8 November 2010

യാരും രസിക്കവില്ലയെ...

പെണ്‍കുട്ടികള്‍ ഒരു വീടിന്റെ സ്വത്താണ്.
കൊച്ചു പെണ്‍കുട്ടികളെ ഇഷ്ടമല്ലാത്തവര്‍ ആരെങ്കിലും ഉണ്ടോ. പാദസ്വരത്തിന്റെ ജില് ജില് ശബ്ദവും പിന്നെ നാണത്തിന്റെ നനുത്ത കുളിര്‍മയും കൊണ്ടു വീടു നിറയെ ഓടി നടക്കുന്ന കൊച്ചു പെണ്‍കുട്ടികള്‍ .
ഈ പാട്ട് കേട്ടു നോക്കു, 'നിലാ കൈകിറത്...യാരും രസിക്കവില്ലയെ...'




ഈയിടെയാണ് ഞാന്‍ ആ പാട്ട് കേട്ടത്. സുഹാസിനി സംവിധാനം ചെയ്ത ' ഇന്ദിര' എന്ന 1995 - ഇല്‍ ഇറങ്ങിയ സിനിമ. റഹ്മാന്റെ സംഗീതത്തില്‍ ഹരിണി പാടിയ പാട്ടാണ് നിലാ കൈകിറത്..ഹമീര്‍ കല്യാണി എന്നാ കര്‍ണാടിക് രാഗത്തിലാണ് ഈ പാട്ട് പാടിയിരിക്കുന്നത് . എന്ത് മധുരമാണ് ഈ പാട്ട് !

ഈ പാട്ട് എന്നെ കുറെ ഓര്‍മിപ്പിച്ചു, അല്ലെങ്കില്‍ കരയിപ്പിച്ചു എന്ന് പറയാം. ആ ഓര്‍മകളിലൂടെ ഞാന്‍ ഒന്ന് പോയി നോക്കി..എല്ലാം അവിടെ തന്നെയുണ്ട്‌ . എന്റെ ഓര്‍മകളില്‍ , ഒന്നും മാഞ്ഞു പോകാതെ. എനിക്ക് തന്നെ അത്ഭുതം തോന്നുന്നു..

അങ്ങനെ ഒരു കൊച്ചുപെന്കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു. ഒറ്റപ്പെട്ട ഒരു ബാല്യ കാലം എന്ന് കാണുന്നവര്‍ക്ക് പറയാം. കാരണം, അന്ന് ഏട്ടന്‍ പഠിച്ചിരുന്നത് ദൂരെ ആര്‍മി സ്കൂളില്‍ ആയിരുന്നു, പിന്നെ വീട്ടിനടുത്തുള്ള കുട്ടികള്‍ എല്ലാം ഒന്നുകില്‍ കുറെ വലിയവര്‍ , കോളേജിലൊക്കെ പോകുന്നവര്‍ അല്ലെങ്കില്‍ തീരെ ചെറിയവര്‍ . അതെ, കാണുന്നവര്‍ക്ക് പറയാം , ഞാന്‍ ഒറ്റക്കായിരുന്നു എന്ന്. പക്ഷെ അങ്ങനെ ആയിരുന്നില്ല. കിളികളും തുമ്പികളും കാമനും പൂരവും കാവും ഒക്കെയുണ്ടായിരുന്നു കൂട്ടിനു, ഒക്കെയുണ്ടായിരുന്നു  ;-))

നീണ്ട പാടങ്ങള്‍ ഉണ്ടായിരുന്നു ('ഉണ്ടായിരുന്നു'! അതെ, ഇന്ന് ഉണ്ടോ എന്നറിയില്ല) കാവിനു മുന്നിലൂടെ പടര്‍ന്നു.  വയലുകളുടെ പകുത്തു മാറ്റിക്കൊണ്ട് ചെമ്മണ്‍ നിറഞ്ഞ റോഡു. സ്കൂള്‍ വിട്ടാല്‍ റോഡിലൂടെ വരാം. അല്ലെങ്കില്‍ അച്ഛമ്മയുടെ അടുത്ത് പോയി വരുമ്പോ. ഞാന്‍ റോഡിലൂടെ അധികം പോയിരുന്നില്ല. മഴയായാലും ചളിയായാലും മിക്കവാറും പാടത്തിനു നടുക്ക് കൂടെയാവും പോവുക (ഏതാണ്ട് പത്ത് വയസ്സൊക്കെ ഉണ്ടായിരിക്കും). ഓരോ കതിര്‍ മണികളെയും തൊട്ടു തൊട്ടു കൊണ്ടു. അതിനൊക്കെ ജീവനുണ്ട്, അല്ലെങ്കില്‍ അതൊക്കെ ഞാന്‍ മൂളുന്ന പാട്ട് കേള്‍ക്കുന്നുണ്ട് എന്ന തോന്നലില്‍ . ചിലപ്പോ പേടിപ്പിക്കാന്‍ നീര്‍ക്കോലി പാമ്പ് വരമ്പിനു കുറുകെ ഇഴഞ്ഞു പോവും. അപ്പോ ഞാന്‍ തിരിഞ്ഞോടും. പിന്നെ കുറച്ചു ദിവസത്തേക്ക് ആ വഴി പോവില്ല.

