Showing posts with label ജര്‍മനി. Show all posts
Showing posts with label ജര്‍മനി. Show all posts

16 September 2012

മാര്‍സിപാന്‍ ഗണപതി



എന്താന്നല്ലേ, മാര്‍സിപാന്‍ ഗണപതി. പറഞ്ഞുണ്ടാക്കിയത്. ഇനി വേണം കുടവയറന്‍ ഗണപതിയെ അകത്താക്കാന്‍ :) മാര്സിപാനെക്കുറിച്ചു കൂടുതല്‍ ഇവിടെ പോയി നോക്കാം.ഈയിടെ പോയ ഒരു കന്ഫെരന്‍സ് ലെ ഒരു കമ്പനിയുടെ എക്ഷിബിഷന്‍ ഹാളില്‍ ഒരാളിരുന്നു തകര്‍ത്തു മര്സീപാന്‍ രൂപങ്ങള്‍ ഉണ്ടാക്കുന്നു. അവിടുന്ന് പ്രത്യേകം പറഞ്ഞു ഉണ്ടാക്കിച്ചത്.

ചിലര്‍ പക്ഷിയെയും പട്ടിയെയും ഒക്കെ ഉണ്ടാക്കിച്ചു. ഉണ്ടാക്കുന്ന ഷെഫിനോട്   ചോദിച്ചു, അതിനെന്താ, ഏതു നിറം വേണം എന്നൊക്കെ ചിരിച്ചോണ്ട് ചോദിച്ചു പുള്ളി ഉണ്ടാക്കാന്‍ തുടങ്ങി. പാക്ക് ചെയ്തു തന്നു. ഉണ്ടാക്കുന്നത് ഇവിടെ കാണാം:


(ഫോട്ടോയിലെ ഗണപതി വരുന്ന വഴി ബാഗിലിരുന്നു ലേശം ചളുങ്ങിപ്പോയി  :)

19 September 2011

വിസ

മിസ്ടര്‍ ജോണ്‍ സക്കറിയാസ് തിരക്കിലാണ്. കോണ്സുലെറ്റിലെ മറ്റെല്ലാ തിരക്കുകളും മാറ്റി വച്ചു അദ്ദേഹം കമ്പ്യൂട്ടര്‍ കീകളും ടെലിഫോണ്‍ കീ കളും മാറി മാറി കുത്തുന്നു.
ഒന്‍പതു മണി മുതല്‍ പതിനൊന്നു മണി വരെയാണ് സന്ദര്‍ശക സമയം. വെയിറ്റിംഗ് റൂമില്‍ തിരക്ക് അതിക്രമിക്കാന്‍ തുടങ്ങി. ജനിച്ചു വീണ പിഞ്ചു കുഞ്ഞുങ്ങളെ രാജ്യത്തോട് അല്ലെങ്കില്‍ തങ്ങളോടു ചേര്‍ക്കാന്‍ എത്തിയവര്‍ , ഭാര്യയുടെ / ഭര്‍ത്താവിന്റെ പേരുകള്‍ ചേര്‍ക്കാന്‍ എത്തിയവര്‍ , ഭൂമി ഇടപാടുകളില്‍ സ്ടാമ്പുകള്‍ പതിപ്പിച്ചു ബോധ്യപ്പെടുത്താന്‍ എത്തിയവര്‍ , നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരിക്കുന്ന തലപ്പാവ് ധരിച്ച സര്‍ദാര്‍ജി, ഫോണിലൂടെ പതിയെ സംസാരിക്കുന്ന കറുത്ത നീളന്‍ കോട്ടിട്ട കറുത്ത മെലിഞ്ഞ  പാലാക്കാരി സുന്ദരി, സുഖവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പോകാന്‍ തയ്യാറായി നില്‍ക്കുന്ന കഷണ്ടി കയറിയ തടിച്ച ജര്‍മന്‍ ....അങ്ങനെ സന്ദര്‍ശകനിര നീണ്ടതാണ്. സക്കറിയാസ് തിരക്ക് പിടിച്ചു കംപ്യുട്ടര്‍ /ഫോണ്‍ കീകള്‍ അമര്‍ത്തി കുത്തുകയാണ്...


