26 April 2010

രാജാവ്

എനിക്കീയിടെ ഭയങ്കര പരാതികളാണ്.
അമ്മാ, ജോലിയുടെ ടെന്‍ഷനുകള്‍, ജോലിയില്ലെങ്കിലുള്ള ടെന്‍ഷനുകള്‍
അങ്ങനെ ഇന്നത്‌ എന്നൊന്നും ഇല്ലാ .

ഇപ്പോഴാണ്‌ ഞാന്‍ എന്റെ ഒരു കെമിസ്ട്രി സാറിനെ ഓര്‍ക്കുന്നത് .
സാറ് പറയും , ഭാഗ്യം എന്നത് ഒന്നില്ല പക്ഷെ നിര്‍ഭാഗ്യം എപ്പോഴും നമ്മുടെ കൂടെയുണ്ടെന്ന് . സാറിനു അക്കാലത്തു പിരിച്ചു വിടല്‍ ഭീഷണി ഉണ്ടായിക്കാണും എന്ന് ഞങ്ങള്‍ വിചാരിച്ചു. പക്ഷെ ഏറെ നാളുകള്‍ക്കു ശേഷം കണ്ടു മുട്ടിയപ്പോഴും സാറിന്റെ ആ ചിന്തക്ക് ഒരു കോട്ടവും തട്ടിയില്ല .

അമ്മയോട് പറയാം എന്ന് കരുതിയാണ് ഞാന്‍ വിളിച്ചത് . അമ്മക്ക് പണ്ടത്തെപ്പോലെ ടെന്‍ഷനുകള്‍ ഇല്ല .
പണ്ട് അമ്മയുടെ ടെന്‍ഷനുകള്‍ , വേണ്ടത്ര നെല്ല് കിട്ടീല്ല , ചീരക്കു പുഴു വന്നു, റോസാപ്പൂക്കള്‍ കുട്ട്യോളൊക്കെ ഓടിച്ചു കൊണ്ടുപോകുന്നു, അച്ഛന്‍ കൊണ്ടന്ന സാരിയുടെ കളറ് പോര , അമ്മ വീട്ടിലില്ലാത്ത നേരത്ത് ആരുടെയോ പയ്ക്കള്‍ വാഴയോക്കെ ഓടിച്ചത് ..അങ്ങനെ അങ്ങനെ ..

ഇപ്പൊ അമ്മക്ക് വിവരം വച്ചു. ഒരു ടെന്‍ഷനും ഇല്ല . ഞാന്‍ പുര നിറയുകയാണെങ്കില്‍ വീട്ടിലിരുന്നു കള്ളക്കഥകള്‍ എഴുതി വല്ല വാരികക്കും അയച്ചു കൊടുത്തു കാശുണ്ടാക്കി അവനവനെ നോക്കണം എന്ന് ചിലപ്പോ പറയും.
എന്താ മനസ്സിലിരിപ്പ് .... (പണ്ടെങ്ങോ ബാലരമേല്‍ എന്റെ എന്തോ ഒരു പൊട്ടത്തരം അച്ചടിച്ച്‌ വന്നതിനാ ഈ അഹംകാരം )

അതൊക്കെ പോട്ടെ , പരാതിപ്പെട്ടി തുറന്നപ്പോ ഇപ്രാവശ്യം അമ്മ പറഞ്ഞത് : ജീവിതം ഇത്രേ ഉള്ളൂ , അതു ഓരോ ദിവസോം രാജാവിനെപ്പോലെ ജീവിച്ചു തീര്‍ക്കണം എന്നാണ് . എനിക്ക് ചിരി പൊട്ടി .
ഇതു ആരെങ്കിലും സംകടപ്പെട്ടിരുന്നാല്‍ ഒരു മഹതിയെപ്പോലെ ഞാന്‍ ഓതി കൊടുക്കുന്ന വാക്കുകളാണല്ലോ ഈശ്വരാ ... ചിലപ്പോ ഞാന്‍ അമ്മയോടും പറഞ്ഞു കാണും . അന്ന് അമ്മ നോട്ടു ചെയ്തിരിക്കണം...

