Showing posts with label യുറോപ്പ്. Show all posts
Showing posts with label യുറോപ്പ്. Show all posts

25 November 2012

Bad Neuenahr Ahrweiler

Article published in Mathrubhumi Yathra september 2012 issue. (Please click on the image for better reading)




30 June 2010

ആമ്സ്ടര്‍ഡാം - ഭാഗം1

കുറച്ചു നാളായിട്ടുള്ള ആഗ്രഹമായിരുന്നു ഹോളണ്ടിലെ (നെതര്‍ലാന്ഡ് ) അമ്സ്ടര്‍ഡാമില്‍ പോകണമെന്ന്. പ്രത്യേകിച്ച് അവിടുത്തെ തുളിപ്പ് ഗാര്‍ഡന്‍ കാണണം എന്ന്. ജര്‍മനിയുടെ പടിഞ്ഞാറു ഭാഗത്ത്‌ ഒട്ടി നില്‍ക്കുന്ന കൊച്ചു രാജ്യമാണിത്‌.
അങ്ങിനെ ആ സുദിനം വന്നു ചേര്‍ന്നു. ഒരു വ്യാഴാഴ്ചയാണ് തീരുനമാനിച്ചത്. ട്രെയിനില്‍ പോകാം, അതാകുമ്പോള്‍ ഇവിടുന്നു മൂന്നു മൂന്നര മണിക്കൂറെ ഉള്ളൂ. സാധാരണ വീകെണ്ട് ട്രിപ്പുകള്‍ പോകുമ്പോള്‍ വെള്ളിയാഴ്ചയെ കുറ്റീം പറിച്ചോണ്ട് പോകും, കാരണം രണ്ടു മുഴുനീള പകലുകള്‍ കിട്ടുമല്ലോ. ഒട്ടും സമയം നഷ്ടമാകില്ല. ഇക്കുറി ശനിയാഴ്ച രാവിലെ പോകാമെന്ന് വച്ചു.   ശനിയാഴ്ച രാവിലെ ഏതാണ്ട് ആറു മണിക്ക് ഇവിടുന്നു ICE ട്രെയിന്‍ ഉണ്ട്. അതിനു പോയാല്‍ പത്തു മണിക്ക് മുന്‍പ് അമ്സ്ടര്‍ഡാമില്‍ ഏത്തും. വെള്ളിയാഴ്ചരാത്രി ഹോട്ടല്‍ കാശു ലാഭം.:) എല്ലാം കണക്കു കൂട്ടി ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. സീറ്റും റിസേര്‍വ് ചെയ്തു. അങ്ങനെ ശനിയാഴ്ച രാവിലെ തന്നെ ട്രെയിനില്‍ കേറി പറ്റി. റിസേര്‍വ് ചെയ്ത സീറ്റില്‍ തന്നെ രണ്ടാമുറക്കത്തിനു ഇരുന്നു.

നേരത്തെ പറഞ്ഞിരുന്ന കാലാവസ്ഥ പ്രവചനത്തിന് വിപരീതമായി അകെ മൂടല്‍ മഞ്ഞും മഴയും. അതു കൊണ്ട് ട്രെയിന്‍ യാത്ര അത്ര കണ്ടു സുഖകരമായില്ല. ഹോളണ്ടിന്റെ ഗ്രാമക്കാഴ്ചകള്‍ എല്ലാം മൂടല്‍ മഞ്ഞില്‍ മാഞ്ഞു പോയി. പെട്ടെന്ന് എന്റെ ട്രെയിനിനെ ഭും.. എന്ന ശബ്ദം കൊണ്ട് പേടിപ്പിച്ചു മറ്റൊരു ട്രെയിന്‍ കടന്നു പോയി. ഈശ്വര, ഇതു തന്നെ 200 ലധികം സ്പീടിലാണ് പോകുന്നത്, അപ്പൊ ആ പോയ പണ്ടാരത്തിന്റെ സ്പീഡ് എന്താവും.......പാവം എന്റെ ഇന്ത്യ. ഇങ്ങനെയുള്ള ഓരോ 'അക്രമവും' കാണുമ്പോള്‍ ഞാന്‍ അറിയാതെ പറയുന്നതാണ് 'പാവം എന്റെ ഇന്ത്യ'.
പറഞ്ഞ സമയത്ത് തന്നെ ട്രെയിന്‍ ആമ്സ്ടര്ടാമില്‍ എത്തി. റെയില്‍വേ സ്റെഷന്റെ അകത്തു തന്നെ ടൂറിസ്റ്റ് ഇന്‍ഫോര്‍മേഷന്‍ കിട്ടുന്ന ഓഫീസ് ഉണ്ടായിരുന്നു. അവിടുന്ന് മാപ്പും മറ്റു വിവരങ്ങളും വാങ്ങി. ട്രെയിനിലും ബസ്സിലും ഫ്രീയായി പോകാവുന്ന ഒരു അമ്സ്ടര്ടാം കാര്‍ഡും എടുത്തു. ഈ കാര്‍ഡ് കാണിച്ചാല്‍ ചില മ്യുസിയത്തിലും മറ്റും ഇളവു കിട്ടുകേം ചെയ്യും, കൂടാതെ കനാലിലൂടെ ഒരു ബോട്ട് യാത്ര സൌജന്യം.


