22 August 2010

അജ്ഞാതനായ ഡല്‍ഹിയിലെ ഒരു ടാക്സിക്കാരന്

ഒരു ചെറിയ അത്ഭുതത്തെക്കുറിച്ചാണ് ഞാന്‍ പറയാന്‍ പോകുന്നത്. നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു എന്ന് മോഹന്‍ലാല്‍ പാടി കേട്ടിട്ടേ ഉള്ളൂ. ഇപ്പൊ അനുഭവിച്ചു.
സംഭവം ഇങ്ങനെ:

എന്റെ പര്സും മൊബൈലും എല്ലാം നഷ്ടപെട്ടു ഇതിനിടെ. ഒരു കോണ്ടാക്റ്റ് നമ്പര്‍ പോലും കയ്യില്‍ ഇല്ല. നഷ്ടപ്പെട്ടു എന്നറിഞ്ഞ അതെ സമയം തന്നെ വീട്ടിലേക്ക് ഓടി. ആരേം വിളിക്കാം എന്ന് വച്ചാല്‍ ഫോണ്‍ ഇല്ല. രാത്രി സമയം. അടുത്തുള്ള വിദേശി അയല്‍ക്കാരനെ തട്ടി വിളിച്ചു. ലിയോ എന്നാണ് പേരു. അയാള്‍ എന്തോ കാര്യമായ പണിയില്‍ ആണ്. രാവിലെ കണ്ടപ്പോ കുറെ പണിയുണ്ടെന്നു പറഞ്ഞിരുന്നു. ഞാന്‍ കാര്യങ്ങള്‍ എല്ലാം ധരിപ്പിച്ചു. ലിയോ തന്നെ എന്റെ ബാങ്കിലെക്കൊക്കെ വിളിച്ചു അക്കൗണ്ട്‌ ക്ലോസ് ചെയ്തു. ആ വിളി വളരെ ചെലവ് കൂടിയ വിളി ആണ്. അയാള്‍ അതു കാര്യക്കിയില്ല. കൂടാതെ, എന്റെ ഭാഷ കമ്മി ആയതു കൊണ്ട്  വെബില്‍ നിന്നു പല ഇന്ഫോര്‍മെഷനും നോക്കി വച്ചു. പോലീസിനെ കോണ്ടാക്റ്റ് ചെയ്യേണ്ടേ നമ്പര്‍ കണ്ടു പിടിച്ചു.പോലീസ് സ്റെഷനില്‍ കൂടെ വരാന്‍ പോലും സമ്മതിച്ചു. കൂടാതെ അയാളുടെ വക്കീല്‍ സുഹൃത്തിനെയും അച്ഛനെയും വിളിച്ചു കാര്യങ്ങള്‍ തിരക്കി. അങ്ങനെ ഒരു മടിയും കൂടാതെ എല്ലാം ചെയ്തു തന്നു. എനിക്ക് കാണാം അയാളുടെ മേശമേല്‍ നിറഞ്ഞിരിക്കുന്ന പേപ്പര്‍ വര്‍ക്കുകള്‍..എന്നിട്ട് കൂടി....സാധാരണ ഇത്തരം സഹായങ്ങള്‍ ഇവിടെ ഒരു വിദേശിയില്‍ നിന്നും പ്രതീക്ഷിക്കയെ വേണ്ട.

