13 September 2013

ഞാൻ സ്ത്രീ, 16 വയസ്സ്. ഞാൻ ആണ്‍കുട്ടി, 18 വയസ്സ് .

പണ്ടുകാലങ്ങളിൽ, കോടതികളും ജനാധിപത്യവും ഇല്ലാത്ത കാലത്ത്, ഭീകരമായ കുറ്റം ചെയ്തവരെ നാടുകടത്തുകയോ,നാടുവിട്ടുപോകാൻ പറയുകയോ ചെയ്യുമായിരുന്നു. അതായതു, ഹീനകൃത്യങ്ങൾ ചെയ്തവരെ ആ നാടിനാവശ്യമില്ലെന്നു സ്പഷ്ടം. അങ്ങിങ്ങായി ചിലപ്പോഴൊക്കെ ഇങ്ങനെയുള്ള വാർത്തകൾ നമ്മൾ കേൾക്കുന്നുണ്ടെങ്കിലും,ഏറ്റവും വലിയ ജനാധിപത്യരാജ്യമായ നമ്മുടെ രാജ്യം അതേ വലിപ്പത്തോടെ തന്നെ ഹീനകുറ്റകൃത്യങ്ങൾ ചെയ്ത തന്റെ പൗരനെ എല്ലാ ഇളവുകളും കൊടുത്തു സംരക്ഷിക്കുന്നു എന്നതു ഏതു രാജ്യാന്തര കുറ്റവാളികൾക്കും ഇങ്ങോട്ടു ചേക്കേറാനുള്ള ഒരു അപ്പക്കഷ്ണം തന്നെ.


അതിക്രൂരമായി ഒരുകൂട്ടം ആൾക്കാർ ഒരു സ്ത്രീയെ പിച്ചിച്ചീന്തുകയും കൊല്ലുകയും, അതു കേട്ട് ലോകം മുഴുവൻ കണ്ണും കാതും പൊത്തേണ്ട അവസ്ഥയുണ്ടാവുകയും ചെയ്തിട്ടും 17 വയസ്സെന്ന ഇളവിൽ, കുട്ടിയെന്നു പ്രഖ്യാപിച്ച് ആ കുറ്റവാളിക്കു പരമോന്നനീതിന്യായം കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണു മൂന്നു വർഷത്തെ ദുർഗുണപരിഹാരപാഠശാല വിദ്യാഭ്യാസം. മറ്റുപ്രതികളെക്കാളേറെ മേൽപ്പറഞ്ഞ കുറ്റവാളിയാണു കൂടുതൽ ഉപദ്രവങ്ങൾ ചെയ്തതെന്നു സാക്ഷിമൊഴി വേറെയും. വയസ്സിളവു കൊണ്ട് പരമോന്നതനീതി ഉദ്ദേശിച്ചതെന്തായിരിക്കും? 18 വയസ്സിൽ മാത്രമാണു മാനസിക വളർച്ച പൂർത്തിയാകുന്നെതെന്നൊ? പ്രസ്തുത വയസ്സുള്ള 'കുട്ടി' മോഷ്ടിക്കുന്നതും കൊല്ലുന്നതും സ്തീകളെ അതിക്രൂരമായി പീഡിപ്പിച്ചു കൊല്ലുന്നതും മാനസികവളർച്ചയില്ലാത്തതു കൊണ്ട് ചെയ്യുന്നതെന്നൊ? ആറുമാസം കൂടുതൽ പ്രായം ഉണ്ടെങ്കിൽ ഇതേ 'കുട്ടി' ചിന്തിച്ചു കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്നും നിയമം മനസ്സിലാക്കുമെന്നും നമ്മുടെ നീതിന്യായം നമ്മെ വിശ്വസിപ്പിക്കുന്നു.

ഇതേ നീതിന്യായത്തിന്റെ ബാക്കി പത്രമാണു മുസ്ലിം പെൺകുട്ടികൾക്ക് വിവാഹപ്രായം 16 വയസ്സ് ആക്കി കൊണ്ടുള്ളസർക്കാറിന്റെ ആടുത്തിറങ്ങിയ സർക്കുലറും അതിനു ഒത്താശ നിൽക്കുന്ന മതപുരോഹിതന്മാരും. ജൈവശാസ്ത്രപരമായിട്ടുള്ള വളർച്ചകൊണ്ട് ഇവിടെ പെൺകുട്ടി, 'ചൈൽഡ്'' അല്ലാതാകുകയും ചെയ്യുന്നു. 'ജുവനൈൽ ജസ്റ്റിസ്', 18 വയസ്സിൽ താഴെയുള്ളവരെ 'ചൈൽഡ്' എന്നു വിശേഷിപ്പിക്കുമ്പോൾ, ഇമ്മോറൽ ട്രാഫിക് പ്രിവെൻഷൻ ആക്ട്' പറയുന്നതു 16 വയസ്സിൽ താഴെയുള്ളവരാണു 'ചൈൽഡ് ' എന്നാണു. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ ഇങ്ങനെ തോന്നിയില്ലെങ്കിലേ അൽഭുതമുള്ളു: 12 വയസ്സിൽ ജൈവപരമായ വളർച്ച പ്രാപിച്ച ഒരു കുട്ടിക്ക്, അവന്റെ 'കൗതുങ്ങൾക്ക് ' 18 വയസ്സു വരെ എന്തും കാട്ടിക്കൂട്ടാം, നമ്മുടെ നിയമം അവനു വേണ്ട പരിരക്ഷ നൽകുന്നതാണു.

