28 April 2013

ഞാനൊരാളെ

 ഒരു വീട്. പണ്ടവിടെ താമസിച്ചിരുന്നതു ഒരച്ചനമ്മമ്മയും രണ്ടു പെണ്മക്കളും പിന്നൊരാൺകുട്ടിയും ആയിരുന്നു.അമ്മ കിണറിൽ നിന്നു വെള്ളമെടുക്കുന്ന സീനിലും, അച്ചൻ തലയില് ചുറ്റിയ കെട്ടഴിച്ച വരുന്ന സീനിലും, മകൻ വിയർത്തു കുളിച്ച് വയലിലെ കളി കഴിഞ്ഞ് ഓടി വരുന്ന സീനിലും മൂത്ത മകൽ പുള്ളിപ്പൂക്കളുള്ള കറുത്ത നീളൻ പാവാടയുടുത്ത് പാലു വാങ്ങി വരുന്ന സീനിലും ഏറ്റവും ഇളയ മകൽ പെറുക്കിയെടുത്ത മാങ്ങകളിൽ കേടായ മാങ്ങകൽ തിരഞ്ഞെനിക്കു തരുന്ന സീനിലുമാണു പ്രത്യക്ഷപ്പെടാറുള്ളതു. വരിക്കപ്ലാവിനെ ചുറ്റാതെ പാതിചാരി നിന്നു നോക്കുമ്പോൾ കോവക്കപടർത്തിയ കിണറാണു സീനിൽ. ആ സീൻ മാത്രം ഞാനെന്നും മുറിച്ചെടുക്കുമായിരുന്നു. ഉച്ചകഴിഞ്ഞ നേരത്ത്, ആലയിൽ പോയിരുന്നു നോക്കുമ്പോൾ പിന്നെയും സീൻ മാറും. കിണറ്റുവെള്ളം കോരുന്ന അമ്മ കുളിമുറിയിൽ നിന്നു പുറത്തു വരുന്നതും തലയിലെ കെട്ടഴിച്ചു വരുന്ന അച്ചനു കുളിക്കാൻ നിറുകയിലൂടെ വെള്ളം കോരി ഒഴിക്കുന്നതും കാണാം. ചിലപ്പോൾ അച്ചൻ അമ്മയുടെ നേർക്ക് വെള്ളം തെറിപ്പിച്ച് അമ്മയെ ദേഷ്യം പിടിപ്പിക്കുകയും ചെയ്യുന്നതു കാണാം. പച്ചയും ചുവന്നു പഴുത്തതുമായ കോവക്ക വിരിഞ്ഞ വള്ളികൽക്കുള്ളിലൂടെ സീനിലേക്കുള്ള ജലപ്രവാഹം എന്നെ രസിപ്പിച്ചിരുന്നു.

*

*
ഇന്നലെ രാത്രി ഞാനൊരാളെ കൊന്നു. ചോര ചർദ്ദിച്ചായിരുന്നു അയാൾ മരിച്ചതു. എന്നെ പോലീസ് പിടിക്കില്ലായിരുന്നു. പക്ഷെ ഒരു കൂട്ടം ആളുകൾ തേടി വരാൻ സാധ്യതയുള്ളതുകൊണ്ട് ഞാൻ തറവാട്ടിലെ ഇരുട്ടകങ്ങളിൾ ഒളിച്ചിരുന്നു. ഇരുട്ടിലൂടെ എന്നെയന്നേഷിക്കുന്ന ആളുകളെ ഭയന്നു, വയസ്സായി ഉണങ്ങി മാങ്ങവറ്റിയ മാവിൻ ചോട്ടിലൂടെ പശുക്കളില്ലാത്ത ആലയും പുല്ലു വളർന്നു പച്ചച്ച ചാണകക്കുഴിയും കടന്ന് ഞാൻ ഒളിച്ചോടി. കുണ്ടു കടന്നു ചാടി ഓടിക്കയറിയ ആ വീട്ടിലെ കിണറിനെ മൂടിക്കൊണ്ട് കോവക്കവള്ളികൽ ഇല്ലായിരുന്നു. പകരം, കാട്ടുവള്ളിപ്പടർപ്പുകൾ പടർന്നു പന്തലിച്ചു, കി്ണറെന്നൊരു സീനിനെ മായ്ച്ചു കളഞ്ഞിരുന്നു. പിക്സലേറ്റഡ് ആയ ആ സീനും കഴിഞ്ഞു ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത അടുക്കളവശങ്ങളൂടെ സീനിലേക്ക് നടന്നു കയറി. പച്ചപുതച്ച വീടിന്റെ  ഉൾസീനിലേക്ക് നുഴഞ്ഞു കയറി അതിന്റെ തട്ടിൻപുറത്തു നിലയുറപ്പിച്ചു.

