8 November 2012

തീയാറ്റ

 അതും ഇതും മറ്റു പലതും, പലരും കേട്ട് മറന്നതായിരുന്നു. അയാളത് കേള്‍ക്കാന്‍ വൈകിയത് തിരക്കുള്ളതുകൊണ്ടായിരുന്നില്ല. ചെവി, പണയം വെച്ചത് കൊണ്ടായിരുന്നു -അവള്‍ പറയുന്നത് കേള്‍ക്കാന്‍ , അവള്‍ പാടുന്നത് കേള്‍ക്കാന്‍ , അവളുടെ നിലവിളികള്‍ , അവളുടെ തേങ്ങലുകള്‍ - അങ്ങനെ അവളുടേതായ ശബ്ദങ്ങള്‍ക്ക് പണയം വെച്ച കാതുമായി, പല ദൂരദേശത്തും അയാള്‍ അലഞ്ഞു.

 അവസാനിക്കാറായ ഒരു കാലത്ത്, ഏതോ ഒരു പേടകത്തില്‍ അയാളുടെ അടുത്തെത്തിയത് അവളായിരുന്നില്ല. പണയം വച്ച കാതുകള്‍ ഉള്ളത് കൊണ്ട് പേടകത്തിന്റെ തുഴച്ചിലും പേടകത്തിലെ ജീവികളുടെ വിളികളും അയാള്‍ക്ക് കേള്‍ക്കാന്‍ സാധിച്ചില്ല. അങ്ങനെ അവസാനിച്ച, ആ കാലത്ത് അയാള്‍ അകപ്പെട്ടത് , പലതരം പക്ഷികളും ചെറുജീവികളും മാത്രമുള്ള ഒരു ദ്വീപിലായിരുന്നു.

ദ്വീപിലെ മണലിലൂടെ പാദുകം നഷ്ടപ്പെട്ട അയാള്‍ ബദ്ദപ്പെട്ടു നടന്നു. ഞെരിഞ്ഞമരുന്ന, സ്വപ്ന ലോകത്ത് നിന്ന് പറിച്ചെയാന്‍ വിധിക്കപ്പെട്ട, മണല്‍ത്തരികളില്‍ ചിലത് രോഷം പ്രകടിപ്പിച്ചു. ഒച്ച വെച്ചു. കാതു പണയപ്പെടുത്തിയവനെ ബധിരന്‍ എന്ന് വിളിച്ചു. അയാള്‍ക്കതൊന്നും കേള്‍ക്കാന്‍ പറ്റില്ലെന്നറിഞ്ഞിട്ടും.

 'ഒന്ന് നിര്ത്തു'

 ശബ്ദമയാള്‍ കേട്ടില്ലെങ്കിലും, തന്റെ ചുമലില്‍ എന്തോ ഒരു ഭാരം അയാള്‍ക്ക് അനുഭവപ്പെട്ടു. അതൊരു തീയാറ്റ പക്ഷിയായിരുന്നു.

 'നീ ഏതു, എന്റ ചുമലിനു ഭാരമാകാതെ പറന്നു പോകു'

 തീയാറ്റ പക്ഷിയുടെ ഉത്തരത്തിനായി, അയാള്‍ കേള്‍വിയുടെ ഒരു തവണ പലിശ അടച്ചു.

 'എനിക്ക് നിന്റെ ചുമലിന്റെ ഭാരമാവണ്ട, പക്ഷെ ഞാന്‍ അവളാണു. അതു പറയാനാണ് ഞാന്‍ വന്നത്.'

 അതും പറഞ്ഞു നീട്ടി ചൂളമടിച്ചു കൊണ്ട് പക്ഷി പറന്നു പോയി. കടല്‍ക്കാക്കളുടെ സീല്‍ക്കാരത്തില്‍ തിരമാലകളുടെ ഗര്‍ജ്ജനങ്ങള്‍ ഇല്ലാതാകുന്നില്ലെന്നു അയാള്‍ അറിഞ്ഞു. ദ്വീപിലെ അനേകം പക്ഷികളുടെ പാട്ടുകളും കടല്‍ കാറ്റിലാടുന്ന മരങ്ങളുടെ തലപ്പുകളുടെ ശ്രുതിയിടലുകളും, മണല്തരികളുടെ കുഞ്ഞു കുഞ്ഞു സ്വപ്ങ്ങളും, പിന്നോട്ടോടുന്ന ഞണ്ടിനു പിറകെ മുന്നോട്ടോടുന്ന നീര്‍നായകളുടെ മുരളലുകളും അയാള്‍ക്ക്‌ കേള്‍ക്കാന്‍ കഴിഞ്ഞു. ശബ്ദമുഖരിതമായ ആ തുരുത്തില്‍ കണ്ണുകള്‍ പതിയെ അടച്ചു അയാള്‍ നടന്നു....