ഇടയ്ക്ക് കൌണ്ടറില്‍ പോയി കാര്യം അന്വേഷിച്ച തടിച്ച വയറു ചാടിയ ആന്ധ്രാക്കാരന്‍ പിറന്നു വീണ അധികം ദിവസം ആകാത്ത കുഞ്ഞിന്റെ കവിളത്ത് തലോടുന്നതിനിടയില്‍ ആരോടെന്നില്ലാതെ പറഞ്ഞു.. 'ഹോ എത്ര ദൂരം യാത്ര ചെയ്താണ് ഇന്ന് ഈ സമയത്ത് എത്തിപെട്ടത്.. ആ നാശം പിടിച്ച പെണ്ണിന് വണ്ടിയുടെ മുന്നില്‍ ചാടാന്‍ കണ്ട സമയം' ഇടയ്ക്ക് ആരോ വന്നു അയാളോട് ചോദിച്ചു, എന്താണിത്ര വൈകുന്നത് എന്ന്. സ്ടുട്ഗര്ട്ട് - ഹൈടെല്‍ബെര്ഗ് ഇടയ്ക്ക് ഏതോ ഒരു പെണ്‍കുട്ടി റോഡു മുറിച്ചു കടക്കുമ്പോള്‍ വണ്ടി തട്ടിയത്രേ, ഇന്നലെ രാത്രി. മലയാളിയാണ്. ഇന്ന് രാവിലെയാണ് കോണ്‍സുലേറ്റ് -ല്‍ വിവരം വന്നത്.
കറുത്ത നീളന്‍ കോട്ടിട്ട സുന്ദരി ഫോണില്‍ സംസാരം തുടര്‍ന്നു കൊണ്ടേയിരുന്നു. സര്‍ദാര്‍ജിയുടെ സംസാരം തീവ്ര വേഗതയില്‍ പോകുന്ന ജര്‍മന്‍ വാഹനങ്ങളെക്കുറിച്ചായി. സക്കരിയാസിന്റെ മുഖത്ത് മടുപ്പിന്റെ വിയര്‍പ്പു പൊടിയാന്‍ തുടങ്ങി. മരിച്ചത് ഏതോ ഒരു പെണ്‍കുട്ടി ആണ്, അയാളുടെ ആ ദിവസം പതിവിലും തിരക്ക് പിടിച്ചതായി.

അല്ല , ഞാനിവിടെ എന്തിനാണ് വന്നത്? ഇത്രയും യാത്ര ചെയ്തു? പാസ്പോര്‍ട്ട് പുതുക്കാനോ? അതോ വിസ എടുക്കാനോ? സ്റ്റാമ്പ് പതിക്കാന്‍ ..? എന്തിനാണെന്ന് ഓര്‍മ കിട്ടുന്നില്ലല്ലോ. വൈയിട്ടിംഗ് റൂമിന്റെ മൂലയ്ക്ക് തലകുത്തി നിര്‍ത്തിയ വെള്ളസംഭരണിയില്‍ നിന്നു ഡിസ്പോസബിള്‍ ഗ്ലാസ്സിലേക്ക്‌ വെള്ളം പകരുമ്പോള്‍ ഉണ്ടായ ശബ്ദത്തിനു ശ്വാസം മുട്ടി. ഓര്‍മ വരാന്‍ വേണ്ടി ഞാന്‍ പതിയെ തിരിഞ്ഞു നടന്നു. 