അമ്മ തുടരുകാണ്, ഇന്ന് കഴിഞ്ഞാ നാളെ , നാളെ കഴിഞ്ഞ മറ്റന്നാള്‍ ..എല്ലാ ദിവസോം രാജാവ്‌ .
കഞ്ഞി കുടിച്ചിട്ടാനെങ്കില്‍ പോലും.
അമ്മ പറഞ്ഞതല്ലേ , അങ്ങനെ ഞാന്‍ രാജാവാകാന്‍ തീരുമാനിച്ചു !

കുറെ നാളുകള്‍ക്ക് ശേഷം ചാറ്റിനു വന്ന ഒരു ബാംഗലൂര്‍ ഐ ടി അധോലോക സുഹൃത്ത്‌ പറഞ്ഞു

' ഓ നമ്മളിങ്ങനെ അമ്ബാനിയെപ്പോലെ കഞ്ഞി കുടിച്ചു ഇവിടെ കഴിയുന്നു ...'

14 April 2010

ആമ്സ്ടര്‍ഡാമിലെ വേശ്യകള്‍

എന്നാപ്പിന്നെ തുടങ്ങാം? ങേ , എന്ത് തുടങ്ങാന്‍ എന്ന് അല്ലെ . കേള്‍ക്കു .
അവിടേം പോകും ഇവിടേം പോകും... എന്നിട്ട് , 'എന്ത് ഹെമാംബികെ എന്തെങ്കിലുമൊക്കെ കുത്തി കുറിച്ചൂടെ' എന്ന് ഞാന്‍ തന്നെ എന്നോട് ചോദിക്കാന്‍ തുടങ്ങീട്ടു കാലം കുറെയായി. തുടങ്ങാന്‍ പോകുകാ. ആദ്യമായ് പറയാന്‍ പോകുന്നത് വേശ്യകളെ ക്കുറിച്ചാണ് . ശുഭകാര്യത്തിനു പോകുമ്പോള്‍ വേശ്യകളെ കണി കാണുന്നത് നല്ലതാന്നു കേട്ടിട്ടുണ്ട് ( ചില സിനിമേല്‍ , അല്ലാതെവിടെയാ ?) എന്നാപ്പിന്നെ വിചാരിച്ചു അതന്നെ പറയാം എന്ന്. ശുഭമായാലും ശരി ആശുഭമായാലും ശരി. ഞാന്‍ നിങ്ങളുടെ ക്ഷമ പരിശോധിക്കുന്നില്ല.


കനാലുകളാല്‍ ചുറ്റപ്പെട്ട ഒരു നഗരമാണ് ആമ്സ്ടര്ടാം .നെതര്‍ ലാണ്ടിന്റെ തലസ്ഥാനം .കഴിഞ്ഞ ആഴ്ച അവിടെ വരെ ഒന്ന് പോയി.

(ചുവന്ന വെളിച്ചമുള്ള സ്ഥലത്തിനടുത്തുള്ള ഒരു കനാല്‍, പോസ്റ്റിന്റെ ഭംഗിക്ക് ചേര്‍ത്തു എന്നെ ഉള്ളൂ )

പോകുന്നതിനു മുന്‍പ് ഏകദേശ രൂപം ഉണ്ടായിരുന്നെങ്കിലും , നഗര ചുറ്റലിനിടക്ക് ഇടുങ്ങിയ ഒരു തെരുവില്‍ , ചുവന്ന തിരശ്ശീല മാറ്റി ജനാലയില്‍ പ്രത്യക്ഷപ്പെടുന്ന നാമ മാത്രം വസ്ത്രം ധരിച്ച സുന്ദരികളെ കണ്ടപ്പോള്‍ ഒന്ന് ഞെട്ടി. കാലുവലിച്ചു നീട്ടി വീണ്ടും നടന്നു , അതാ വീണ്ടും അടുത്ത ജനാലയില്‍ മറ്റൊരുത്തി. അവള്‍ കൈ ആഗ്യം കാട്ടി വിളിക്കാനും തുടങ്ങി. കൂടെയുള്ള സഹസഞ്ചാരി ഇതൊക്കെ കണ്ടു രസിച്ചങ്ങനെ നടക്കുന്നു. കൂടെയൊരു കമന്റും 'കാമറ എടുത്തു ബാഗിലിട്ടോ, അല്ലെങ്കില്‍ ആരെങ്കിലും വന്നു അടിച്ചു പൊട്ടിക്കും '.