 അമ്സ്ടര്ടാം റെയില്‍വെ സ്റ്റേഷന്‍ 

 റെയില്‍വെ സ്റ്റേഷനും പരിസരവും 

നഗരത്തിന്റെ ഒരു ഏകദേശ രൂപം കിട്ടാന്‍ കുറച്ചു നേരം വെറുതെ നടക്കാമെന്ന് വച്ചു. മറ്റു യൂറോപ്പ്യന്‍ നഗരങ്ങളില്‍ നിന്നും എന്നെ ഏറ്റവും ആകര്‍ഷിച്ചത് ഇവിടുത്തെ കനാല്‍ സിസ്റ്റം ആണ്. ഒരു ഏകദേശ രൂപം കിട്ടാന്‍ നഗരത്തിന്റെ മാപ്പ് താഴെ ചേര്‍ക്കുന്നു.
 നീലയില്‍ അടയാളപ്പെടുത്തിയത് കനാലുകളാണ് 

മാലിന്യ വിമുക്തമായ കനാലുകളും അതിലൂടെ നിരന്തരം പാഞ്ഞു കൊണ്ടിരിക്കുന്ന സഞ്ചാര ബോട്ടുകളും അല്ലാത്ത ബോട്ടുകളും രസിപ്പിക്കുന്ന ഒരു കാഴ്ച തന്നെ. ചിത്രത്തില്‍ കാണുന്നത് പോലെ ഏതാണ്ട് 1500 -ലധികം പാലങ്ങളും കനാലുകളെ  ബന്ധിപ്പിച്ചു കൊണ്ട് ചിതറി കിടക്കുന്നു. സ്ട്രീടുകള്‍ക്ക് പേര് കൊടുക്കുന്ന പോലെ ഓരോ കനാലിനും പേരുണ്ട്, gentle mans കനാല്‍ , princes കനാല്‍ എന്നിങ്ങനെ. കനാലുകളുടെ ചരിത്രം പറയുകയാണെങ്കില്‍ ഏതാണ്ട് 17 - ആം നൂറ്റാണ്ടിലാണ് കനാലുകളുടെ നിര്‍മാണം ആരംഭിച്ചത്. വാണിജ്യാവശ്യങ്ങള്‍ക്കും സുരക്ഷയ്ക്കും കൂടിയാണ് കനാലുകളുടെ പണി ആരംഭിച്ചത്. പിന്നീട് പല വര്‍ഷങ്ങളിലായി ഓരോ കനാലുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു.

അങ്ങനെ നടന്നു നടന്നു എത്തിയത് I amsterdaam എന്നെഴുതി വച്ച ഒരു ഒരു പഴയ കെട്ടിടത്തിനു മുന്നിലായിരുന്നു.
I amsterdaam എന്നത് അമ്സ്ടര്ടാം ടൂറിസ്റ്റ് കാര്‍ഡിന്റെ പരസ്യം ആണെന്ന് തോന്നുന്നു. പിന്നെ മറ്റു ചിലയിടത്തും അതു കണ്ടു. മറ്റു സഞ്ചാരികളെപ്പോലെ അവിടെ നിന്നും കുറച്ചു ഫോട്ടോകള്‍ എടുത്തു. ഒരു പഴയ കെട്ടിടം കാപ്പിക്കട ആക്കിയതാണെന്ന് തോന്നുന്നു.

