ഓഫ് ദി പീപ്പിള്‍, ബൈ ദി പീപ്പിള്‍, ഫോര്‍ ദി പീപ്പിള്‍ .... എന്ന് വച്ചാല്‍ എന്താ ?
യാത്ര ചെയ്യാത്ത ആളുകളില്ല . യാത്ര ചെയ്യാനാഗ്രഹിക്കാത്തവരുമില്ല. രാത്ര ചെയ്യണമെങ്കിലോ നല്ല ഗതാഗത സൗകര്യം വേണം. ഇപ്പൊ പറയാന്‍ പോകുന്നത് യുറോപ്യന്‍ ഗതാഗത സൌകര്യത്തെക്കുറിച്ചാണ്.
കഴിഞ്ഞ മാസം അമ്സ്ടര്ടാമിലേക്ക് ഒരു യാത്ര പോയി. ട്രെയിനില്‍ പോകാം, അതാകുമ്പോള്‍ ഇവിടുന്നു മൂന്നു മൂന്നര മണിക്കൂറെ ഉള്ളൂ. ശനിയാഴ്ച രാവിലെ ഏതാണ്ട് ആറു മണിക്ക് ഇവിടുന്നു ICE ട്രെയിന്‍ ഉണ്ട്. അതിനു പോയാല്‍ പത്തു മണിക്ക് മുന്‍പ് അമ്സ്ടര്ടാമില്‍ ഏത്തും. എല്ലാം കണക്കു കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തു. സീറ്റും റിസേര്‍വ് ചെയ്തു. അങ്ങനെ ശനിയാഴ്ച രാവിലെ തന്നെ ട്രെയിനില്‍ കേറി പറ്റി. റിസേര്‍വ് ചെയ്ത സീറ്റില്‍ തന്നെ രണ്ടാം ഉറക്കത്തിനായി ഇരുന്നു.
-ഇതെന്താ ആളുകള്‍ തീരെ കുറവ് , ശനിയാഴ്ച ആയിട്ടും. ആര്‍ക്കും അമ്സ്ടര്ടാമില്‍ പോകേണ്ടേ?
-ഉണ്ടാകും അടുത്ത സ്റ്റേഷന്‍ ആഹെന്‍ (achen ) അല്ലെ, അവിടുന്ന് എന്തായാലും കുറെ ആളുകള്‍ കാണും, സഹ സഞ്ചാരി പറഞ്ഞു.
എന്നാലെങ്കിലും നാലാള് ഉണ്ടാകുമല്ലോ എന്ന് വിചാരിച്ചു ഞാന്‍ കണ്ണടച്ചു. ഉണര്‍ന്നപ്പോള്‍ കണ്ടത് ഏകദേശം 200 കിലോമീറ്റര്‍ സ്പീഡില്‍ കുതിച്ചു പായുന്ന തീവണ്ടീം ബോഗിയുടെ ഒരു മൂലയ്ക്ക് രണ്ടേ രണ്ടു സഞ്ചാരികളും, അതു ഞങ്ങളായിരുന്നു. പ്രതീക്ഷക്കു വിപരീതമായി, ട്രെയിനില്‍ തീരെ ആളില്ല. ഇടയ്ക്കു കൈകാല്‍ അഭ്യാസത്തിനു ഇങ്ങേ അറ്റത് നിന്നു അങ്ങേ അറ്റത്തേക്ക് ... വെറുതെ കുറച്ചു ബോഗികള്‍ താണ്ടി തിരിച്ചു വന്നു. ആളുകള്‍ തീരെ കുറവ്. മിക്ക ബോഗികളിലും 5 പേരില്‍ കൂടുതല്‍ ഇല്ല.
പറഞ്ഞിട്ട് കാര്യമില്ല ഇതു ജര്‍മനിയുടെ ഒരു 'സവിശേഷത' തന്നെയാണ്. 'പീക്ക്' യാത്രക്കാരുടെ സമയം രാവിലെയും വൈകിട്ടും മാത്രേ ഉള്ളൂ. അതു തന്നെ ഇരുന്നു പോകാവുന്ന അത്രേം യാത്രക്കാര്‍ മാത്രം. തിരക്കുള്ള വിനോദ സഞ്ചാര നഗരങ്ങളില്‍, നിന്നും യാത്ര ചെയ്യുന്നത് കണ്ടിട്ടുണ്ട്. മറ്റുള്ള സമയങ്ങളില്‍ ട്രെയിനിലോ ബസ്സിലോ കേറിയാല്‍ കയറുന്ന വിദേശികള്‍ മാത്രേ ഉണ്ടാകൂ. രാത്രി 8 -9 മണി കഴിഞ്ഞാല്‍ പിന്നെ എല്ലാ ബസ്സിലും ഒരാള്‍ മാത്രേ ഉണ്ടാകൂ. അതെ, ഡ്രൈവര്‍ തന്നെ. കുത്തി മറിച്ചു ചിലപ്പോ പാട്ടൊക്കെ കേട്ട് ഓടിച്ചു പോകുന്നതു കാണാം.