എന്റെ ക്യാമറക്കണ്ണൂകളിലേക്ക് തട്ടിൻപുറത്തെ നനഞ്ഞു പൊടിഞ്ഞ ചാണകത്തറയുടെയും മാറാലകളുടെയും അപരിചിത ഗന്ധങ്ങളൂം ഇരുട്ടും കടന്നു വന്ന് വീഡിയോകൾ അവസാനിക്കാൻ തുടങ്ങിയിരുന്നു.

28 February 2013

ശരികളുടെ ആറടി

പൂത്തുലയുന്ന ഈ ജീവിതത്തിനപ്പുറം
ആത്മാവിനു പൂക്കാനറിയില്ലെന്നു പറഞ്ഞു തന്നത്
ഒരു മൊട്ടായി നിന്നിലിരുന്നപ്പോഴാണു.

വിരിയിക്കാതെ
നിന്റെ ദലങ്ങളിലൊളിപ്പിച്ച്
സ്നേഹിച്ചു കൊന്നതും
നീ തന്നെയെന്നേയറിവുള്ളു.
















വെളിച്ചം നയിക്കുന്നില്ലെന്നും
ആറടി മണ്ണിനടിയില്‍
മിന്നാമിനുങ്ങുകള്‍ കടന്നു വരില്ലെന്നും
ഞാന്‍ എങ്ങനെ നിനക്ക് പറഞ്ഞു തരാനാണ്?

ഭൂവതിര്‍ത്തിയിലൂടെ
ഒരു ´പോക്കുവരവി*നുതകാനൊരുതീയുമെന്നിലില്ലെന്നു
ഞാനെങ്ങനെ നിനക്ക് പറഞ്ഞു തരാനാണ്? 

മണ്ണിനടിയില്‍ പുഴുക്കളുണ്ടെന്നു പറഞ്ഞത്
നുണയാണെന്ന്
ഉറുമ്പിന്‍കൂടുകളുടെ ജനലുകളിവിടിരുന്നെണ്ണുമ്പോള്‍
നിന്നോട് പറയാന്‍ തോന്നി.
അവര്‍ ഭക്ഷണം തേടിപ്പോവുകയും,
അതു കൊണ്ടുവരുമ്പോള്‍
ആര്‍പ്പുവിളിയോടെ മറ്റുള്ളവ എതിരേല്‍ക്കുന്നതും
മുട്ടകള്‍ വിരിയിക്കുന്നതും
കുഞ്ഞുറുമ്പുകള്‍ ജന്മമെടുക്കുന്നതും
എനിക്കിവിടിരുന്നു കാണാമെന്നു
ഞാനെങ്ങനെയാണു നിന്നോട് പറയുക?

പൂക്കാനറിയാത്ത ആത്മാവിനു
മഞ്ഞു മഴയും നിലാവുമൊന്നും
അറിയില്ലെന്നു നീ പറഞ്ഞതും നുണ തന്നെയെന്ന്
എങ്ങനെയാണു ഞാന്‍ നിന്നോട് പറയുക?

മഞ്ഞു പെയ്യുമ്പോള്‍
ഈ മണ്ണിലേക്കു തണുപ്പിന്റെ പാതകള്‍ താനെ തുറക്കുന്നതും
മഴത്തുള്ളികള്‍
ആറടി മണ്ണെന്നറിയാതെയൊഴുകി വരുന്നതും
നിലാനൃത്തം കഴിഞ്ഞു ഉറുമ്പുകള്‍ തിരിച്ചു വരുന്നതും
എനിക്കറിയാന്‍ കഴിയുന്നെന്ന്
എങ്ങനെയാണ് ഞാന്‍ നിന്നോട് പറയുക?

                                                                                 
എന്റെ ആറടി മണ്ണിനു മീതെ
നീ നട്ട കാക്കപ്പൂചെടികളുടെ വേരുകള്‍
എന്നെതേടി വരുന്നതെന്തൊരാശ്വാസമെന്നൊ?
വേരുകള്‍ കൈകളെന്നൊ കാലുകളെന്നോ-
യറിയാതെ കിടക്കുന്നൊരെന്നെ
അവയെല്ലാം നീട്ടി നീട്ടി വന്നു തൊടുമ്പോള്‍
എനിക്കിതൊക്കെ പറയണം.

പിന്നീടവ പൂക്കുമ്പോള്‍ 
ആത്മാവ് പൂക്കില്ലെന്ന
നിന്റെയാവാദവും ശരിയാകില്ലല്ലോ.