3 November 2012

Der Nachbar -Malayalam translation

Just tried to translate a poem of Rainer Maria Rilke-  "Der Nachbar"- using my poor German :)
Here it goes:

അയല്‍ക്കാരന്‍ 

അജ്ഞാതനായ വയലിന്‍ , 
നീയെന്നെ കേള്‍ക്കുന്നില്ലേ ?
എത്ര അയല്‍ നഗരങ്ങളാണ്  
നിന്റെ ഏകാന്ത രാവുകളെക്കുറിച്ചെന്നോട്  
പറഞ്ഞതെന്നോ ?

നൂറിനു വായിക്കുന്നുവോ നീ, 
അതോ വെറും ഒന്നിന് വേണ്ടി മാത്രം ?

നീയില്ലാത്ത വലിയ നഗരങ്ങള്‍ 
പ്രളയത്തില്‍ മുങ്ങിപ്പോയെന്നോ?
അതെല്ലാമെപ്പോഴും എന്നെ 
ഓര്‍മ്മപ്പെടുത്തുന്നെന്നോ?

എന്താണെനിക്കെപ്പോഴുമീ  ഭീരുക്കളായ അയല്‍ക്കാര്‍ ? 
അവര്‍ നിന്നെ ബലപ്രയോഗത്താല്‍  
ഇങ്ങനെ പാടിക്കുന്നല്ലോ:
എന്തിനേക്കാളും ക്ലേശമേറിയതീ ജീവിതം.


Der Nachbar 

Fremde Geige, gehst du mir nach? 
In wieviel fernen Städten schon sprach 
deine einsame Nacht zu meiner? 
Spielen dich hunderte? Spielt dich einer? 

Gibt es in allen großen Städten 
solche,die sich ohne dich schon 
in den Flüßen verloren hätten? 
Und warum trifft es immer mich? 

 Warum bin ich immer der Nachbar derer, 
die dich bange zwingen zu singen 
und zu sagen: Das Leben ist schwerer 
als die Schwere von allen Dingen.

16 September 2012

മാര്‍സിപാന്‍ ഗണപതി



എന്താന്നല്ലേ, മാര്‍സിപാന്‍ ഗണപതി. പറഞ്ഞുണ്ടാക്കിയത്. ഇനി വേണം കുടവയറന്‍ ഗണപതിയെ അകത്താക്കാന്‍ :) മാര്സിപാനെക്കുറിച്ചു കൂടുതല്‍ ഇവിടെ പോയി നോക്കാം.ഈയിടെ പോയ ഒരു കന്ഫെരന്‍സ് ലെ ഒരു കമ്പനിയുടെ എക്ഷിബിഷന്‍ ഹാളില്‍ ഒരാളിരുന്നു തകര്‍ത്തു മര്സീപാന്‍ രൂപങ്ങള്‍ ഉണ്ടാക്കുന്നു. അവിടുന്ന് പ്രത്യേകം പറഞ്ഞു ഉണ്ടാക്കിച്ചത്.

ചിലര്‍ പക്ഷിയെയും പട്ടിയെയും ഒക്കെ ഉണ്ടാക്കിച്ചു. ഉണ്ടാക്കുന്ന ഷെഫിനോട്   ചോദിച്ചു, അതിനെന്താ, ഏതു നിറം വേണം എന്നൊക്കെ ചിരിച്ചോണ്ട് ചോദിച്ചു പുള്ളി ഉണ്ടാക്കാന്‍ തുടങ്ങി. പാക്ക് ചെയ്തു തന്നു. ഉണ്ടാക്കുന്നത് ഇവിടെ കാണാം:


(ഫോട്ടോയിലെ ഗണപതി വരുന്ന വഴി ബാഗിലിരുന്നു ലേശം ചളുങ്ങിപ്പോയി  :)