ശരിയാണ് ഇതു red light district നു അടുത്തുള്ള സ്ട്രീറ്റ് ആണ് .ഇവിടെ പടമെടുക്കുന്നത് നിയപ്രകാരം നിരോധിച്ചതായി ബോര്‍ഡ് ഉണ്ട്. അങ്ങനെ പടമെടുക്കുന്നവ്രെ പിടിക്കാന്‍ പോലീസുകള്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട് . ഈ സ്ഥലം നിയമ പ്രകാരമുള്ള വേശ്യാ വൃത്തിക്കുള്ള സ്ഥലമാണ് . പേര് പോലെ തന്നെ ഇവിടുത്തെ വീടുകള്‍ അല്ലെങ്കില്‍ റൂമുകളില്‍ ചുവന്ന്‍ ലൈറ്റ് കത്തി നിക്കുന്നുണ്ടായിരിക്കും. ലൈംഗിക തൊഴിലാളികള്‍ നിങ്ങി പാര്‍ക്കുന്ന ഒരിടം.

എന്ന് വച്ച് നമ്മുടെ നാട്ടിലെ ചുവന്ന തെരുവ് പോലെയാണെന്ന് വിചാരിച്ചു കളയരുത്. (അവിടെ ഞാന്‍ പോയിട്ടില്ല, അതു കൊണ്ട് കൃത്യമായി അറിയില്ല. എങ്കിലും പറയാം, എന്റെ ചങ്ങാതിയുടെ ചേട്ടന്‍ കുറച്ചു കാലം നിര്‍ബന്ധിത ഡോക്ടര്‍ പ്രാക്ടീസ് ചെയ്തിരുന്നു അതിനടുത്ത് . രാവിലെകളില്‍ ഈ ചുവന്ന തെരുവ് കടന്നു വേണം ജോലിസ്ഥലത്ത് പോകാന്‍. അങ്ങനെയുള്ള യാത്രകളില്‍ പത്തു വയസ്സുള്ള പെണ്‍കുട്ടികള്‍ വരെ 'വരൂ സാബ് , അഞ്ചു രൂപ മതി സാബ് ....' എന്ന് പറഞ്ഞു കൈകളില്‍ പിടിച്ചു വലിക്കുമായിരുന്നു ....)

പിന്നെയെങ്ങനെയാണ് എന്നല്ലേ . ഇവിടുത്തെ ലൈംഗിക തൊഴിലാളികള്‍ക്ക് ഇന്ഷുറന്സ്,ജോബ്‌ സെക്യുരിറ്റി എല്ലാം ഉണ്ട് . അവരും മറ്റുള്ളവരെ പോലെ ടാക്സും കൊടുക്കുന്നു. ടാക്സ് - പിന്നെ ഒരു രാജ്യത്തിന് വേറെ എന്ത് വേണം. വൈകുന്നേരങ്ങളില്‍ ഈ തെരുവുകള്‍ സഞ്ചാരികളും അല്ലാത്തവരും കൊണ്ട് നിറയുമത്രേ .
നിങ്ങള്‍ക്കിപ്പോ അമ്സ്ടര്‍ഡാമിലെ ഈ സുന്ദരികളെ കാണണം എന്നുണ്ടാകും. എന്റടുത്തു പടമില്ല. ഗൂഗിളിന്റെ ചിത്രപ്പെട്ടികളില്‍ നോക്കൂ ചിലപ്പോ കണ്ടേക്കാം. ഒരു ജര്‍മന്‍ സുഹൃത്ത്‌ പറഞ്ഞത് ചില ആണുങ്ങള്‍ പെണ്‍ വേഷം കെട്ടി ജനലക്കടുത്തു നിക്കാറുണ്ട് എന്നാണ് :)