അവസാനം ഞാന്‍ എങ്ങനെ നന്ദി പറയണം എന്ന് എനിക്കി അറിയില്ല..എന്നാലും ഞാന്‍ പറയുന്നു എന്ന് പറഞ്ഞു.
അപ്പൊ, ലിയോ പറഞ്ഞു: 'വേണ്ട എനിക്ക് നന്ദി വേണ്ട. നിങ്ങളുടെ രാജ്യം എന്നെയും ഒരു പാട് സഹായിച്ചിട്ടുണ്ട്. അതിനൊക്കെ ഞാന്‍ എങ്ങനെ തിരിച്ചു നല്‍കും? '
ഇയാള്‍ ഇന്ത്യയും പാകിസ്ഥാനും ഒക്കെ വിസിറ്റ് ചെയ്തിട്ടുണ്ട്. ഒരിക്കല്‍ മൂപ്പര്‍ക്ക് ഡല്‍ഹിയില്‍ നിന്നും എയര്‍പോര്‍ട്ട് വരെ പോണം. കയ്യില്‍ കാശില്ല. ഉള്ള കാശു കൊണ്ട് ട്രെയിന്‍ പിടിച്ചു ഒരു നിശ്ചിത പോയിന്റ് വരെ എത്തി. അവിടുന്ന് ഒരു മണിക്കൂര്‍ ഉണ്ട് എയര്‍പോര്‍ട്ട് ലേക്ക്. അങ്ങനെ വല്യ ബാഗൊക്കെ തുക്കി വിഷമിച്ചു ഇരിക്കുമ്പോള്‍ ഒരു ടാക്സിക്കാരന്‍ വന്നു ചോദിച്ചു, എവിടെയാ പോകേണ്ടത് എന്ന്. കയ്യില്‍ കാശു ഇല്ലെന്നും പക്ഷെ എയര്‍പോര്‍ട്ടില്‍ അത്യാവശ്യമായി പോണം എന്നും ലിയോ പറഞ്ഞു. ടാക്സിക്കാരന്‍ പറഞ്ഞു, സാരമില്ല ഞാന്‍ കൊണ്ടുവിടാം. അത്യാവശ്യമല്ലേ. കാശൊന്നും വേണ്ട. അങ്ങനെ അയാള്‍ ലിയോയെ എയര്‍ പോര്‍ട്ടില്‍ കൊണ്ടു വിട്ടു. കൂടാതെ ചിലവിനായി ഏതാണ്ട് 200  രൂപയും കൊടുത്തു....
വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു അല്ലെ. ലിയോ തികഞ്ഞ ഒരു ഈശ്വര വിശ്വാസിയും കൂടെ ആണ്.

ഈ കഥ പറഞ്ഞിട്ടു എന്നോട് ഇങ്ങനെ പറഞ്ഞു. 'നോക്കു, എനിക്ക് ഏതായാലും ആ ടാക്സിക്കാരന് ഒന്നും കൊടുക്കാന്‍ കഴിഞ്ഞില്ല. ഇനി അതിനു കഴിയുകയും ഇല്ല. അപ്പൊ ഇങ്ങനെയൊക്കെയല്ലേ ആ നന്ദി എനിക്ക് പ്രകടിപ്പിക്കാന്‍ പറ്റു ?'
എന്റെ കണ്ണുകള്‍ നിറഞ്ഞു. അജ്ഞാതനായ ഡല്‍ഹിയിലെ ആ ടാക്സിക്കാരന് ഒരായിരം നന്ദി പറഞ്ഞു. ഇന്ന് കൂടി എന്റെ പ്രാര്‍ത്ഥനകളില്‍ അയാള്‍ ഉണ്ടായിരുന്നു....

ഈ ലോകം ഇങ്ങനെയൊക്കെ വര്‍ത്തിക്കുന്നത് കണ്ടു കണ്ണ് മിഴിച്ചു അലീസിനെപ്പോലെ നില്‍ക്കുകയാണ് ഞാന്‍ !

7 comments:

ABHI abbaz said...

നല്ല മനുഷ്യര്‍ ഇനിയും ബാക്കിയുണ്ടല്ലേ...ഞാന്‍ വിചാരിച്ചു ഞാന്‍ മാത്രമേയുള്ളൂ എന്ന്...
ലിയോയോട് എന്റെ അന്വേഷണം പറയാന്‍ മറക്കരുത്...
അല്ല ..പേഴ്സ് കിട്ടിയോ?

krishnakumar513 said...

മനസ്സാക്ഷി നഷ്ടപ്പെടാത്തവര്‍ എവിടേയും ഉണ്ട്

ഉപാസന || Upasana said...

താങ്കളും ചെയ്തു കൊടുക്കണേ
:-)

വിചാരം said...

നന്മ....

മന്‍സൂര്‍ ചെറുവാടി said...

നന്മകള്‍ മരിക്കാതിരിക്കട്ടെ

MyDreams said...

എനിക്ക് രോമാഞ്ചം ആ ടാക്സി കാരനെ ഓര്‍ത്തു

കാട്ടുപൂച്ച said...

അതാ പറയുന്നത് കൊടുത്താല്‍ കൊല്ലത്ത് മാത്രമല്ല ആലപ്പുഴയിലും കിട്ടുമെന്ന് .

Related Posts with Thumbnails