ഒരിക്കല്‍ എനിക്ക് ഏതാണ്ട് 4 മണിക്കൂര് യാത്രയുള്ള ഒരു നഗരത്തില്‍ പോകണമായിരുന്നു. (4 മണിക്കൂര്‍ എന്ന് പറഞ്ഞത് അതിവേഗ ട്രെയിനുകളുടെ കാര്യമാണ്) അന്ന് വൈകിട്ട് തന്നെ മടങ്ങുകേം വേണം. മീറ്റിങ്ങെല്ലാം കഴിഞ്ഞു അവിടുന്ന് യാത്ര തിരിച്ചപ്പോള്‍ വൈകിട്ട് ഏഴ് മണിയായി. എന്താണ്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പോകേണ്ട ട്രെയിന്‍ റൂട്ടില്‍ എന്തോ പ്രശ്നം, വണ്ടി മുന്നോട്ടു പോകില്ല. എന്ത് ചെയ്യും, എങ്ങനെ വീട്ടില്‍ തിരിച്ചെത്തും എന്നെല്ലാം വിചാരിച്ചു വിഷണ്ണരായ യാത്രക്കാരുടെ മുന്നില്‍ ദൈവധൂതരെപ്പോലെ ജര്‍മന്‍ റെയില്‍വേയുടെ (deutsch bahn) സര്‍വിസ് ആള്‍ക്കാര്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ പല നഗരങ്ങിലെക്കായി പോകേണ്ട യാത്രക്കാരെ തരം തിരിച്ചു. എന്റെ സ്ഥലത്തേക്ക് പോകാന്‍ മറ്റു മൂന്നു പേര്‍ കൂടി ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങളെ ഒരു ടാക്സിയില്‍ കയറ്റി പറഞ്ഞു വിട്ടു. മറ്റു യാത്രക്കാരെയും അതതു സ്ഥലത്തേക്ക്. അങ്ങനെ deutsch bahn -ന്റെ ചിലവില്‍ 'ബെന്‍സ് ' ടാക്സിയില്‍ വീടെത്തി. ടാക്സി ഡ്രൈവര്‍ പ്രത്യേക കാശൊന്നും ഈടാക്കാതെ തന്നെ എല്ലാരേയും അവരവരുടെ വീട്ടുപടിക്കല്‍ കൊണ്ടെത്തിച്ചു. വീട്ടിലെത്തിച്ചതിന് ഒപ്പിട്ടു രസീതിയും വാങ്ങി (നാളെപ്പിറ്റെന്നു എന്നെ വഴിയാധാരമാക്കി എന്ന് ഞാന്‍ കേസ് കൊടുത്താലോ..:))
അതോടെ ജര്‍മന്‍ റെയില്‍വേ എന്റെ കാണപ്പെട്ട ഗതാഗതദൈവമായി.
ട്രെയിനിലും ബസ്സിലും ഈ രാജ്യത്തു പല സ്ഥലങ്ങളില്‍ ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. അതില്‍ നിന്നു എനിക്ക് മനസ്സിലായത് ഇവിടുത്തെ ഭരണം ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് എന്നാണ്. അറ്റ് ലീസ്റ്റ് യാത്രയുടെ കാര്യത്തില്‍. അതായതു, ഒന്നോ രണ്ടോ യാത്രക്കാര്‍ മാത്രമേ ഉണ്ടെങ്കിലും അവര്‍ക്ക് ആവശ്യമായ യാത്ര സൗകര്യം ഒരുക്കി കൊടുക്കുക. അല്ലാതെ അവര്‍ ആ ട്രിപ്പ് തീരെ നിര്‍ത്തുന്നില്ല.
അവിടെ ആരെയോ കാണാന്‍ പോകുന്നതാണ്- ജര്‍മനിയില്‍ നിന്ന്
ഒരു ഡ്രൈവര്‍ മാത്രം നിയന്ത്രിക്കുന്ന ഇത്തരം ബസ്സുകള്‍ മിക്കവാറും ചില കമ്പനികളുടെതായിരിക്കും. കമ്പനികള്‍ക്ക് നഷ്ടമില്ലാതിരിക്കാന്‍ ഗവണ്മെന്റും ഒരു നിശ്ചിത കാശ് ഇവര്‍ക്ക് കൊടുക്കുന്നുണ്ട് . എല്ലാം ഭയങ്കര 'കൊളാബരെഷന്‍' ആണ്. അല്ലാതെ എങ്ങനെ ഒരു യാത്രക്കാരനെയും വഹിച്ചു കൊണ്ട് ഈ ബസ്സുകള്‍ക്ക് സമാധാനത്തോടെ പോകാന്‍ പറ്റും ? മറ്റൊരു കാര്യം, ഇവിടെ ഇതു കുഗ്രാമത്തില്‍ പോകാനും ബസ് ഗതാഗതം ഉണ്ട് എന്നതാണ്. അര്‍ദ്ധ രാത്രി കഴിഞ്ഞാല്‍ ചിലപ്പോ ഓരോ മണിക്കുറുകള്‍ ഇടവിട്ടെ ബസ്സ് ഉണ്ടാവൂ, എന്നാലും ഈ ഡ്രൈവര്‍ മാത്രമുള്ള വാഹനം പായുന്നത് കാണാം.