കാര്യമതല്ല, ഇവിടത്തുകാര്‍ ഇതിനെ വളരെ പെരുമയോടെയാണ് വിനോദ സഞ്ചാര വെബ് സൈറ്റിലോക്കെ കാണിച്ചിരിക്കുന്നത് . ഇക്കൂട്ടര്‍ ചില വേര്‍തിരിവുകളൊക്കെ അനുഭവിക്കുന്നുണ്ടെങ്കില്‍ പോലും .നഗരം പറയുന്നത് തീര്‍ത്തും മനുഷ്യര്‍ക്ക്‌ വേണ്ടിയുള്ളത് , പിന്നെയെന്തിനാണ് ഇവരെയൊക്കെ ക്രിമിനലുകളായി മുദ്ര കുത്തുന്നത് എന്നാണ് .

ഈ പ്രദേശത്ത് ധാരാളം സെക്സ് കടകള്‍ , അതിനോടനുബന്ധിച്ച തിയേറ്ററുകള്‍ എന്നിവ സജീവമാണ് . എടുത്തു പറയേണ്ടത് സെക്സ് മ്യൂസിയമാണ്. ഇതു പുറത്തു നിന്നു കാണാനേ ഞങ്ങള്‍ക്ക് സാധിച്ചുള്ളൂ ,സമയപരിധി മൂലം. നിങ്ങള്ക്ക് വേണ്ടി പുറത്തു നിന്നു എടുത്ത പടം ഇവിടെ ഇടുന്നു.

(അമ്സ്ടര്‍ ഡാമിലെ സെക്സ് മ്യുസിയം )

അവിടുത്തെ എല്ലാ തൊഴിലാളികള്‍ക്കും നന്മ നേര്‍ന്നു കൊണ്ട് ഇവിടെ നിര്ത്തുന്നു. ഇനിയും ഒരുപാടു പറയാനുണ്ട്‌ , ഞാന്‍ ശ്രമിക്കട്ടെ .



25 March 2010

ആഗ്രഹങ്ങള്‍

ഒരു കാറു വേണമെന്ന്
ഒരിക്കലും ആശിച്ചില്ലെങ്കിലും
എനിക്കൊരു ഫെരാരി കാറുണ്ടായി.

ഒരു വീടിനെക്കുറിച്ചൊരുസ്വപ്നമില്ലാതെ
എനിക്കൊരു അത്യുഗ്രന്‍ വീടുണ്ടായി

പഠിക്കണമെന്നോരിക്കലും മോഹിക്കാത്ത
ഞാനിന്നു പഠിച്ചു വല്യോരാളായി

ചങ്ങാതിമാര്‍ വേണമെന്നാശിക്കാത്ത ഞാന്‍
ചങ്ങാതിമാരാല്‍ വീര്‍പ്പുമുട്ടി

നീ എന്റെതാകണമെന്നു
ഞാന്‍ ഒരിക്കലും മോഹിച്ചില്ല
എങ്കിലും നീ എന്റേതു മാത്രമായി

ഒരു കുഞ്ഞു വേണമെന്ന്
ഞാന്‍ ആഗ്രഹിക്കാതെ തന്നെ
ഒരു ദിവസം ഞാനൊരു രക്ഷിതാവായി

ഇപ്പോഴും ജീവിചിരിക്കണമെന്നു
ഞാന്‍ പ്രാര്‍ഥിച്ചില്ലെങ്കിലും
ഇപ്പോഴും ഞാന്‍ ഇവിടെയുണ്ട്.