 കുറെ ഇന്ത്യന്‍ ചെക്കന്മാര്‍ അവിടെ കിടന്നും ഇരുന്നും ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു :)

അവിടെ നിന്നു നടന്നു കേറിയത്‌ റെഡ് സ്ട്രീറ്റില്‍ ആണ്. ഇതിനെക്കുറിച്ച്‌ ഞാന്‍ മുന്‍പ് ഇവിടെ എഴുതിയിട്ടുണ്ട്. അവിടെ നിന്നും എങ്ങനെയൊക്കെയോ തടി കേടാകാതെ പുറത്തു കടന്നു. ഇന്ന് തന്നെ അമ്സ്ടര്ടാമിലുള്ള മിക്ക സ്ഥലങ്ങളിലും പോണം. കാരണം നാളത്തെ ദിവസം ടുളിപ്പു ഗാര്‍ഡന്‍ കാണാന്‍ വേണ്ടി ഒഴിച്ചിട്ടിരിക്കയാണ്‌. അവിടുത്തേക്ക്‌ നഗര മധ്യത്തില്‍ നിന്നും കുറച്ചധികം ദൂരം ഉണ്ട്. ഒരു ദിവസം മുഴുവന്‍ വേണ്ടി വരും അവിടെ ചുറ്റാന്‍.

റെഡ് സ്ട്രീറ്റും കഴിഞ്ഞു ഇടുങ്ങിയ തെരുവുകളിലൂടെ പിന്നെയും കുറെ നടന്നു. കെട്ടിടങ്ങള്‍ തിങ്ങി നില്‍ക്കുന്നു. ഒരു സ്ഥലത്ത് എത്തിയപ്പോള്‍ കുറെയാളുകള്‍ കൂട്ടം കൂട്ടമായി നടന്നു പോകുന്നത് കണ്ടു, സഞ്ചാരികളാണ്. ഏതായാലും അവരുടെ പുറകെ നടന്നാല്‍ എന്തെങ്കിലും തടയാതിരിക്കില്ല. എത്തിപ്പെട്ടത് dam square എന്ന പബ്ലിക് സ്ഥലത്താണ്. അവിടെയാണ് റോയല്‍ പാലസും കുടാതെ ഒരു നാഷണല്‍ മോനുമെന്റും ഉള്ളത്. ഏതാണ്ട് 800 വര്‍ഷങ്ങളുടെ ചരിത്രം പറയാനുണ്ട്‌ ഈ സ്ഥലത്തിന്. ഇവിടെയുള്ള വെള്ള നിറത്തിലുള്ള കരിങ്കല്‍ സ്തൂപം രണ്ടാം ലോക മഹായുദ്ധകാലത്തെ ബലിയാടുകളുടെ ഓര്‍മ്മയ്കായി 1956 -ല്‍  (ഡച്ചു ആര്‍ക്കിടെക്റ്റ് ആയ JJP Oud ) പണിതതാണ്. 1945 ല്‍ ജര്‍മന്‍കാര്‍ ഇവിടെ വച്ചു കുറെ ഡച്ചുകാരുടെ നേരെ നിറയൊഴിച്ചിട്ടുണ്ട്. ഏതാണ്ട് നമ്മുടെ ജാലിയന്‍ വാലാബാഗ് സംഭവം പോലെ ഒന്ന്. ഏതായാലും എന്റെ യാത്രാ ദിവസം, കൊട്ടാരത്തിന്റെ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ആ ഭാഗത്തേക്ക്‌ പോകേണ്ടി വന്നില്ല :)


 അങ്ങകലെ മൂടിക്കെട്ടി വച്ചതാണ് റോയല്‍ പാലസ് :)