മറ്റു യുറോപ്യന്‍ രാജ്യങ്ങളിലും ഏതാണ്ട് ഇതേപോലെ തന്നെയാണ് കാര്യങ്ങള്‍. കൂടാതെ ഇവര്‍ വിനോദ യാത്രകളെ അതിയായി പ്രോത്സാഹിപ്പിക്കുന്നു. 'വീകെണ്ട്' യാത്രകള്‍ക്ക് കാശും കുറച്ചു മതി. രണ്ടില്‍ കൂടുതല്‍ ആളുകളുള്ള ഗ്രുപ്പ് ആണെങ്കില്‍ അവര്‍ക്ക് ചെലവ് കുറഞ്ഞ ഒരു കാര്‍ഡ് എടുക്കാം. ഇത്തരം കാര്‍ഡുകള്‍ ചിലപ്പോ ഒരു സംസ്ഥാനം മുഴുവന്‍ അല്ലെങ്കില്‍ ഒരു താലുക്ക് മുഴുവന്‍ ബാധകമായിരിക്കും.
പിന്നെ വികലാഗര്‍: അവര്‍ക്ക് എവിടെയും മുന്‍തൂക്കം ഉണ്ട്. ബസ്സിലും ട്രെയിനിലും അവരെ ഇറക്കാനും കയറ്റാനും അധികൃതര്‍ പ്രവര്‍ത്തിക്കുന്നത് എപ്പോഴും കാണാന്‍ കഴിയുന്ന ഒരു കാഴ്ചയാണ്.
അവരും വേണ്ടപ്പെട്ട ഒരു പൌരനെന്ന നിലയില്‍, അവരുടെ ജീവനും രാജ്യത്തിന് വിലയേറിയത് എന്ന മട്ടില്‍ ......
അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍. ഒരു ഗവണ്‍മെന്റ് ജനങ്ങള്‍ക്ക് വേണ്ടിയുള്ളതായിരിക്കണം എന്നതിന് ഇതിലധികം ഉദാഹരങ്ങള്‍ വേണോ ?
ചിലര്‍ ചോദിച്ചേക്കാം, ഭീമമായ ഒരു ടാക്സ് തുക എല്ലാ പൌരനും വേതനത്തില്‍ നിന്നും അല്ലാതെയും കൊടുക്കുന്നുണ്ടെങ്കില്‍ ഏത് ഭരണാധികാരികളും ഇത്തരം സൌകര്യങ്ങള്‍ ജനങള്‍ക്ക് ഒരുക്കി കൊടുക്കാന്‍ പറ്റും എന്ന്. സാധിച്ചേക്കാം, സത്യമാണ്. പക്ഷെ നമ്മുടെ രാജ്യം ഭീമമായ തുകയൊന്നും നികുതി വാങ്ങുന്നില്ല. എങ്കിലും കോടിക്കണക്കിനു ടാക്സ് കൊടുക്കാന്‍ ബാധ്യസ്ഥരായ ബച്ചന്‍ (അങ്ങേരു എല്ലാം കൊടുത്തോ എന്നൊന്നും എനിക്കറിയില്ലാട്ടോ) തുടങ്ങിയ സിനിമാ താരങ്ങളും ബിസിനസ്സുകാരും (കള്ളപ്പണം ഇതില്‍ പെടുമോ എന്തോ ?) ഉള്ള ഇന്ത്യ പോലുള്ള രാജ്യത്തിന് അവരില്‍ നിന്നൊക്കെ അതു പിടിച്ചെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ....പിന്നെ ??
ബാക്കി നിങ്ങള്‍ പറയുക.
(പലതും വിട്ടു പോയിട്ടുണ്ട്, പലതും ചേര്‍ക്കാനുണ്ട്. ആധികാരികമായ ഒരു എഴുത്ത് ആയില്ല എന്നും എനിക്കറിയാം.
എന്നാലും ഒരു എളിയ ശ്രമം . ഫോട്ടോകള്‍ ഒരു ഭംഗിക്ക് ചേര്ത്തു എന്നെ ഉള്ളൂ )