പിന്നെ, ഒന്നും ആഗ്രഹിക്കാത്ത എനിക്ക്
എന്നും എല്ലാം കുമിഞ്ഞു കൊണ്ടേയിരിക്കുന്നു...

11 October 2009

സൌന്ദര്യം - ഒരു കൊച്ചു കഥ


ഗൂഗിള്‍ മാപ്പില്‍ നോക്കി നോക്കി ദൂരം കണക്കാക്കി ഒരു ഏകദേശ സ്ഥലത്ത് ട്രെയിന്‍ ഇറങ്ങി.
സീബന്‍ മോര്‍ഗന്‍ വെഗ് 6 . അവിടെയാണ് എത്തേണ്ടത്. റോഡു മുറിച്ചു കടന്നു ഓവര്‍ ബ്രിഡ്ജിന്റെ
അടിയിലൂടെയുള്ള ചെറിയ ടാറിട്ട റോഡിലേക്ക്‌ കയറിയതെ ഉള്ളൂ . അതാ കറുത്ത അക്ഷരത്തില്‍ ഒരു ബോര്‍ഡ്‌ .
ആ ചൂണ്ടു പലക ലക്ഷ്യമാക്കി നടന്നു .

വഴിയരികില്‍ ഒരു അമ്മൂമ്മ വളരെ കഷ്ടപ്പെട്ട് കൈയിലുള്ള പല നിറത്തിലുള്ള കുപ്പികള്‍ വലിയ പഴ്കുപ്പിഭാണ്ടാരങ്ങളില്‍ ഓരോന്നായി ശ്രദ്ധാപൂര്‍വ്വം ഇടുന്നു. അതും കടന്നു എത്തിയത് പഴയ കുഗ്രാമത്തിലെ കെട്ടിടടങ്ങള്‍ പോലെ തോന്നിപ്പിക്കുന്ന ഒരു കൂട്ടം കെട്ടിടങ്ങളുടെ മുന്നിലാണ്. സീബന്‍ മോര്‍ഗന്‍ വെഗ് . ഞാന്‍ പിന്നെയും തിരഞ്ഞു . അതാ അങ്ങ് ദൂരെ ഒരു വലിയ കെട്ടിടത്തിന്റെ മുന്നില്‍ പത്തു എന്ന് എഴുതിയിരിക്കുന്നു . നാല്, ആറ്, പത്തു .....ആ കൂറ്റന്‍ കെട്ടിടത്തിന്റെ മുന്നില്‍ എത്തി പരുങ്ങി നിന്നു.ആറാം നമ്പര്‍ കെട്ടിടതിലെക്കാന് എനിക്ക് പോകേണ്ടത് . ആരോടെങ്കിലും ചോദിക്കാമെന്നു വച്ചാല്‍  അടുത്തെങ്ങും ആരുമില്ല. അടുത്തുള്ള റെയില്‍വേ പാലത്തിലൂടെ ഒരു വണ്ടി ശബ്ദം താഴ്ത്തി കടന്നു പോയി. കൂറ്റന്‍ കെട്ടിടത്തില്‍ പല പരസ്യങ്ങളുടെ പോസ്ടരുകള്‍ പതിപ്പിച്ചിട്ടുണ്ട്. അതിന്റെ ഇടയിലായി ആറാം നമ്പര്‍ കെട്ടിടതിലെക്കുള്ള ചൂണ്ടു പോസ്റര്‍ .