നിനക്കൊളിപ്പിക്കാന്‍ മോട്ടുകളില്ലാതെ
ആ പൂത്തതൊക്കെയും ഞാനാകും....

10 December 2012

സ്പൈഡര്‍മാന്‍

മാറാലകെട്ടിയ ഓര്‍മകളില്‍
മനസ്സെന്നൊരു സ്പൈഡര്‍മാന്‍
തക്കം പാര്‍ത്തിരിക്കുന്നുണ്ട്.
ഏതോ ഒരിരയെതേടി.

വലിച്ചെറിഞ്ഞു കെട്ടിയ
ഓർമകളിൽ തൂങ്ങിപ്പിടിച്ച്
നൊടിയിട പോലുമിടറാതെ പതറാതെ
ജീവനില്‍ നിന്ന് ജീവനിലേക്കു
കാലത്തില്‍ നിന്ന് കാലത്തിലേക്ക്‌
പ്രയാണം മതിയാവാത്തൊരു സ്പൈഡര്‍മാന്‍ . 

കാലത്തിന്‍ ചുമരുകളിലള്ളിപ്പിടിച്ചു
പൊയ്മുഖമഴിക്കാതെ
എത്ര പടര്‍ന്നു കയറിയിട്ടും
മതിയാവാത്തൊരു സ്പൈഡര്‍മാന്‍ .

ഒടുവിലൊരു തിരിച്ചു വരവിനാകാതെ
ഒടുക്കവും തുടക്കവുമറിയാതെ
മാറാലകളില്‍ നിന്ന് മാറാലകളിലേക്ക്
നെയ്ത്തുവെടി നിലയ്ക്കുംവരെ
തക്കങ്ങള്‍ പാര്‍ത്തിരിക്കുന്നതും
സ്പൈഡര്‍മാന്‍ .

5 December 2012

കവിതാ സമാഹാരം - ഹൃദയാമ്പരത്തി

ഒടുവില്‍ , ചില ഇതളുകള്‍ അകത്തി മാറ്റി എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.എന്റെ ആദ്യത്തെ കവിതാ സമാഹാരം. ഇത് സാധ്യമാക്കിയത്  Insightpublica യാണ്.
വായിച്ചു അഭിപ്രായം പറയുമല്ലോ.

ഹൃദയാംബരത്തി (Malayalam Kavithakal)
ഹേമാംബിക
Rs. 50/-
----------------------
FOR VPP Mail us: insightpublica@gmail.com
Call us: 04954020666
Or Send SMS to +91 9961068576
You can also order your copies here: http://bit.ly/TKiWOn . It is easy and takes only few minutes.



25 November 2012

Bad Neuenahr Ahrweiler

Article published in Mathrubhumi Yathra september 2012 issue. (Please click on the image for better reading)




23 November 2012

അറിവുകള്‍

മഞ്ഞു പെയ്യാന്‍ വെമ്പി നില്‍ക്കുന്ന ഈ അകാശത്തിനും കീഴെ, ശരല്‍ക്കാലത്തിനൊടുവില്‍ ശേഷിച്ച അവസാനത്തെ ചക്രവാകക്കൂട്ടങ്ങളും ചൂളമടിച്ചൂളിയിട്ടീ തണുപ്പിലൂടെയൊഴുകുമ്പോള്‍ നിന്നെയല്ലാതെ ഞാന്‍ ആരെ ഓര്‍ക്കാനാണ് ?

 മഞ്ഞുകാലത്തെ കാത്തിരിക്കുന്ന, വര്‍ണ്ണദളങ്ങള്‍ വിതച്ച വഴിയോരത്തിലൂടെ, കിതപ്പിലൂടെ തണുപ്പിനെ കീറി മുറിച്ചു നടക്കുമ്പോള്‍ , ഇളകിയാടുന്ന, അടരുവാന്‍ വയ്യാത്ത, നിറങ്ങള്‍ കൊയ്തെടുത്ത ഈ ഇലകള്‍ നിന്നെയല്ലാതെ ആരെ ഓര്‍ക്കാനും എന്നോടു പറയുന്നില്ലെന്നും ഞാന്‍ അറിയുന്നു.