പണ്ട് കുട്ടിക്കാലത്ത് ചെയ്യുന്നതാണ്‌. നടന്നു പോകുമ്പോള്‍ ഓര്‍ത്തു കൊണ്ടിരുന്നത് ചിലപ്പോ പെട്ടെന്ന് മറക്കും. നാലാം ക്ലാസ്സില്‍ ഒന്നിച്ചു പഠിച്ച, മള്‍ബറി കായ വിരിയുന്ന വീട്ടിലെ എല്‍സമ്മയുടെ കൂടെ അന്നു ഓന്തിനെ കൊല്ലാന്‍ പോയിരുന്നു. അവളുടെ ചേട്ടനും അനിയനും കൂടി കെണി വച്ചു പിടിച്ച ഓന്ത്. അന്ന് മുതലാണോ എന്നറിയില്ല. ഓന്തിനെ കൊന്നാല്‍ , കൊല്ലാന്‍ കൂട്ട് നിന്നാല്‍ ഇങ്ങനെ മറവി ഉണ്ടാകുമത്രേ.  ശ്ശെ, എല്‍സമ്മ. എത്ര കാലം, എത്ര ദൂരം- എന്തിനാണ് ഞാന്‍ എല്സമ്മയെ ഓര്‍ക്കുന്നത്. കോണ്‍സുലേറ്റ് ന്റെ പ്രധാന വാതില്‍ തനിയെ തുറന്നു തന്നപ്പോഴാണ്‌ ഓര്‍മ വന്നത്. ഓ! ഞാന്‍ മറന്നു പോയത് ഓര്‍ക്കാന്‍ വേണ്ടി തിരിച്ചു നടന്നതാണല്ലോ. അതും മറന്നു. ഓര്മ വന്നതും ഇല്ല. വീണ്ടും തിരിച്ചു നടന്നു വൈയിട്ടിംഗ് റൂമിന്റെ വാതില്‍ ചാരി നിന്നു, അവിടെ കൂടിയവരെ നോക്കി. ആരും എന്നെ ശ്രദ്ടിച്ചതായി തോന്നിയില്ല. കൌണ്ടറില്‍ നിന്നു പേരും വിളിച്ചില്ല. നമ്പറും വന്നില്ല.

കൂടിയിരിക്കുന്നവര്‍ ഇന്നലെ രാത്രിയില്‍ ദൂരെയെങ്ങോ വന്ന മരണത്തെ ശപിച്ചു. പലരും പല ദൂരത്തും നിന്നു വന്നവരാണ്. ഇടയ്ക്കിടെ കൌണ്ടറില്‍ വന്നു എത്തി നോക്കുന്ന, മുഖത്ത് യാതൊരു ഭാവവും ഇല്ലാത്ത ടൈ കെട്ടിയ വിസ ഓഫീസര്‍ . അയാള്‍ ഒറ്റ നില്‍പ്പിനു ആ വെയിറ്റിംഗ് റൂം മുഴുവന്‍ കൂമനെ പോലെ അരിച്ചു പെറുക്കി കണ്ണോടിച്ചു. എല്ലാം പഴയ പോലെ. ജോണ്‍ സക്കറിയാസ് ഇപ്പോള്‍ പതിയെ ആരോടോ ഫോണില്‍ സംസാരിക്കുന്നുണ്ട് - നെറ്റി ചുളിച്ചു ആരെയോ സ്വാന്തനിപ്പിക്കുന്ന പോലെ, ഏതോ വിഷമത്തില്‍ പങ്കു ചേരുന്ന പോലെ അയാള്‍ അഭിനയിച്ചു. തന്റെ കയ്യിലുള്ള പേന വലതു വശത്തുള്ള പേപ്പറില്‍ വട്ടം കറക്കി കൊണ്ടിരുന്നു. ഫോണ്‍ താഴെ വച്ചു, നെറ്റി ചുളിച്ചു, അയാള്‍ കൌണ്ടര്‍ ന്റെ ചെറിയ ഗ്ലാസ് വിന്‍ഡോ തുറന്നു.

ഞാന്‍ പതുക്കെ ജനലിന്റെ സൈഡിലുള്ള ചുവന്ന കുഷ്യന്‍ ഉള്ള കസേരയില്‍ ചെന്നിരുന്നു. ജനല്പാളിയില്‍ പതുക്കെ വിരലോടിച്ചു. പെട്ടെന്ന് കൈ വലിച്ചു. ഒരു വലിയ കൂത്താടി! തന്റെ പൊയ്കാലില്‍ താണ്ടവം ആടുന്നു. കയ്യിലിരുന്ന ടിഷ്യു പേപ്പര്‍ എടുത്തു അതിനെ ആകമാനം ആ പേപ്പറില്‍ കശക്കി ചുരുട്ടി അടുത്തുള്ള വെസ്റ്റ് കൊട്ടയിലേക്ക് എറിഞ്ഞു. കൌണ്ടരിന്റെ മുകളിലെ ഡിസ്പ്ലേ ബോര്‍ഡില്‍ അക്കങ്ങള്‍ മാറി മാറി തെളിഞ്ഞു. ഇടയ്ക്ക് വന്ന നമ്പര്‍ എന്റെ കയ്യിലെ നമ്പര്‍ അല്ലെ? സൂക്ഷിച്ചു നോക്കി, അതെ അതു തന്നെ. കൌണ്ടറിനു മുന്നില്‍ പകപ്പാടോടെ ചെന്നു നിന്നു. 