കെട്ടിടത്തിന്റെ വലിയ അകതലത്തിലും ആരും ഉണ്ടായിരുന്നില്ല . വയലിന്‍ നിര്‍മിക്കുന്ന സ്ത്രീയുടെ പേര് പ്രധാന വാതിലിനടുത്ത് എഴുതി കണ്ടു . നാലാമത്തെ നില . വിശാലമായ ഗോവണികള്‍ കയറുമ്പോള്‍ കിതക്കുന്നുണ്ടായിരുന്നു.
കിതപ്പ് മാറ്റാന്‍ ഇടയ്ക്കു നിന്നു . ചുമരില്‍ ചില നവീന രീതിയിലുള്ള ചിത്രങ്ങള്‍ . ഒന്നും മനസ്സിലായില്ല .
നേരത്തെ വിളിച്ചിരുന്നത് കൊണ്ട് വയലിന്‍ സ്ത്രീ വാതിലിനു സമീപം തന്നെ കത്ത് നില്‍ക്കുന്നുണ്ടായിരുന്നു.
അവര്‍ ഹൃദ്യമായി സ്വാഗതം ചെയ്തു. വെള്ളയില്‍ വരയുള്ള ഷര്‍ട്ടും അതിന്റെ കൂടെ ചെളിയധികം പുരളാത്ത ആപ്രനും  അവര്‍ ധരിച്ചിരുന്നു. മുടി തൊപ്പി പോലെ തോന്നിക്കും വിധം വെട്ടി നിരത്തിയിരുന്നു. ചിരിക്കുമ്പോള്‍ ആ മുടിയും കൂടെ ഇളകി. സ്ത്രീ എന്നെ അകത്തേക്ക് വിളിച്ചു. ഇടനാഴിയു‌ടെ അകത്തേക്ക് . ആദ്യം ചെന്നത് ഒരു വീടിനെ അനുസ്മരിപ്പിക്കുന്ന ചെറിയ അടുക്കളയിലാണ് . കാപ്പിയും മറ്റും ഉണ്ടാക്കാനുള്ള ഒരു കൊച്ചു സ്ഥലം . ഇടനാഴിയില്‍ വച്ചു അവരെന്നോട് കുശലം പറയാന്‍ ശ്രമിച്ചു .
-ഒരു പാട് ബുദ്ധിമുട്ടിയോ ഈ സ്ഥലം കണ്ടുപിടിക്ക്കാന്‍ ..
ഞാന്‍ കിതച്ചു കൊണ്ട് 'അതെ പക്ഷെ സാരമില്ല' എന്ന് പറഞ്ഞതു .
അപ്പോഴേക്കും വയലില്‍ നിര്‍മ്മിക്കുന്ന മുറിയില്‍ എത്തിയിരുന്നു . മുറിയില്‍ നിറയെ അതുണ്ടാക്കാനുള്ള അവശ്യ
വസ്തുക്കള്‍ . കുട്ടികള്‍ക്കുള്ള ചെറിയ വയലിനുകള്‍ ചുമരില്‍ തൂക്കിയിട്ടുണ്ട്‌ . മുറിയില്‍ മരചീളുകളുടെയും ചായത്തിന്റെയും നേരിയ വാസന . മൂലക്കുള്ള ഒരു ഉയര്‍ന്ന മേശമേല്‍ എനിക്കുള്ള വയലില്‍ . അവര്‍ അതു തുറന്നു കാട്ടി അതിന്റെ ഗുണഗണങ്ങള്‍ വര്‍ണിച്ചു.ഞാന്‍ ഓരോന്നിന്റെയും വിലനിലവാരപട്ടിക ചോദിച്ചു മനസ്സിലാക്കി . പൊതുവേ നല്ല കാശു കൊടുക്കണം . പക്ഷെ എനിക്ക് പഠിച്ചേ തീരൂ ....
അവര്‍ ശ്രദ്ധാപൂര്‍വ്വം ആ വയലിന്‍ കേസ് എന്നെയേല്‍പ്പിച്ചു . അതുമായി നീങ്ങുമ്പോള്‍ അവര്‍ എന്നെ അനുഗ്രഹിച്ചു . പെട്ടെന്ന് നന്നായി പഠിക്കാന്‍ സാധിക്കട്ടെ . അടുത്തിടെ പെട്ടെന്ന് പ്രസസ്തനായ ഒരു വയലിനിസ്ടിന്റെ കാര്യം ഞാന്‍ അവരോടു പറഞ്ഞു.