 കടന്നു പോകുന്ന ഓരോരുത്തരുടെയും മുഖത്ത് വിരിയുന്ന പുഞ്ചിരി, നിന്റെ ഓര്‍മ്മകളില്‍ വിരിഞ്ഞ പുഞ്ചിരിയുടെ, പ്രതിഫലനമാണെന്നും ഞാന്‍ അറിയുന്നു. :)

8 November 2012

തീയാറ്റ

 അതും ഇതും മറ്റു പലതും, പലരും കേട്ട് മറന്നതായിരുന്നു. അയാളത് കേള്‍ക്കാന്‍ വൈകിയത് തിരക്കുള്ളതുകൊണ്ടായിരുന്നില്ല. ചെവി, പണയം വെച്ചത് കൊണ്ടായിരുന്നു -അവള്‍ പറയുന്നത് കേള്‍ക്കാന്‍ , അവള്‍ പാടുന്നത് കേള്‍ക്കാന്‍ , അവളുടെ നിലവിളികള്‍ , അവളുടെ തേങ്ങലുകള്‍ - അങ്ങനെ അവളുടേതായ ശബ്ദങ്ങള്‍ക്ക് പണയം വെച്ച കാതുമായി, പല ദൂരദേശത്തും അയാള്‍ അലഞ്ഞു.

 അവസാനിക്കാറായ ഒരു കാലത്ത്, ഏതോ ഒരു പേടകത്തില്‍ അയാളുടെ അടുത്തെത്തിയത് അവളായിരുന്നില്ല. പണയം വച്ച കാതുകള്‍ ഉള്ളത് കൊണ്ട് പേടകത്തിന്റെ തുഴച്ചിലും പേടകത്തിലെ ജീവികളുടെ വിളികളും അയാള്‍ക്ക് കേള്‍ക്കാന്‍ സാധിച്ചില്ല. അങ്ങനെ അവസാനിച്ച, ആ കാലത്ത് അയാള്‍ അകപ്പെട്ടത് , പലതരം പക്ഷികളും ചെറുജീവികളും മാത്രമുള്ള ഒരു ദ്വീപിലായിരുന്നു.

ദ്വീപിലെ മണലിലൂടെ പാദുകം നഷ്ടപ്പെട്ട അയാള്‍ ബദ്ദപ്പെട്ടു നടന്നു. ഞെരിഞ്ഞമരുന്ന, സ്വപ്ന ലോകത്ത് നിന്ന് പറിച്ചെയാന്‍ വിധിക്കപ്പെട്ട, മണല്‍ത്തരികളില്‍ ചിലത് രോഷം പ്രകടിപ്പിച്ചു. ഒച്ച വെച്ചു. കാതു പണയപ്പെടുത്തിയവനെ ബധിരന്‍ എന്ന് വിളിച്ചു. അയാള്‍ക്കതൊന്നും കേള്‍ക്കാന്‍ പറ്റില്ലെന്നറിഞ്ഞിട്ടും.

 'ഒന്ന് നിര്ത്തു'

 ശബ്ദമയാള്‍ കേട്ടില്ലെങ്കിലും, തന്റെ ചുമലില്‍ എന്തോ ഒരു ഭാരം അയാള്‍ക്ക് അനുഭവപ്പെട്ടു. അതൊരു തീയാറ്റ പക്ഷിയായിരുന്നു.

 'നീ ഏതു, എന്റ ചുമലിനു ഭാരമാകാതെ പറന്നു പോകു'

 തീയാറ്റ പക്ഷിയുടെ ഉത്തരത്തിനായി, അയാള്‍ കേള്‍വിയുടെ ഒരു തവണ പലിശ അടച്ചു.

 'എനിക്ക് നിന്റെ ചുമലിന്റെ ഭാരമാവണ്ട, പക്ഷെ ഞാന്‍ അവളാണു. അതു പറയാനാണ് ഞാന്‍ വന്നത്.'

 അതും പറഞ്ഞു നീട്ടി ചൂളമടിച്ചു കൊണ്ട് പക്ഷി പറന്നു പോയി. കടല്‍ക്കാക്കളുടെ സീല്‍ക്കാരത്തില്‍ തിരമാലകളുടെ ഗര്‍ജ്ജനങ്ങള്‍ ഇല്ലാതാകുന്നില്ലെന്നു അയാള്‍ അറിഞ്ഞു. ദ്വീപിലെ അനേകം പക്ഷികളുടെ പാട്ടുകളും കടല്‍ കാറ്റിലാടുന്ന മരങ്ങളുടെ തലപ്പുകളുടെ ശ്രുതിയിടലുകളും, മണല്തരികളുടെ കുഞ്ഞു കുഞ്ഞു സ്വപ്ങ്ങളും, പിന്നോട്ടോടുന്ന ഞണ്ടിനു പിറകെ മുന്നോട്ടോടുന്ന നീര്‍നായകളുടെ മുരളലുകളും അയാള്‍ക്ക്‌ കേള്‍ക്കാന്‍ കഴിഞ്ഞു. ശബ്ദമുഖരിതമായ ആ തുരുത്തില്‍ കണ്ണുകള്‍ പതിയെ അടച്ചു അയാള്‍ നടന്നു....

Related Posts with Thumbnails