'ഞാന്‍ ഞാന്‍ ....'
'മലയാളി ആണല്ലേ, എന്താ പര്‍പ്പസ് ?'
'അതു ... എനിക്ക് ...'
നല്ല ഓര്‍മ വന്നില്ല. എത്ര ഒര്മിച്ചിട്ടും ആകെ ഓര്‍ക്കാന്‍ കഴിഞ്ഞത് ഒന്ന് മാത്രം. തണുത്തു വിറച്ചു, മഴയിലൂടെ...സ്ട്രീറ്റ് ലൈറ്റിലൂടെ എത്ര തിരഞ്ഞിട്ടും കണ്ടെത്താത്ത എന്തോ തിരഞ്ഞു വീണ്ടും വീണ്ടും നടന്നത് .... പക്ഷെ ഞാന്‍ എന്തിനാണ് ഇവിടെ? നാലാം ക്ലാസ്സിലെ എല്‍സമ്മയെയും അവള്‍ വന്നു വിളിച്ച, പോക്കുവെയില്‍ നിറഞ്ഞ ആ വൈകുന്നേരത്തെയും മനസാ ശപിച്ചു.

'ഗിവ് മി യുവര്‍ പാസ്പോര്‍ട്ട്‌ '
പോക്കുവെയില്‍ തൂത്തെറിഞ്ഞു വീണ്ടും തിരിച്ചു കൌന്ടരിലേക്ക്. പാസ്പോര്‍ട്ട്‌ അയാള്‍ക്ക് നേരെ നീട്ടുമ്പോഴും മനസ്സില്‍ ശപിക്കുകയായിരുന്നു...

'ഓ! യു ആര്‍ മിസ്‌ ശാലിനി.... റൈറ്റ് ?'
'ഓ അതെ അതെ..പക്ഷെ ഞാന്‍ എന്തിനു....ഇവിടെ ...ഐ ആം സോറി ...ഐ ...'
പറഞ്ഞു മുഴുമിക്കും മുന്‍പേ ഞാന്‍ കൊടുത്ത പാസ്പോര്‍ട്ട്‌ എന്റെ നേരെ നീട്ടി, ജോണ് സക്കറിയാസ് ഭാവവ്യത്യാസമില്ലാതെ മൊഴിഞ്ഞു.

'മിസ്‌ ശാലിനി, നിങ്ങള്‍ ഇരിക്കു. നിങ്ങളുടെ ഡെത്ത് സെര്ടിഫികെറ്റ് ടൈപ്പ് ചെയ്തു കൊണ്ടിരിക്കുകയയാണ്‌. ശരിയായി കഴിഞ്ഞാല്‍ ഉടന്‍ വിളിക്കാം'

കറുത്ത കോട്ടിട്ട പെണ്‌കുട്ടിയുടെയും, തലപ്പാവ് ധരിച്ച സര്‍ദാര്‍ജിയുടെയും ശബ്ദങ്ങള്‍ക്കിടയിലൂടെ ഞാന്‍ ആ പുതിയ സമയത്തിലേക്ക് ഓര്‍മകളെ എല്‍സമ്മയുടെ ഓന്തിനു വിട്ടു കൊടുത്തു പതുക്കെ നടന്നു, പുതിയ വിസ അടിക്കുന്നതും കാത്ത്. നേരത്തെ ഇരുന്ന സീറ്റില്‍ കണ്ടാല്‍ വിദ്യാര്‍ത്ഥി എന്ന് തോന്നുന്ന കറുത്ത മുടിയുള്ള ഒരു പയ്യന്‍ സ്ഥാനം പിടിച്ചിരുന്നു. വെസ്റ്റ് കോട്ടയില്‍ നിന്നു ചാകാതെ ബാക്കിയായ കൂത്താടി ഏന്തി വലിഞ്ഞു അതിന്റെ വായുടെ അറ്റത്ത്‌ കഷ്ടപ്പെട്ട് കയറുന്നുണ്ടായിരുന്നു.
ആന്ധ്രക്കാരന്റെ, പിറന്നിട്ടു അധികം ദിവസം എത്തിയിട്ടില്ലാത്ത കുഞ്ഞു കണ്ണു അമര്ത്തി പിടിച്ചു മോണ കാട്ടി കരഞ്ഞു കൊണ്ടിരുന്നു.........