 
 നാഷണല്‍ മോനുമെന്റ്  

അവിടുന്ന് പോട്ടമൊക്കെ പിടിച്ച് വച്ചു പിടിച്ചു Anne Frank മ്യുസിയത്തിലേക്ക്. അന്നയെ ഓര്‍മയില്ലേ, നമ്മള്‍ സ്കൂളില്‍ പഠിച്ച ഡയറിക്കുറിപ്പുകള്‍..ആ കുറിപ്പുകളുടെ ഉടമ തന്നെ. ജുതന്മാരായ മാതാപിതാക്കള്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും 1933 -ല്‍  ഒളിച്ചോടി അഭയം തേടിയത് അമ്സ്ടര്ടാമില്‍ ആണ്. പക്ഷെ 1940 -ല്‍ നാസികള്‍ നെതര്‍ലാന്‍ഡ്‌ പിടിച്ചടക്കിയതോടെ വീണ്ടും അവര്‍ കഷ്ടത്തിലായി. ഇന്ന് മ്യുസിയമാക്കിയിരിക്കുന്ന ആ വീട്ടില്‍ ഒളിച്ചു പാര്‍ക്കെയാണ് അവരെ നാസികള്‍ പിടികൂടി കോണ്‍സെന്ട്രെഷന്‍ ക്യാമ്പിലേക്ക് അയച്ചത്. അന്ന ഡയറി എഴുതാന്‍ തുടങ്ങിയത് ഇവിടെ വച്ചാണ്.

 
 അന്നെ ഫ്രാങ്ക്  ഹൌസിനു മുന്നിലുള്ള ക്യു :(, തല്‍കാലം ഈ ഫോട്ടോ കൊണ്ട് തൃപ്തിപ്പെടു. 

പറയേണ്ടതൊക്കെ പറഞ്ഞു, പക്ഷെ കാണേണ്ടത് കണ്ടില്ല എന്ന് പറഞ്ഞാ മതിയല്ല്ലോ. ഞങ്ങള്‍ എത്തിയപ്പോള്‍ അതാ നീണ്ട ക്യു. ആ ക്യുവില്‍ നിന്നാല്‍ പിന്നെ ഇന്ന് വേറൊന്നും കാണാന്‍ പറ്റും എന്ന് തോന്നുന്നില്ല. അതു കൊണ്ട് മറ്റൊരു ദിവസത്തേക്ക് മാറ്റി. മറ്റൊരു ദിവസം ..അതുണ്ടാവുമോ എന്നൊന്നും അറിയില്ല. അങ്ങനെ ആ നഷ്ടവും പേറി കനാലിന്റെ തീരത്ത് കൂടെ അടുത്ത ലക്ഷ്യത്തിലേക്ക് നടന്നു. ഹൌസ് ബോട്ട് മ്യുസിയം കാണാന്‍ വേണ്ടി.അന്നയുടെ വീടിന്റെ അടുത്ത് തന്നെയാണ് അതു. എന്തോ സംഭവം ആണെന്ന് വച്ചാ പോയത്. പക്ഷെ അടുത്ത് പോയപ്പോഴാണ് മനസ്സിലായത്. നമ്മുടെ കേരളത്തിലെ ഹൌസ് ബോട്ടിന്റെ ഒരു അയലത്ത്  പോലും നിക്കില്ല. അതും ഒഴിവാക്കി കുറച്ചു കൂടി കനാല്‍ തീരത്ത് കൂടി നടന്നു.

 ഈ വല്യ ബോട്ടിന് അപ്പുറത്ത് കാണുന്ന ഇമ്മിണി വല്യ ബോട്ടാണ് ഹൌസ് ബോട്ട് മ്യുസിയം 


 

ഇന്ന് ആകെക്കൂടി ഗതി കെട്ട ദിവസം തന്നെ.ആ ഗതികേടിന്റെ അന്ത്യം രാത്രി ഒരു മണിക്കേ തീര്ന്നുള്ളൂ, അക്കഥ പിന്നെ പറയാം...
അടുത്ത ട്രാം സ്റ്റേഷനില്‍ നിന്നു ട്രാം പിടിച്ചു ബോട്ട് യാത്രക്കുള്ള സ്ഥലത്ത് എത്തി. ഏതായാലും ബോട്ട് യാത്രക്കുള്ള ഫ്രീ ടിക്കറ്റ്‌ ഉണ്ട്, അതു കഴിക്ക തന്നെ. വെറുതെ നടന്നു കാല് കഴക്കേം വേണ്ട.ഒരു വിധം എല്ലാ കാഴ്ചകളും കാണാം. ബോട്ടില്‍ കേറാനും നല്ല ക്യു ഉണ്ട്. പല ബോട്ട് സര്‍വീസുകള്‍ ഉണ്ട്, നഗരത്തിലെ മിക്കവാറും സ്ഥലം കാണാന്‍ പറ്റുന്ന ഒരു ബോട്ടില്‍ തന്നെ കേറി പറ്റി. ഏതാണ്ട് ഒന്നര മണിക്കൂര്‍ ബോട്ട് യാത്ര. പ്രധാന സ്ഥലങ്ങളെക്കുറിച്ച് റെക്കോര്‍ഡ്‌ ചെയ്ത വിവരണവും ഉണ്ടായിരുന്നു. അങ്ങനെ കനാലുകളില്‍ നിന്നു കനലുകളിലേക്ക്, ഓരോ പാലങ്ങളും കടന്നു കടന്നു ഒരു യാത്ര. ചെറിയ കനാലിലൂടെ അതി വിദഗ്ധമായി എങ്ങും തട്ടാതെ മുട്ടാതെ ഡ്രൈവര്‍ ഓടിച്ചു. ആ ബോട്ട് യാത്ര ശരിക്കും ആസ്വദിച്ചു. മൂടിക്കെട്ടിയ ആകാശമൊക്കെ പോയി നല്ല വെയിലും. കനാല്‍ തീരത്ത് ബിയര്‍ അടിക്കുന്നവര്‍ റ്റാറ്റയൊക്കെ തന്നു :). തിരിച്ചും.
കുറച്ചു പടങ്ങള്‍ ഇതാ.