എനിക്കിപ്പോഴും ആ നെല്കതിരുകളുടെ മണം അറിയാം, അതിന്റെ മൂര്‍ച്ച കാലുകളില്‍ നോവിച്ച നനുത്ത നോവ്‌ അറിയാം. വയലൊക്കെ വിളവെടുത്തു കഴിയുമ്പോഴാണ് എനിക്ക് ഏറെ ഇഷ്ടം, വിളവിന്റെ ബാക്കി തിന്നാന്‍ കിളികള്‍ വരും. അപ്പൊ അതു വഴി പോകുമ്പോ കിളികള്‍ ഒന്നടങ്കം പറന്നുയരും. അതു നോക്കി നിന്നു ഞാന്‍ ആ വരമ്പത്ത് ഇരിക്കും , പിന്നെയും കിളികള്‍ വരുന്നതും നോക്കി.ചിലപ്പോ അപ്പുറത്തെ റോഡിലൂടെ പോവുന്ന ആരെങ്കിലും കുവി ചോദിക്കും

''ഒയ് കൂയ് എന്നാ ഏടത്തി ആട ഇരുന്നു പണിയെടുക്കുന്നത് ' എന്ന് .

അതു മിക്കവാറും ചോദിച്ചിരുന്നത് കുന്നുമ്മല്‍ വീട്ടിലെ മോഹനേട്ടന്‍ ആയിരുന്നു. മോഹനേട്ടന്‍ അന്ന് നാട്ടിലുള്ള പത്തോ പന്ദ്രണ്ടോ  ബി ജെ പി ക്കാരില്‍ ഒരാളായിരുന്നു. നെറ്റിയില്‍ ചുവന്ന നീണ്ട കുറിയും താടിയും ഒക്കെയായി മെലിഞ്ഞ നീണ്ട ഒരു മനുഷ്യന്‍ . അന്ന് സ്വതവേ നാണക്കാരിയായ എനിക്ക് അങ്ങനെ ഒരു ചോദ്യം തന്നെ ധാരാളം..പിന്നെ അവിടുന്ന് എണീറ്റ്‌ ഓടെടാ ഓട്ടം.

വീട്ടില്‍ നിന്നു നോക്കിയാല്‍ അങ്ങ് ദൂരെ പച്ച നിറഞ്ഞ കുന്നുകള്‍ കാണാം. എപ്പോഴും വിചാരിക്കും, ആ കുന്നിന്റെ അപ്പുറത്ത് എന്താണ് എന്ന് പോയി നോക്കണം എന്ന്. അമ്മയോട് പറയുമ്പോള്‍ അമ്മ പറയും ,

 'അവിടെയൊക്കെ ഭ്രാന്തന്മാര്‍ ഉണ്ടാകും ..പിന്നെ കുറുക്കന്‍ ‍, കടിക്കുന്ന പട്ടികള്‍ ഒക്കെയുണ്ടാവും'.

അതുകൊണ്ട് പോയില്ല. പകരം രണ്ടു പറമ്പിനു അപ്പുറത്തുള്ള പൊളിഞ്ഞു കിടക്കുന്ന ആ വീട്ടില്‍ പോകും. അവിടെ ഒരു പൊട്ടകിണര്‍ ഉണ്ട്. നന്നായി കെട്ടി ഒതുക്കിയ കിണര്‍ . കാട് പിടിച്ചു പാരോത്തില മരം വളര്‍ന്നു പന്തലിച്ചിട്ടുണ്ട് അവിടെ. പിന്നെ പൊളിഞ്ഞ വീടു എന്ന് പറയാന്‍ മാത്രം ഇല്ല. ഒരു ചെറിയ ചുമര്‍ മാത്രമേ ബാക്കി ഉള്ളൂ. പണ്ട് ഏതാണ്ട് അമ്പതോ നൂറോ കൊല്ലം മുന്‍പ് ആ വീട്ടിലെ താമസക്കാര്‍ക്കൊക്കെ വസൂരി വന്നു മരിച്ചു പോയത്രേ. ശവം ദഹിപ്പിക്കാന്‍ ആര്‍ക്കും ധൈര്യം ഇല്ലാത്തതു കൊണ്ടു ചുമരോക്കെ ഇളക്കി ആളുകളുടെ മേല്‍ ഇട്ടു. അങ്ങനെ അടക്കം ചെയ്തത്രേ. ഞാന്‍ ആ പരിസരത്ത് വെറുതെ ചുറ്റി നടക്കും. ഒന്നും അവിടെ കാണാനില്ല , പക്ഷെ അവിടുത്തെ ആളുകളെക്കുരിച്ചോക്കെ ഓര്‍ത്തു കൊണ്ടു. അവിടുത്തെ കുട്ടികള്‍ എങ്ങനെയായിരിക്കും, അവരൊക്കെ എന്ത് വേഷമായിരിക്കും അന്ന് ഇട്ടിരിക്കുക..അങ്ങനെ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടും. അതിനടുത് വേറെയും ചില കിണറുകള്‍ ഉണ്ട് . വല്യ കണ്ടുപിടുത്തം പോലെ ഞാന്‍ അമ്മയോട് ചെന്ന്‌ പറയും.