[വിട്ടു പോയത് : ജോണ്‍ സക്കറിയാസ് (John Zacharias ). ഇങ്ങനെ പേരുള്ള ഒരാളെ എനിക്കറിയില്ല. ഞാന്‍ ഇത് വരെ കണ്ടിട്ടില്ല, കേട്ടിട്ടില്ല. ഏതാണ്ട് 30 - 40 കൊണ്ട് എഴുതി തീര്‍ത്തതാണ് . തുടക്കം തന്നെ അങ്ങിനെ ഒരു പേര് വന്നു, ആലോചിച്ചു കണ്ടു പിടിക്കാതെ. അതെന്നെ കുറച്ചു അത്ഭുതപ്പെടുത്തുന്നു. ശാലിനി എന്ന പേര് അങ്ങനെ തനിയെ വന്നതല്ല. എന്തോ ഇതിവിടെ എഴുതണമെന്നു തോന്നി :-) ]

21 May 2010

ഫോര്‍ ദി പീപ്പിള്‍ (ഫ്രം ജര്‍മനി)

ഓഫ് ദി പീപ്പിള്‍, ബൈ ദി പീപ്പിള്‍, ഫോര്‍ ദി പീപ്പിള്‍ .... എന്ന് വച്ചാല്‍ എന്താ ?

യാത്ര
ചെയ്യാത്ത ആളുകളില്ല . യാത്ര ചെയ്യാനാഗ്രഹിക്കാത്തവരുമില്ല. രാത്ര ചെയ്യണമെങ്കിലോ നല്ല ഗതാഗത സൗകര്യം വേണം. ഇപ്പൊ പറയാന്‍ പോകുന്നത് യുറോപ്യന്‍ ഗതാഗത സൌകര്യത്തെക്കുറിച്ചാണ്.

കഴിഞ്ഞ മാസം അമ്സ്ടര്ടാമിലേക്ക് ഒരു യാത്ര പോയി. ട്രെയിനില്‍ പോകാം, അതാകുമ്പോള്‍ ഇവിടുന്നു മൂന്നു മൂന്നര മണിക്കൂറെ ഉള്ളൂ. ശനിയാഴ്ച രാവിലെ ഏതാണ്ട് ആറു മണിക്ക് ഇവിടുന്നു ICE ട്രെയിന്‍ ഉണ്ട്. അതിനു പോയാല്‍ പത്തു മണിക്ക് മുന്‍പ് അമ്സ്ടര്ടാമില്‍ ഏത്തും. എല്ലാം കണക്കു കൂട്ടി ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. സീറ്റും റിസേര്‍വ് ചെയ്തു. അങ്ങനെ ശനിയാഴ്ച രാവിലെ തന്നെ ട്രെയിനില്‍ കേറി പറ്റി. റിസേര്‍വ് ചെയ്ത സീറ്റില്‍ തന്നെ രണ്ടാം ഉറക്കത്തിനായി ഇരുന്നു.

-ഇതെന്താ ആളുകള്‍ തീരെ കുറവ് , ശനിയാഴ്ച ആയിട്ടും. ആര്‍ക്കും അമ്സ്ടര്ടാമില്‍ പോകേണ്ടേ?
-ഉണ്ടാകും അടുത്ത സ്റ്റേഷന്‍ ആഹെന്‍ (achen ) അല്ലെ, അവിടുന്ന് എന്തായാലും കുറെ ആളുകള്‍ കാണും, സഹ സഞ്ചാരി പറഞ്ഞു.