-ചിലപ്പോ ഞാനും അയളെപ്പോലെ ആയാലോ . മൂപ്പര് വയലിന്‍ പഠിച്ചു തുടങ്ങിയത് പത്തിരുപതു വയസ്സ്  കഴിഞ്ഞാണ്‌ . ഇപ്പൊ ആല്‍ബങ്ങള്‍ ഇറക്കുന്നു . കണ്സെര്ട്ടുകള്‍ നടത്തുന്നു ..അങ്ങനെ ഞാനും ..
- അതാരാ അങ്ങിനെ ഒരാള്‍ ?..വയലിന്‍ സ്ത്രീക്ക് കൌതുകം .
-പേര് ഞാന്‍ മറന്നു പോയി . പക്ഷെ എനിക്കാതെ ഓര്‍മ്മിക്കാന്‍ കഴിയുന്നത്‌ അദ്ദേഹം വളരെ സുന്ദരനാണ് എന്നാണ് .
-സുന്ദരന്‍ ....ഹും ...
-അതെ എനിക്കാതെ ഓര്‍മ്മിക്കാന്‍ കഴിയുന്നത്‌ അദ്ദേഹം സുന്ദരന്‍ ആണെന്നാണ് . ഞാന്‍ വീണ്ടും പറഞ്ഞു .
ഇടനാഴിയിലൂടെ എന്നെ യാത്രയാക്കാന്‍ കൂടെ വരുമ്പോള്‍ സ്ത്രീ വീണ്ടും ചോദിച്ചു .
-അപ്പോള്‍ നിങ്ങളുടെ കാഴ്ചപ്പാടില്‍ സുന്ദരന്‍ അല്ലെങ്കില്‍ സുന്ദരി എന്ന് പറഞ്ഞാല്‍ ..എങ്ങിനെയാണ്‌ ..?
തെല്ലും ആലോചിക്കാതെ ഞാന്‍ പറഞ്ഞു .

-നിങ്ങള്‍ വളരെ സുന്ദരിയാണ് .
സ്ത്രീ പൊട്ടി പൊട്ടി ചിരിച്ചു .

യാത്ര പറയുമ്പോള്‍ അവരുടെ കവിളുകള്‍ സന്തോഷം കൊണ്ട് ചുവന്നിരുന്നു....... 

19 December 2008

ഉഷ്ണകാറ്റ്‌

പ്രണയം ,
എനിക്കൊരു ചുടുനിരുറവ ആയിരുന്നു
പൊള്ളുന്ന വെയിലില്‍ ഉരുകുന്ന വിയര്‍പ്പായ്‌
ഉരുകുന്ന കനലില്‍ തെളിയുന്ന കണ്ണീരായ്
പാദതിലേക്കൊഴുകും സത്യത്തിന്‍ ചുടുരക്തകട്ടയായ്
ഈ വെയിലില്‍ വേറൊരുനീരെനിക്കെന്തിന്..

നിമിഷങ്ങള്‍ നിനക്കു സ്വന്തം
എരിയുന്ന അടുപ്പില്‍ പെയ്യുന്ന മഴയായി
നിനക്കുള്ള ഒരു പിടി ചോറ് .
കാതിരിപ്പിന്റെ കനലുകള്‍ കണ്ണിലേറ്റുമ്പോള്‍
നീയറിഞ്ഞില്ല എന്റെ നിമിഷങ്ങളെ
കടം തരുകയല്ല, ഈ നിമിഷങ്ങളെ
ഞാന്‍ സമര്‍പ്പിക്കയാണ്,
എരിയുന്ന ഹൃദയത്തിന്റെ പതറുന്ന ഇടിപ്പുപോല്‍ .

ഋതുമാറി ഒഴുകിയ മഴയുടെമേല്‍ പെയ്തൊ-
രുഷ്ണകാറ്റുപോലെന്‍ പ്രണയം.
കനല്‍ പോലെ തിളങുമീ മണ്ണില്‍പ്പതിച്ചൊരു-
തുള്ളി രക്തത്തില്‍ കാണുന്ന മുഖമാണെന്‍ പ്രണയം.