 ബോട്ട് യാത്രയുടെ തുടക്കം ഇവിടെ നിന്നു 
 
 എന്തൊരു ഒരുമ. താഴെ ബോട്ട് , മുകളില്‍ ട്രാം. എത്ര കുറഞ്ഞ സ്ഥലത്ത് കൂടിയാണ് ബോട്ട് വരുന്നത് എന്ന് നോക്കൂ.


 
 ഈ ഫോട്ടോയില്‍ കനാലിലൂടെയുള്ള നാല് പാലങ്ങള്‍ കാണാം .

 
 സൈക്കിളും ബോട്ടുമാണ് കാറിനെക്കാളും ഡിമാന്റ് 
 
 കനാലിലേക്ക് കാലും നീട്ടി ബിയര്‍ അടിക്കുന്നവര്‍ :)

ഇനിയും എഴുതിയാല്‍ കുറച്ചു കൂടിപ്പോകും. വായിക്കുന്ന നിങ്ങള്‍ക്കും ബോറടിക്കും. അതു കൊണ്ട് ബാക്കി അടുത്ത ഭാഗത്തില്‍. ഇനിയും ഒരുപാടുണ്ട്-ഹോട്ടല്‍ തേടിയലഞ്ഞ കഥ (ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷാപ്പില്‍ പോയില്ലട്ടോ (പ്ലീസ് ചിരിക്കൂ :)), വിന്ഡ് മില്ലുകള്‍ പിന്നെ തുളിപ്പ് ഗാര്‍ഡന്‍. പൂക്കളുടെ ഫോട്ടോസ് ...അപ്പൊ ഇനി അധികം വൈകാതെ കാണാം. (ഈശ്വര ദൈവമേ ..എന്നാണാവോ)

11 October 2009

സൌന്ദര്യം - ഒരു കൊച്ചു കഥ


ഗൂഗിള്‍ മാപ്പില്‍ നോക്കി നോക്കി ദൂരം കണക്കാക്കി ഒരു ഏകദേശ സ്ഥലത്ത് ട്രെയിന്‍ ഇറങ്ങി.
സീബന്‍ മോര്‍ഗന്‍ വെഗ് 6 . അവിടെയാണ് എത്തേണ്ടത്. റോഡു മുറിച്ചു കടന്നു ഓവര്‍ ബ്രിഡ്ജിന്റെ
അടിയിലൂടെയുള്ള ചെറിയ ടാറിട്ട റോഡിലേക്ക്‌ കയറിയതെ ഉള്ളൂ . അതാ കറുത്ത അക്ഷരത്തില്‍ ഒരു ബോര്‍ഡ്‌ .
ആ ചൂണ്ടു പലക ലക്ഷ്യമാക്കി നടന്നു .