ജര്‍മനിയിലെ ഒരു അണ്ടര്‍ ഗ്രൌണ്ട് ട്രെയിന്‍ സ്റ്റേഷന്‍

എന്നാലെങ്കിലും നാലാള് ഉണ്ടാകുമല്ലോ എന്ന് വിചാരിച്ചു ഞാന്‍ കണ്ണടച്ചു. ഉണര്‍ന്നപ്പോള്‍ കണ്ടത് ഏകദേശം 200 കിലോമീറ്റര്‍ സ്പീഡില്‍ കുതിച്ചു പായുന്ന തീവണ്ടീം ബോഗിയുടെ ഒരു മൂലയ്ക്ക് രണ്ടേ രണ്ടു സഞ്ചാരികളും, അതു ഞങ്ങളായിരുന്നു. പ്രതീക്ഷക്കു വിപരീതമായി, ട്രെയിനില്‍ തീരെ ആളില്ല. ഇടയ്ക്കു കൈകാല്‍ അഭ്യാസത്തിനു ഇങ്ങേ അറ്റത് നിന്നു അങ്ങേ അറ്റത്തേക്ക് ... വെറുതെ കുറച്ചു ബോഗികള്‍ താണ്ടി തിരിച്ചു വന്നു. ആളുകള്‍ തീരെ കുറവ്. മിക്ക ബോഗികളിലും 5 പേരില്‍ കൂടുതല്‍ ഇല്ല.

പറഞ്ഞിട്ട് കാര്യമില്ല ഇതു ജര്‍മനിയുടെ ഒരു 'സവിശേഷത' തന്നെയാണ്. 'പീക്ക്' യാത്രക്കാരുടെ സമയം രാവിലെയും വൈകിട്ടും മാത്രേ ഉള്ളൂ. അതു തന്നെ ഇരുന്നു പോകാവുന്ന അത്രേം യാത്രക്കാര്‍ മാത്രം. തിരക്കുള്ള വിനോദ സഞ്ചാര നഗരങ്ങളില്‍, നിന്നും യാത്ര ചെയ്യുന്നത് കണ്ടിട്ടുണ്ട്. മറ്റുള്ള സമയങ്ങളില്‍ ട്രെയിനിലോ ബസ്സിലോ കേറിയാല്‍ കയറുന്ന വിദേശികള്‍ മാത്രേ ഉണ്ടാകൂ. രാത്രി 8 -9 മണി കഴിഞ്ഞാല്‍ പിന്നെ എല്ലാ ബസ്സിലും ഒരാള്‍ മാത്രേ ഉണ്ടാകൂ. അതെ, ഡ്രൈവര്‍ തന്നെ. കുത്തി മറിച്ചു ചിലപ്പോ പാട്ടൊക്കെ കേട്ട് ഓടിച്ചു പോകുന്നതു കാണാം.

ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലെ ഒരു അണ്ടര്‍ ഗ്രൌണ്ട് ട്രെയിന്‍ സ്റ്റേഷന്‍