6 June 2008

അത്താഴം

അവന്‍ അവളോടു ചോദിച്ചു ‌: ‘രാത്രിയില്‍ എന്താ അത്താഴത്തിനു?’
അവള്‍ മൊഴിഞ്ഞു : ‘മഴ പെയ്യുമായിരിക്കും‘
‘മഴ പെയ്താല്‍ ?‘
‘നനയും !‘
‘അപ്പോ അത്താഴം ?'
‘തായത്തിടത്തിലെ ശ്രീലത പ്രസവിചു; ഇരട്ടക്കുട്ട്യൊള്‍‘
‘ആണ്‍കുട്ട്യൊ പെണ്‍കുട്ട്യൊ?’
‘ഒരാണ്‍കുട്ടീം ഒരു പെണ്‍കുട്ടീം’
‘അതിനിങ്ങനെ പരയണ്ട; രണ്ടും എന്നു പരഞ്ഞാ മതി‘
‘ഇങ്ങനേം പരയാം‘
‘അപ്പോ ചിലവായി അല്ലേ; അവളുടെ നായര്‍ക്ക് ?’
‘അവള്‍ക്കിനി പ്രസവിക്കാണ്ടല്ലൊ; ആണിനെം പെണ്ണിനെം കിട്ടില്ലേ?‘
‘അതും ശരി; രണ്ടാം പ്രസവത്തിന്റെ ചിലവും കുറഞ്ഞു; ബുദ്ധിമുട്ടും.‘
‘ബുദ്ധിമുട്ടൊ ? ആരുടെ?‘
‘ആശുപത്രീലൊക്കെ പോകണ്ടെ ചെക്കപ്പുകള്‍ നടത്തണ്ടെ..‘
‘അപ്പൊ പ്രസവം ഒരു ബുദ്ധിമുട്ടല്ല അല്ലേ ?‘
‘എന്നു ഞാന്‍ പറഞ്ഞില്ല..‘
‘പറയണ്ട കാര്യമില്ലല്ലൊ..‘

അങ്ങനെ പറഞ്ഞും പറഞ്ഞും അത്താഴത്തിന്റെ നേരം മെല്ലെ അവരടുത്തെത്തി.

‘ഇനീപ്പൊ അത്താഴം....‘ അവന്‍ വീണ്ടും
‘ഇനിയെന്ത് ; അതൊന്നും ഒരു ബുദ്ധിമുട്ടല്ലല്ലൊ പോയി ഉണ്ടാക്ക് ..‘

അപ്പൊ മഴ പെയ്തു തുടങ്ങിയിരുന്നു.. തണുത്ത കാറ്റ് ജനല്‍ വാതിലുകള്‍ കൊട്ടിയടച്ചു കൊണ്ടിരുന്നു !!

(ഒരു പത്തു മിനുട്ട് കത)

15 May 2008

ചെരിഞ്ഞ വീട് (ഫോട്ടൊ)

ആസ്ട്രിയയിലെ സാല്‍സ്ബൂര്‍ഗില്‍ നിന്നൊരു ദ്രിശ്യം. ഇതൊരു അവധിക്കാല വസതിയാണ്. കുന്നിന്‍ മുകളില്‍...കുറഞ്ഞ കാശിനു കൂടുതല്‍ നാള്‍ താമസിക്കാം..കുന്നിന്മുകളില്‍ നിന്നുള്ള കാഴ്ചകള്‍ ഫ്രീ..
എങ്ങനെ ചെരിഞ്ഞു എന്നല്ലേ.. താഴെയുള്ള ചിത്രം നോക്കൂ...ഈ രണ്ടു ചിത്രത്തിലും മരങ്ങള്‍ ചെരിഞ്ഞിട്ടില്ല എന്നതാണ് വേറൊരു വസ്തുത.

ഇത് നേരെയുള്ള വീട്.


Related Posts with Thumbnails