വഴിയരികില്‍ ഒരു അമ്മൂമ്മ വളരെ കഷ്ടപ്പെട്ട് കൈയിലുള്ള പല നിറത്തിലുള്ള കുപ്പികള്‍ വലിയ പഴ്കുപ്പിഭാണ്ടാരങ്ങളില്‍ ഓരോന്നായി ശ്രദ്ധാപൂര്‍വ്വം ഇടുന്നു. അതും കടന്നു എത്തിയത് പഴയ കുഗ്രാമത്തിലെ കെട്ടിടടങ്ങള്‍ പോലെ തോന്നിപ്പിക്കുന്ന ഒരു കൂട്ടം കെട്ടിടങ്ങളുടെ മുന്നിലാണ്. സീബന്‍ മോര്‍ഗന്‍ വെഗ് . ഞാന്‍ പിന്നെയും തിരഞ്ഞു . അതാ അങ്ങ് ദൂരെ ഒരു വലിയ കെട്ടിടത്തിന്റെ മുന്നില്‍ പത്തു എന്ന് എഴുതിയിരിക്കുന്നു . നാല്, ആറ്, പത്തു .....ആ കൂറ്റന്‍ കെട്ടിടത്തിന്റെ മുന്നില്‍ എത്തി പരുങ്ങി നിന്നു.ആറാം നമ്പര്‍ കെട്ടിടതിലെക്കാന് എനിക്ക് പോകേണ്ടത് . ആരോടെങ്കിലും ചോദിക്കാമെന്നു വച്ചാല്‍  അടുത്തെങ്ങും ആരുമില്ല. അടുത്തുള്ള റെയില്‍വേ പാലത്തിലൂടെ ഒരു വണ്ടി ശബ്ദം താഴ്ത്തി കടന്നു പോയി. കൂറ്റന്‍ കെട്ടിടത്തില്‍ പല പരസ്യങ്ങളുടെ പോസ്ടരുകള്‍ പതിപ്പിച്ചിട്ടുണ്ട്. അതിന്റെ ഇടയിലായി ആറാം നമ്പര്‍ കെട്ടിടതിലെക്കുള്ള ചൂണ്ടു പോസ്റര്‍ .

കെട്ടിടത്തിന്റെ വലിയ അകതലത്തിലും ആരും ഉണ്ടായിരുന്നില്ല . വയലിന്‍ നിര്‍മിക്കുന്ന സ്ത്രീയുടെ പേര് പ്രധാന വാതിലിനടുത്ത് എഴുതി കണ്ടു . നാലാമത്തെ നില . വിശാലമായ ഗോവണികള്‍ കയറുമ്പോള്‍ കിതക്കുന്നുണ്ടായിരുന്നു.
കിതപ്പ് മാറ്റാന്‍ ഇടയ്ക്കു നിന്നു . ചുമരില്‍ ചില നവീന രീതിയിലുള്ള ചിത്രങ്ങള്‍ . ഒന്നും മനസ്സിലായില്ല .
നേരത്തെ വിളിച്ചിരുന്നത് കൊണ്ട് വയലിന്‍ സ്ത്രീ വാതിലിനു സമീപം തന്നെ കത്ത് നില്‍ക്കുന്നുണ്ടായിരുന്നു.
അവര്‍ ഹൃദ്യമായി സ്വാഗതം ചെയ്തു. വെള്ളയില്‍ വരയുള്ള ഷര്‍ട്ടും അതിന്റെ കൂടെ ചെളിയധികം പുരളാത്ത ആപ്രനും  അവര്‍ ധരിച്ചിരുന്നു. മുടി തൊപ്പി പോലെ തോന്നിക്കും വിധം വെട്ടി നിരത്തിയിരുന്നു. ചിരിക്കുമ്പോള്‍ ആ മുടിയും കൂടെ ഇളകി. സ്ത്രീ എന്നെ അകത്തേക്ക് വിളിച്ചു. ഇടനാഴിയു‌ടെ അകത്തേക്ക് . ആദ്യം ചെന്നത് ഒരു വീടിനെ അനുസ്മരിപ്പിക്കുന്ന ചെറിയ അടുക്കളയിലാണ് . കാപ്പിയും മറ്റും ഉണ്ടാക്കാനുള്ള ഒരു കൊച്ചു സ്ഥലം . ഇടനാഴിയില്‍ വച്ചു അവരെന്നോട് കുശലം പറയാന്‍ ശ്രമിച്ചു .
-ഒരു പാട് ബുദ്ധിമുട്ടിയോ ഈ സ്ഥലം കണ്ടുപിടിക്ക്കാന്‍ ..
ഞാന്‍ കിതച്ചു കൊണ്ട് 'അതെ പക്ഷെ സാരമില്ല' എന്ന് പറഞ്ഞതു .
അപ്പോഴേക്കും വയലില്‍ നിര്‍മ്മിക്കുന്ന മുറിയില്‍ എത്തിയിരുന്നു . മുറിയില്‍ നിറയെ അതുണ്ടാക്കാനുള്ള അവശ്യ
വസ്തുക്കള്‍ . കുട്ടികള്‍ക്കുള്ള ചെറിയ വയലിനുകള്‍ ചുമരില്‍ തൂക്കിയിട്ടുണ്ട്‌ . മുറിയില്‍ മരചീളുകളുടെയും ചായത്തിന്റെയും നേരിയ വാസന . മൂലക്കുള്ള ഒരു ഉയര്‍ന്ന മേശമേല്‍ എനിക്കുള്ള വയലില്‍ . അവര്‍ അതു തുറന്നു കാട്ടി അതിന്റെ ഗുണഗണങ്ങള്‍ വര്‍ണിച്ചു.ഞാന്‍ ഓരോന്നിന്റെയും വിലനിലവാരപട്ടിക ചോദിച്ചു മനസ്സിലാക്കി . പൊതുവേ നല്ല കാശു കൊടുക്കണം . പക്ഷെ എനിക്ക് പഠിച്ചേ തീരൂ ....
അവര്‍ ശ്രദ്ധാപൂര്‍വ്വം ആ വയലിന്‍ കേസ് എന്നെയേല്‍പ്പിച്ചു . അതുമായി നീങ്ങുമ്പോള്‍ അവര്‍ എന്നെ അനുഗ്രഹിച്ചു . പെട്ടെന്ന് നന്നായി പഠിക്കാന്‍ സാധിക്കട്ടെ . അടുത്തിടെ പെട്ടെന്ന് പ്രസസ്തനായ ഒരു വയലിനിസ്ടിന്റെ കാര്യം ഞാന്‍ അവരോടു പറഞ്ഞു.