ഒരിക്കല്‍ എനിക്ക് ഏതാണ്ട് 4 മണിക്കൂര് യാത്രയുള്ള ഒരു നഗരത്തില്‍ പോകണമായിരുന്നു. (4 മണിക്കൂര്‍ എന്ന് പറഞ്ഞത് അതിവേഗ ട്രെയിനുകളുടെ കാര്യമാണ്) അന്ന് വൈകിട്ട് തന്നെ മടങ്ങുകേം വേണം. മീറ്റിങ്ങെല്ലാം കഴിഞ്ഞു അവിടുന്ന് യാത്ര തിരിച്ചപ്പോള്‍ വൈകിട്ട് ഏഴ് മണിയായി. എന്താണ്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പോകേണ്ട ട്രെയിന്‍ റൂട്ടില്‍ എന്തോ പ്രശ്നം, വണ്ടി മുന്നോട്ടു പോകില്ല. എന്ത് ചെയ്യും, എങ്ങനെ വീട്ടില്‍ തിരിച്ചെത്തും എന്നെല്ലാം വിചാരിച്ചു വിഷണ്ണരായ യാത്രക്കാരുടെ മുന്നില്‍ ദൈവധൂതരെപ്പോലെ ജര്‍മന്‍ റെയില്‍വേയുടെ (deutsch bahn) സര്‍വിസ് ആള്‍ക്കാര്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ പല നഗരങ്ങിലെക്കായി പോകേണ്ട യാത്രക്കാരെ തരം തിരിച്ചു. എന്റെ സ്ഥലത്തേക്ക് പോകാന്‍ മറ്റു മൂന്നു പേര്‍ കൂടി ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങളെ ഒരു ടാക്സിയില്‍ കയറ്റി പറഞ്ഞു വിട്ടു. മറ്റു യാത്രക്കാരെയും അതതു സ്ഥലത്തേക്ക്. അങ്ങനെ deutsch bahn -ന്റെ ചിലവില്‍ 'ബെന്‍സ്‌ ' ടാക്സിയില്‍ വീടെത്തി. ടാക്സി ഡ്രൈവര്‍ പ്രത്യേക കാശൊന്നും ഈടാക്കാതെ തന്നെ എല്ലാരേയും അവരവരുടെ വീട്ടുപടിക്കല്‍ കൊണ്ടെത്തിച്ചു. വീട്ടിലെത്തിച്ചതിന് ഒപ്പിട്ടു രസീതിയും വാങ്ങി (നാളെപ്പിറ്റെന്നു എന്നെ വഴിയാധാരമാക്കി എന്ന് ഞാന്‍ കേസ് കൊടുത്താലോ..:))
അതോടെ ജര്‍മന്‍ റെയില്‍വേ എന്റെ കാണപ്പെട്ട ഗതാഗതദൈവമായി.

ട്രെയിനിലും ബസ്സിലും രാജ്യത്തു പല സ്ഥലങ്ങളില്‍ ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. അതില്‍ നിന്നു എനിക്ക് മനസ്സിലായത് ഇവിടുത്തെ ഭരണം ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ളതാണ് എന്നാണ്. അറ്റ്‌ ലീസ്റ്റ് യാത്രയുടെ കാര്യത്തില്‍. അതായതു, ഒന്നോ രണ്ടോ യാത്രക്കാര്‍ മാത്രമേ ഉണ്ടെങ്കിലും അവര്‍ക്ക് ആവശ്യമായ യാത്ര സൗകര്യം ഒരുക്കി കൊടുക്കുക. അല്ലാതെ അവര്‍ ട്രിപ്പ്‌ തീരെ നിര്‍ത്തുന്നില്ല.

ബസ് സ്റ്റോപ്പില്‍ ബസ്സ് കത്ത് നിക്കുന്ന ഒരു അപ്പുപ്പന്‍. രണ്ടു സ്റ്റോപ്പ്‌ അപ്പുറത്ത് ഒരു ഹോസ്പിറ്റല്‍ ഉണ്ട്.
അവിടെ ആരെയോ കാണാന്‍ പോകുന്നതാണ്- ജര്‍മനിയില്‍ നിന്ന്


ഒരു ഡ്രൈവര്‍ മാത്രം നിയന്ത്രിക്കുന്ന ഇത്തരം ബസ്സുകള്‍ മിക്കവാറും ചില കമ്പനികളുടെതായിരിക്കും. കമ്പനികള്‍ക്ക് നഷ്ടമില്ലാതിരിക്കാന്‍ ഗവണ്മെന്റും ഒരു നിശ്ചിത കാശ് ഇവര്‍ക്ക് കൊടുക്കുന്നുണ്ട് . എല്ലാം ഭയങ്കര 'കൊളാബരെഷന്‍' ആണ്. അല്ലാതെ എങ്ങനെ ഒരു യാത്രക്കാരനെയും വഹിച്ചു കൊണ്ട് ബസ്സുകള്‍ക്ക് സമാധാനത്തോടെ പോകാന്‍ പറ്റും ? മറ്റൊരു കാര്യം, ഇവിടെ ഇതു കുഗ്രാമത്തില്‍ പോകാനും ബസ് ഗതാഗതം ഉണ്ട് എന്നതാണ്. അര്‍ദ്ധ രാത്രി കഴിഞ്ഞാല്‍ ചിലപ്പോ ഓരോ മണിക്കുറുകള്‍ ഇടവിട്ടെ ബസ്സ് ഉണ്ടാവൂ, എന്നാലും ഡ്രൈവര്‍ മാത്രമുള്ള വാഹനം പായുന്നത് കാണാം.