'അമ്മെ, കേട്ടോ അവിടെയൊക്കെ വേറെ വീടുകള്‍ ഉണ്ടായിരിക്കില്ലേ? അവരൊക്കെ വസൂരി വന്നായിരിക്കുമോ മരിച്ചത് ..നശിച്ചത് '
അമ്മ എന്നെ നോക്കി ചിരിക്കും..'നിനക്കിതൊക്കെ എവിടുന്നു കിട്ടുന്നു' എന്നൊരു ചോദ്യവും.
                                    കാമന്‍ - ശ്രീലാല്‍ എടുത്ത ഫോട്ടോ. (ഞാന്‍ കട്ടെടുത്തതാ ;)

വീടു കഴിഞ്ഞു മമ്മാലിയുടെ വയസ്സന്‍ റബ്ബര്‍ തോട്ടവും കഴിഞ്ഞാല്‍ ' കാവ് ആണ്. മണ്ണിന്റെ ചുറ്റുമതില്‍ കെട്ടി ഒതുക്കി നിര്‍ത്തിയ കാവില്‍ നിന്നും പച്ച  ജടപ്പു വിരിയുന്ന മരം കുടപോലെ പോലെ ടാറിടാത്ത റോഡിലേക്ക് ചാഞ്ഞു നിന്നിരുന്നു. സ്കൂള്‍ അടച്ച സമയത്ത് ജടപ്പു പൂക്കും. ആ സമയത്ത് അതു വഴി പോകുമ്പോ അവിടെ കുത്തിയിരുന്നു ഞാന്‍ ജടപ്പു പൊറുക്കും. ഒരു ദിവസം പത്രോസ് ചേട്ടായി കളിയാകിയത് ഇപ്പോഴും ഓര്‍മയുണ്ട്. കാരണം ഉണ്ട് , അന്ന് അച്ചമ്മ തന്ന പഴുത്ത ഒരു മുറി ചക്ക- അതും റോഡിന്റെ നടുക്ക് വച്ചിട്ടാണ് ജടപ്പു പൊറുക്കുന്നതു. മണ്ണിന്റെ കാമനെ ഉണ്ടാക്കുമ്പോള്‍ അതിന്റെ പ്രധാന അലങ്കാരം ആയിരുന്നു ജടപ്പു മുടി. അന്ന് വല്യ ഫാഷന്‍ കാരോക്കെയാ കടലാസ്സ്‌ പൂ മുടിയായി വക്കുക.
 'നമ്മള്‍ക്കു അതു മതി, അതാ ഭംഗി. പച്ച മുടി.'
കാമന്റെ കൊച്ചരി പല്ലിനു പകരം പച്ചരി അതിന്റെ മുഖത്ത് അമര്ത്തി അമര്ത്തി വക്കുമ്പോ അമ്മ പറഞ്ഞു. താണ് നോക്കിക്കൊണ്ട്‌ ഞാനും പറഞ്ഞു,
'ശരിയാ ഇതാ ഭംഗി..ഇതു തന്നെയാ ഭംഗി...കടലാസ്സ്‌ പൂ ഒക്കെ പ്ലാസ്റിക് കുട പോലെ ഉണ്ട്...ഇതെന്തു ഭംഗിയാ'. അമ്മ തിരിഞ്ഞു നോക്കി ചിരിക്കും.