-ചിലപ്പോ ഞാനും അയളെപ്പോലെ ആയാലോ . മൂപ്പര് വയലിന്‍ പഠിച്ചു തുടങ്ങിയത് പത്തിരുപതു വയസ്സ്  കഴിഞ്ഞാണ്‌ . ഇപ്പൊ ആല്‍ബങ്ങള്‍ ഇറക്കുന്നു . കണ്സെര്ട്ടുകള്‍ നടത്തുന്നു ..അങ്ങനെ ഞാനും ..
- അതാരാ അങ്ങിനെ ഒരാള്‍ ?..വയലിന്‍ സ്ത്രീക്ക് കൌതുകം .
-പേര് ഞാന്‍ മറന്നു പോയി . പക്ഷെ എനിക്കാതെ ഓര്‍മ്മിക്കാന്‍ കഴിയുന്നത്‌ അദ്ദേഹം വളരെ സുന്ദരനാണ് എന്നാണ് .
-സുന്ദരന്‍ ....ഹും ...
-അതെ എനിക്കാതെ ഓര്‍മ്മിക്കാന്‍ കഴിയുന്നത്‌ അദ്ദേഹം സുന്ദരന്‍ ആണെന്നാണ് . ഞാന്‍ വീണ്ടും പറഞ്ഞു .
ഇടനാഴിയിലൂടെ എന്നെ യാത്രയാക്കാന്‍ കൂടെ വരുമ്പോള്‍ സ്ത്രീ വീണ്ടും ചോദിച്ചു .
-അപ്പോള്‍ നിങ്ങളുടെ കാഴ്ചപ്പാടില്‍ സുന്ദരന്‍ അല്ലെങ്കില്‍ സുന്ദരി എന്ന് പറഞ്ഞാല്‍ ..എങ്ങിനെയാണ്‌ ..?
തെല്ലും ആലോചിക്കാതെ ഞാന്‍ പറഞ്ഞു .

-നിങ്ങള്‍ വളരെ സുന്ദരിയാണ് .
സ്ത്രീ പൊട്ടി പൊട്ടി ചിരിച്ചു .

യാത്ര പറയുമ്പോള്‍ അവരുടെ കവിളുകള്‍ സന്തോഷം കൊണ്ട് ചുവന്നിരുന്നു....... 

Related Posts with Thumbnails