മറ്റു യുറോപ്യന്‍ രാജ്യങ്ങളിലും ഏതാണ്ട് ഇതേപോലെ തന്നെയാണ് കാര്യങ്ങള്‍. കൂടാതെ ഇവര്‍ വിനോദ യാത്രകളെ അതിയായി പ്രോത്സാഹിപ്പിക്കുന്നു. 'വീകെണ്ട്' യാത്രകള്‍ക്ക് കാശും കുറച്ചു മതി. രണ്ടില്‍ കൂടുതല്‍ ആളുകളുള്ള ഗ്രുപ്പ് ആണെങ്കില്‍ അവര്‍ക്ക് ചെലവ് കുറഞ്ഞ ഒരു കാര്‍ഡ്‌ എടുക്കാം. ഇത്തരം കാര്‍ഡുകള്‍ ചിലപ്പോ ഒരു സംസ്ഥാനം മുഴുവന്‍ അല്ലെങ്കില്‍ ഒരു താലുക്ക് മുഴുവന്‍ ബാധകമായിരിക്കും.

പിന്നെ വികലാഗര്‍: അവര്‍ക്ക് എവിടെയും മുന്‍‌തൂക്കം ഉണ്ട്. ബസ്സിലും ട്രെയിനിലും അവരെ ഇറക്കാനും കയറ്റാനും അധികൃതര്‍ പ്രവര്‍ത്തിക്കുന്നത് എപ്പോഴും കാണാന്‍ കഴിയുന്ന ഒരു കാഴ്ചയാണ്.
അവരും വേണ്ടപ്പെട്ട ഒരു പൌരനെന്ന നിലയില്‍, അവരുടെ ജീവനും രാജ്യത്തിന്‌ വിലയേറിയത് എന്ന മട്ടില്‍ ......

അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍. ഒരു ഗവണ്‍മെന്റ് ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ളതായിരിക്കണം എന്നതിന് ഇതിലധികം ഉദാഹരങ്ങള്‍ വേണോ ?

ചിലര്‍ ചോദിച്ചേക്കാം, ഭീമമായ ഒരു ടാക്സ് തുക എല്ലാ പൌരനും വേതനത്തില്‍ നിന്നും അല്ലാതെയും കൊടുക്കുന്നുണ്ടെങ്കില്‍ ഏത് ഭരണാധികാരികളും ഇത്തരം സൌകര്യങ്ങള്‍ ജനങള്‍ക്ക് ഒരുക്കി കൊടുക്കാന്‍ പറ്റും എന്ന്. സാധിച്ചേക്കാം, സത്യമാണ്. പക്ഷെ നമ്മുടെ രാജ്യം ഭീമമായ തുകയൊന്നും നികുതി വാങ്ങുന്നില്ല. എങ്കിലും കോടിക്കണക്കിനു ടാക്സ് കൊടുക്കാന്‍ ബാധ്യസ്ഥരായ ബച്ചന്‍ (അങ്ങേരു എല്ലാം കൊടുത്തോ എന്നൊന്നും എനിക്കറിയില്ലാട്ടോ) തുടങ്ങിയ സിനിമാ താരങ്ങളും ബിസിനസ്സുകാരും (കള്ളപ്പണം ഇതില്‍ പെടുമോ എന്തോ ?) ഉള്ള ഇന്ത്യ പോലുള്ള രാജ്യത്തിന്‌ അവരില്‍ നിന്നൊക്കെ അതു പിടിച്ചെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ....പിന്നെ ??
ബാക്കി നിങ്ങള്‍ പറയുക.

(പലതും വിട്ടു പോയിട്ടുണ്ട്, പലതും ചേര്‍ക്കാനുണ്ട്. ആധികാരികമായ ഒരു എഴുത്ത് ആയില്ല എന്നും എനിക്കറിയാം.
എന്നാലും ഒരു എളിയ ശ്രമം . ഫോട്ടോകള്‍ ഒരു ഭംഗിക്ക് ചേര്ത്തു
എന്നെ ഉള്ളൂ )

Related Posts with Thumbnails