കാലം മാറുന്നതിനനുസരിച്ച് നമ്മൾ എല്ലാറ്റിനെയും പരിഷ്കരിക്കുമ്പോൾ, കരി പിടിച്ച നിയമങ്ങൾ നമ്മളെ നയിക്കുന്നു എന്നതു എന്തൊരു വിരോധാഭാസമാണു. നിയമം കണ്ണും പൂട്ടി നടപ്പാക്കേണ്ടതു തന്നെയാണു, എന്നാൽ കാതും കണ്ണും തുറന്നു വച്ചു തന്നെ അതിനെ പരിഷ്കരിക്കേണ്ടതുണ്ട്. സൈബർ ലോകം ഇല്ലാത്തൊരു കാലത്ത്, അല്ലെങ്കിൽ അതിന്റെ സാധ്യതകൾ കുറഞ്ഞ കാലത്ത്, നമുക്ക് സൈബർ അക്രമങ്ങൾക്ക് നിയമങ്ങൾ ഇല്ലായിരുന്നു. അതുപോലെ തന്നെയാണു പരിഷ്കരിച്ച റോഡു നിയമങ്ങളും മറ്റും. ഒരു കുറ്റകൃത്യം ക്രമാതീതമായി കൂടുന്നു എന്നതിനർത്ഥം അതിനുള്ള സാഹചര്യങ്ങൾ വർദ്ധിക്കുന്നു എന്നും, ആ കുറ്റകൃത്തിനു നിയമപരിരക്ഷ ലഭിക്കുന്നു എന്നു തന്നെയാണു.

സ്ത്രീകൾ കരുതി നടക്കണമെന്നു ന്യായത്തിന്റെയും അധികാരത്തിന്റെയും അധിപന്മാർ വെളിപ്പെടുത്തുന്നിടത്തോളം കാലം കുറ്റവാളികളുടെ എണ്ണം കൂടുകയും അവർക്കു പ്രായം-ശാരീരിക വൈകല്യം- ജാതി-സ്ഥലം എന്നിവ വേർതിരിച്ച് സംരക്ഷണം നൽകുകയും ചെയ്യുന്നതു നമ്മളിനിയും കുറേയേറെ കാണാനുണ്ടെന്നതുറപ്പാണു. 

3 comments:

ajith said...

ഒന്നും പറയാതിരിക്കയാണ് ഭേദം, ഹേമാംബികേ!

ആൾരൂപൻ said...

പ്രസക്തമായ ചിന്തകൾ!!!!

ബഷീർ said...

പു’രോഗ’മനക്കാർക്ക് 18 വയസിനു മുമ്പുള്ളവരൊക്കെ വെറും ശിശുക്കളല്ലേ ? അപ്പോൾ പിന്നെ ശിശുക്കൾ ചെയ്യുന്ന വെറും ‘കുസൃതി’യായി കണ്ട് അങ്ങ് ക്ഷമിച്ചാൽ പോരേന്ന് ആരെങ്കിലും ചിന്തിച്ചാൽ അവരെ കുറ്റം പറയാമോ ? വിവാഹക്കാര്യത്തിൽ ശാരീരികമായും മാനസികമായും ഉള്ള വളർച്ച കണക്കാക്കാം എന്നതിനോട് വെറും 18 വയസാ‍ായില്ല എന്ന കാരണത്താൽ അവർ ശിശുക്കളാണെന്ന് കരുതുന്നവർ ഡൽഹി കൂട്ട ബലാത്സംഗത്തിന്റെ കാര്യത്തിൽ മറിച്ച് അഭിപ്രായം പറയുമ്പോൾ അതെങ്ങിനെ ശരിയാവും ? ചെയ്യുന്ന തെറ്റുകൾക്കനുസരിച്ച് തക്ക ശിക്ഷ നൽകാനാവണം. അതിനു വേണ്ടി നിയമങ്ങൾ മാറ്റിയെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

Related Posts with Thumbnails