍. സ്വാര്ത്വത ഇല്ലാത്ത സ്നേഹം എന്നെ പഠിപ്പിച്ചത് അവരാണ്. ഒരു പക്ഷെ എല്ലാര്ക്കും ഇതു പോലെ തന്നെയാകും. കടലോളം സ്നേഹം തരുന്നവര്‍!

എനിക്ക് അവരോടുള്ള സ്നേഹം വാനം പോലെയാണ്. ഏറെ അകലെയാണെങ്കിലും അവരെ ഞാന്‍ എന്നും നോക്കിക്കൊണ്ടിരിക്കുന്നു, അവരുടെ പ്രതീക്ഷകള്‍ക്കും കടലോളമുള്ള സ്നേഹത്തിനും മീതെ ഞാനുണ്ട് ഒരു കുടപോലെ, എന്നും.

അവര്‍ക്ക് വേണ്ടി ഈ സുന്ദര ഗാനം. എന്നെക്കൊതിപ്പിക്കുന്ന, ഇല്ലെങ്കില്‍ ഏവരെയും കൊതിപ്പിക്കുന്ന ഒരു പാട്ട്. കേട്ട് നോക്കു. :)
നിങ്ങള്‍ ഒരു അച്ഛനോ അമ്മയോ ആണോ ?
എങ്കില്‍ ഞാന്‍ നിങ്ങളെയും സ്നേഹിക്കുന്നു.....:)

4 July 2010

പ്രളയവും വിരുന്നും


ഇന്ന് രാവിലെ ഏകദേശം ആറു ഏഴ് മണി സമയം.


ചെത്തുകല്ലുകള്‍ കൊണ്ടുള്ള ഒരു വീട്. സാമാന്യം വലുപ്പമുള്ള ആ വീട്ടില്‍ മുറികള്‍ കുറവായിരുന്നു. ഉള്ള മുറികള്‍ വിശാലമായതും. അവിടെ ഞാനടക്കം എനിക്ക് വേണ്ടപ്പെട്ടവരും കൂടി കുറച്ചു ആള്‍ക്കാര്‍. എന്തോ പാര്‍ട്ടിയോ മറ്റോ ആണ്. കുറച്ചു കഴിഞ്ഞപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങി. ഇടിയും മിന്നലും അകെ കൂടി പേടിപ്പെടുത്തുന്ന മഴ. ചെങ്കല്ലുകള്‍ക്കിടയിലൂടെ മഴവെള്ളം ഊര്ന്നിറങ്ങുണ്ടായിരുന്നു. തണുപ്പ് മാറ്റാന്‍ ആളുകള്‍ തീയ്ക്കു ചുറ്റും കൂടി. കലങ്ങിയ മഴവെള്ളം വീടിനു ചുറ്റും കൂടി, പച്ചപ്പുല്ലുകളെ മൂടിക്കൊണ്ട്.
നേരം ഏറെയായി. ഇനി പോയേക്കാം അതിഥികള്‍ വിചാരിച്ചു. വീടിനു പുറത്തിറങ്ങാന്‍ നോക്കുമ്പോഴാണ് കാര്യം പിടികിട്ടിയത്. വീടും അതു നില്‍ക്കുന്ന കുറച്ചു സ്ഥലവും മാത്രം. ബാക്കി കണ്ണെത്താ ദൂരം വെള്ളം മാത്രം. നല്ല തെളിഞ്ഞ വെള്ളം. വീടിന്റെ അടിഭാഗം നല്ല കല്ലുകള്‍ ഉണ്ട്, അതുകൊണ്ട് ആ പ്രളയത്തില്‍ വീട് മാത്രം ബാക്കിയായി. അതിഥികള്‍ നില വിളിക്കാന്‍ തുടങ്ങി.

ഞാന്‍ ജനാലയിലൂടെ പുറത്തേക്കു നോക്കി. പുറത്തെ തെളിഞ്ഞ വെള്ളത്തില്‍ ആളുകള്‍ പ്രാണന് വേണ്ടി പിടയുന്നു. ചിലര്‍ ആവും വിധം നീന്തുന്നു. ഒരു ശബ്ദം കേട്ട് നോക്കിയപ്പോള്‍, അതാ അവിടെ ഒരു ഹെലികോപ്ടര്‍. അവര്‍ ചെറിയ കോട്ടകള്‍ പോലുള്ള ഒന്ന് കയറിലൂടെ  താഴേക്കിട്ടു നീന്തുന്നവരെ രക്ഷിക്കയാണ്. അങ്ങകലെ ഇവിടേയ്ക്ക് ലക്ഷ്യം വച്ചു വരുന്ന ചെറിയ ചെറിയ ബോട്ടുകള്‍ കണ്ടു. അതിഥികള്‍ നിലവിളി മാറ്റി ആശ്വാസ വാചങ്ങള്‍ പറഞ്ഞു. 

ഞാന്‍ അത്ഭുതപെട്ടു. ഈ വീടിനു ചുറ്റും വെള്ളം മൂടാത്ത ഒരു സ്ഥലം പോലുമില്ല. പിന്നെ ഇവര്‍ എവിടെക്കാണ്‌ ഞങ്ങളെ രക്ഷിച്ചു കൊണ്ട് പോകുന്നത് ?

Related Posts with Thumbnails