കാവില് നിറമാല വരുമ്പോ താലപ്പൊലി എടുക്കും. അതിനു എനിക്ക് അച്ഛമ്മയുടെ കസവ് വേഷ്ടി തന്നെ വേണം. പിന്നെ അച്ഛമ്മയുടെ വല്യ സ്വര്‍ണ നിറമുള്ള താലവും. അതിനായി നിറമാലയുടെ  തലേന്ന് തറവാട്ടിലേക്ക് ഓടി ചെല്ലും. അച്ചമ്മ കൂറമുട്ടായി മണക്കുന്ന മരത്തിന്റെ പെട്ടിയില്‍ നിന്നു വേഷ്ടി എടുത്തു തന്നോണ്ട്‌ പറയും,

'മണ്ണും ചളിയും ഒന്നും ആക്കരുത്, സൂക്ഷിക്കണം'.
അപ്പൊ ഞാന്‍ പറയും 'ഉം... ഈ അച്ഛമ്മയ്ക്ക് എന്നെ ഒരു വിശ്വാസവും ഇല്ല, എപ്പോഴും ഇങ്ങന' എന്ന്.

നിറമാലക്ക് ഉറഞ്ഞു തുള്ളുന്നവരില്‍ പ്രധാനി രാജീവന്‍ സ്വാമി ആയിരുന്നു. എനിക്ക് പേടിയായിരുന്നു ഉറഞ്ഞു തുള്ളുന്ന അയ്യപ്പ സ്വാമികളെ. അതുകൊണ്ട് താലപ്പൊലി വരിയുടെ കുറെ പിറകിലായി നിക്കും. അമ്മ പുറകില്‍ എവിടെയെങ്കിലും ഉണ്ടോ എന്ന് തിരിഞ്ഞു തിരഞ്ഞു നോക്കും..

അങ്ങനെ അങ്ങനെ കുറെ പറയാനുണ്ട്‌. ഇനിയും ഒരു ജന്മം ഉണ്ടെങ്കില്‍ എനിക്ക് ആ ജന്മത്തിലും ഒരു പെണ്‍കുട്ടിയായി തന്നെ ജനിച്ചാല്‍ മതി.. കുപ്പിവളകളൊക്കെ ഇട്ടു പാദസ്വരവും കിലുക്കി ഓടി നടക്കാന്‍ ... :))

 ഈ പാട്ടിന്റെ ട്രാന്‍സ്ലേഷന്‍ കൂടി ഇടട്ടെ, (യാഹൂ ഗൃപ്പില്‍ നിന്നു കിട്ടിയതാണ് )

The Moon is shining,
The time is passing,
oh, but nobody is enjoying it.
Yet, these eyes will see you (my eyes)

The breeze is flowing,
The gardens are smiling,
yet, there is none enjoying it.
but these hands will touch you (my eyes).
The Wind will blow, the sunshine will be there,
there is no change in that.
The Sky & Land will tell us to live.
those wishing will not cease forever.

There it is, the dear Cloud
Seek for the rain
Here it is, the cuckoo's song
Seek the Music in it.

This world is a garden,
Seek your Flowers in it.
This life is a Gift,
Ask for your needs.......
                                                            ;-)

5 November 2010

കൊഴിഞ്ഞു പോകുന്നത്


ഇല കൊഴിഞ്ഞ വഴിയിലൂടെ
ഞാന്‍ ഏറെ നടന്നു.
കൊഴിഞ്ഞ ഇലകളും നോക്കി.
എത്തിപ്പെട്ടത്,
ചോട്ടില്‍ ഇലകളില്ലാത്ത ഒരു മരത്തിനരികെ.

മരച്ചുവട്ടില്‍ കണ്ണോടിച്ചു ഞാന്‍ ചോദിച്ചു :
നീ മാത്രം എന്തെ ഇങ്ങനെ?
നിനക്ക് മാത്രം എന്തെ ഇതു സാധിച്ചു ?
ഇല പൊഴിക്കാതെ....
 
പതിഞ്ഞ ശബ്ദത്തില്‍ മരം പറഞ്ഞു:
കുട്ടീ, ഒന്ന് മുകളിലോട്ടു നോക്കു
എന്റെ ചില്ലയില്‍ ഇലകളുണ്ടായിട്ടു വേണ്ടേ...

മുഖമുയര്‍ത്തി നോക്കിയപ്പോള്‍ ഞാന്‍ കണ്ടു.
അര്‍ബുദം ബാധിച്ച,
ഉണങ്ങി വീഴാറായ ചില്ലകള്‍
പറവകള്‍ ഉപേക്ഷിച്ചു പോയ കൂടുകള്‍
ഒരില പോലും പ്രതീക്ഷിക്കാനില്ലാത്ത ചില്ലകള്‍ .

ആ മരച്ചുവട്ടില്‍ ഞാന്‍ ഇത്തിരി നേരം ഇരുന്നു
അടുത്തുള്ള മരങ്ങളുടെ
കൊഴിഞ്ഞ ഇലകള്‍
തണുത്ത കാറ്റില്‍ പറക്കുന്നതും നോക്കി....

Related Posts with Thumbnails