11 March 2012

പ്രാപ്തി


നാരാണേട്ടനു  നടക്കാന്‍ വയ്യ. മുറ്റം മുഴുവന്‍ കൂര്‍ത്ത കല്ലുകള്‍ ഉള്ള അയാളുടെ വീട്ടിനു പരിസരത്ത് ചെടികള്‍ വളരാന്‍ മടിച്ചു. മാറാല കെട്ടിയ കറുത്ത മരത്തിന്റെ ജനലഴികള്‍ പിടിച്ചു ഇടയ്ക്കിടെ അയാള്‍ പുറത്തേക്ക് നോക്കും. റെറ്റിനയെ പ്രചോദിപ്പിക്കുന്ന ഒന്നും അയാള്‍ പ്രത്യേകിച്ചു കാണാറില്ല. മാറാല തുടച്ചു മാറ്റാന്‍ വിറയ്ക്കുന്ന കൈകള്‍ക്ക് സാധിക്കാത്തത് കൊണ്ടു, ഇടയ്ക്കിടെ വരുന്ന തുലാമഴയുടെ കൂടെയുള്ള കൊടുംകാറ്റ്, അത് മഴയുടെ സഹായത്തോടെ പൊട്ടിച്ചു കളയുക പതിവായി. വെയിലും മഴയും മാറി വരുമ്പോഴും കൂര്‍ത്ത കല്ലുകള്‍ നിറഞ്ഞ മുറ്റത്തിന്റെ അതിര്‍ത്തിയില്‍ മഞ്ഞപ്പുക്കള്‍ വിരിയുന്ന പേരറിയാത്ത ഒരു കാടുചെടി മാത്രം എന്നും പൂത്തു നിന്നു. സൂര്യന്റെ അതിതാപത്തെ ഭയന്ന അയാള്‍ നിലാവുള്ള രാത്രിയില്‍ വിറച്ചു വിറച്ചു ഉരുളന്‍ കല്ലുകള്‍ കെട്ടിയ കിണറില്‍ നിന്ന് വെള്ളമെടുത്ത് പൂത്തു നില്‍ക്കുന്ന ആ കാട്ടുചെടിയും , ഇലകളില്ലാത്ത തുളസിയും മറ്റും നനയ്ക്കും. ഒറ്റമുറിയുള്ള,  മണ്ണ് കൊണ്ട് കൂട്ടിയോജിപ്പിച്ച ചെത്തുകല്ലുള്ള ഭിത്തിയുടെ വിടവിലൂടെ ചിലപ്പോഴൊക്കെ എത്തിനോക്കുന്ന പാമ്പിന്‍ കുഞ്ഞുങ്ങളുടെ തലകള്‍ അയാള്‍ നിലാവെട്ടത്തില്‍ കണ്ടിരിക്കും.

നിലാവുള്ള ഒരു രാത്രിയില്‍ , അയാള്‍ പൊടുന്നനെ എഴുന്നേറ്റു. സാക്ഷയില്ലാത്ത വാതില്‍ തുറന്നു കിണറില്‍ നിന്ന് വെള്ളം കോരി തല വഴി മൂന്നു വട്ടം ഒഴിച്ചു. ഉടുമുണ്ടഴിച്ചു  തൊലി തൂങ്ങുന്ന തന്റെ ദേഹം അമര്‍ത്തി തുടച്ചു. ഒടിഞ്ഞു വീഴാറായ മേല്‍ക്കൂരയില്‍ നിന്ന് ആവശ്യത്തിനു വിറകു ശേഖരിച്ചു, മുറ്റത്തിന്റെ ഒത്ത നടുവിലായി ഒരു ചിത ഉണ്ടാക്കി. വീടിനു പിന്നിലെ മൂലയില്‍ ഉണ്ടായിരുന്ന പഴഞ്ചന്‍ ചകിരികള്‍ , ചിരട്ടകള്‍ എല്ലാം ആ ചിതയില്‍ ആവശ്യത്തിനു വിതറി. നീണ്ട ഒരു കമ്പിന്റെ അറ്റത്ത്‌ മുറ്റത്തെ അയയില്‍ നിന്ന് ഒരു തുണിയെടുത്ത് ചുറ്റി. വിളക്കിലെ അവശേഷിച്ച എണ്ണ അതില്‍ പുരട്ടി, ചിതയ്കരികില്‍ ചാരി വെച്ചു. പിന്നീട്  കരി പിടിച്ച ആ ജനല്‍ അയാള്‍ വിറയ്ക്കുന്ന കൈകളോടെ ഭിത്തിയിലെ കല്ലുകള്‍ ഓരോന്നായി മാറ്റി വച്ചു അടര്‍ത്തിയെടുത്തു.