21 August 2012

പ്രിയപ്പെട്ട മഴയ്ക്ക്

പ്രിയപ്പെട്ട മഴയ്ക്ക്, 

എനിക്കിവിടെ സുഖമാണു. 
നീ വന്നപ്പോഴൊന്നും ഞാന്‍ കാണാന്‍ നിന്നില്ല, കണ്ടില്ലെന്നു നടിച്ചു. 
എത്രയോ വെറുത്തു, എന്തിനെന്നറിയില്ല. 
ഓരൊ തുള്ളിയും തോണ്ടിയെറിഞ്ഞു, ഓരൊ കാറ്റിനെയും പഴിച്ചു, 
അടരുവാന്‍ വയ്യാത്ത തുള്ളികളെല്ലാം കുലുക്കിയെറിഞ്ഞു,
അറിയാതെ പോലും തൊടാതിരിക്കാന്‍ കൈ വലിച്ചെടുത്തു...
അങ്ങനെ ഞാന്‍ നിന്നോടു മത്സരിച്ചു. 
ക്ഷമിക്കു, ഒരായിരം തുള്ളിതവണ ക്ഷമ ചോദിക്കുന്നു. 
ഞാനിവിടെ കാത്തിരിക്കുകയാണു. നീ വരണം. 
കുടയില്ലാതെ, ചെരുപ്പില്ലാതെ, ഈറനല്ലാത്ത മുടിയുമായി, 
ഒഴുകിയിറങ്ങാന്‍ ഒരു കുങ്കുമപ്പൊട്ടുമണിഞ്ഞു ഞാന്‍ കാത്തിരിക്കയാണു.

ഒരു കോടി തുള്ളി സ്നേഹത്തോടെ,

ഈ ഞാന്‍




9 July 2012

ഞാന്‍ കണ്ട മഴ :-

മഴ കണ്ടിട്ടുണ്ടോ നീ ?


ഞാന്‍ കണ്ട മഴ,
നീ കണ്ടിട്ടില്ല.
നിനക്കതു കാണാനും കഴിയില്ല.

ഈ മഴ,
കണ്ണില്ലാതെ കാണണം
കാതറുത്തു വച്ചു കേള്‍ക്കണം.
ചോര പൊടിയുന്ന കൈ നീട്ടി
മഴയുടെ കൂടെ  ഒഴുക്കണം.
ഓരോ മഴത്തുള്ളിയാല്‍
തുള്ളിയുയര്‍ന്നു വരുന്ന,
നിറം മാഞ്ഞു പോകുന്ന ചോര,
പടര്‍ന്നിറങ്ങണം,
ഭൂമിക്കുള്ളില്‍ .

ഇല്ലാത്ത കാതുകൂര്‍പ്പിച്ച്,
കാണാത്ത കണ്ണ് ചുഴറ്റി,
തെറിക്കുന്ന തുള്ളികളെ,
ചുണ്ടുകള്‍ കൊണ്ടൊപ്പിയെടുത്ത്,
അറിയണം ഈ മഴയെ!

ഞാന്‍ കണ്ട മഴ
നീ കണ്ടിട്ടില്ല !!

3 June 2012

ഡ്രീംസ് ഒഫ് ഡ്രംസ്

പിന്നെ
അവസാനത്തെ അടിയും 
എറ്റു വാങ്ങിയ ഡ്രം, 
മൗനം കൊണ്ട് 
നീരുകെട്ടി
കനം തൂങ്ങി
വേദനിച്ച്
തികട്ടി വന്ന നിലവിളി
ബൽബുകൽ കത്താത്ത
ഇരുണ്ട ഇടവഴിയിലും
മഞ്ഞിൻ ചലമൊഴുക്കിക്കളഞ്ഞു
ഇലകൾ തിങ്ങിയ
ഉയരമില്ലാത്ത മരങ്ങളുടെ
ചില്ലകളിലുമൊളിപ്പിച്ച
രാത്രിയുടെ
ഞരക്കത്തിനിടയ്കെപ്പൊഴൊ,
പബിന്റെ,
വെളിച്ചം
ചൂഴ്ന്നു നോക്കാത്ത
മൂലയിലൊളിച്ചിരുന്നു
തേങ്ങിയുറങ്ങി.
പിറ്റേന്നുള്ള ഷോ
സ്വപ്നം കണ്ടുകൊണ്ട്.

ഗുരു ദക്ഷിണ




ഗുരോ,

ഇതാ എന്റെ പെരുവിരല്‍
അങ്ങിതു സ്വീകരിച്ചാലും

*

കാലത്തെയറിഞ്ഞതിനാല്‍
പെരുവിരലില്ലാതെയും
ഞാനെയ്തു ശീലിച്ചിരുന്നു 

Related Posts with Thumbnails