ശേഷം,ഭസ്മതട്ടില്‍ നിന്ന് നുള്ള് ഭസ്മമെടുത്ത്‌, മേലാകെ പൂശി. പല പ്രാവശ്യം പടുതിരി കത്തിയ നിലവിളക്കില്‍ അയാള്‍ തിരികള്‍ തെളിച്ചു. ചിതയുടെ അടുത്ത് ഭക്തിയോടെ കൊണ്ടു വച്ചു, ചിതയെയും വിളക്കിനേയും സാഷ്ടാംഗം നമസ്കരിച്ചു. പിന്നിത്തുടങ്ങിയ ഉടുതുണി കീറി, പിരിച്ചു കയറാക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് എന്തോ ആലോചിച്ചു ആ ശ്രമം ഉപേക്ഷിച്ചു. കിണരിനരികിലെ മരത്തില്‍ പടര്‍ന്നു കയറിയ വയസ്സന്‍ കുരുമുളക് വള്ളി അടര്ത്തിയെടുക്കുമ്പോള്‍ അയാളുടെ കൈകള്‍ക്ക് പണ്ടത്തെക്കാളും ശക്തി വന്നത് പോലെ തോന്നി. ആ വള്ളികള്‍ കൊണ്ടു, അടര്‍ത്തി വച്ച ജനാലയെ തന്റെ മുതുകത്ത് വച്ചു കെട്ടി. അത് താങ്ങി ക്ലേശിച്ചു ചിതയില്‍ കയറി കിടന്നു.   ചിതയ്കരികില്‍ ചാരി വച്ച എണ്ണ മുക്കിയ കമ്പ് നീട്ടിപിടിച്ചു നിലവിളക്കില്‍ നിന്നും അതിലേക്കു തീ പകര്‍ന്നു. അതെ കിടപ്പ് കിടന്നു കൊണ്ട് ,കത്തുന്ന കമ്പ് നീട്ടി പിടിച്ചു ചിതയുടെ ആവുന്നത്ര സ്ഥലത്തെല്ലാം അയാള്‍ തീ കൊളുത്തി. ചിരട്ടയുടെ തീ ആളിപ്പടരുമ്പോള്‍ കണ്ണുകള്‍ അമര്‍ത്തിയടച്ചു . കൈകള്‍ ശുഷ്കിച്ച തുടകളില്‍ ആഞ്ഞമര്‍ത്തിപ്പിടിച്ചു.

തീയുടെ ആളല്‍ കൂടുന്നതനുസരിച്ച്, മുറ്റത്തിനപ്പുറത്തുള്ള കാട്ടു മഞ്ഞപ്പുക്കള്‍ വാടികരിഞ്ഞു കൊണ്ടിരിക്കുകയും നിലവിളക്കില്‍ പടുന്തിരി കത്തുകയും ചെയ്തു കൊണ്ടിരുന്നു.

5 comments:

പൊട്ടന്‍ said...

"motive" അറിയാത്ത ആത്മഹത്യ അല്പം അരോചകം പോലെ തോന്നിച്ചു.

ഹേമാംബിക | Hemambika said...

:) മോട്ടീവ് ഇതിൽ തന്നെയുണ്ടല്ലൊ. വിശദീകരിക്കാതെ പറയാനാണു എനിക്കിഷ്ടം.വായനക്കാർക്കനുസരിച്ച് എഴുതാൻ പറ്റുമൊ :)

പട്ടേപ്പാടം റാംജി said...

നല്ല ധൈര്യം.
മറ്റാരേയും ദ്രോഹിക്കരുതെന്നു ഉറച്ചാല്‍ പിന്നെ എല്ലാം താനേ......

Pradeep Kumar said...

നന്ന് . ഇടയ്ക്കിടയ്ക്ക് കയറിവരുന്ന സ്വാഭാവികമല്ലാത്ത ഇംഗ്ലീഷ് വാക്കുകള്‍ ഒഴിവാക്കിക്കൂടെ

viddiman said...

വാർദ്ധക്യത്തിലെ ഏകാന്തതയും മടുപ്പും മൂലം മരണത്തിലേക്കിറങ്ങിപ്പോകുന്നയാൾ..
പുതുമയുള്ള പ്രമേയമല്ല..
പക്ഷെ എഴുത്തിലെ കൈയ്യൊതുക്കവും ഭാഷയും ശ്രദ്ധേയം..

Related Posts with Thumbnails