28 February 2013

ശരികളുടെ ആറടി

പൂത്തുലയുന്ന ഈ ജീവിതത്തിനപ്പുറം
ആത്മാവിനു പൂക്കാനറിയില്ലെന്നു പറഞ്ഞു തന്നത്
ഒരു മൊട്ടായി നിന്നിലിരുന്നപ്പോഴാണു.

വിരിയിക്കാതെ
നിന്റെ ദലങ്ങളിലൊളിപ്പിച്ച്
സ്നേഹിച്ചു കൊന്നതും
നീ തന്നെയെന്നേയറിവുള്ളു.
















വെളിച്ചം നയിക്കുന്നില്ലെന്നും
ആറടി മണ്ണിനടിയില്‍
മിന്നാമിനുങ്ങുകള്‍ കടന്നു വരില്ലെന്നും
ഞാന്‍ എങ്ങനെ നിനക്ക് പറഞ്ഞു തരാനാണ്?

ഭൂവതിര്‍ത്തിയിലൂടെ
ഒരു ´പോക്കുവരവി*നുതകാനൊരുതീയുമെന്നിലില്ലെന്നു
ഞാനെങ്ങനെ നിനക്ക് പറഞ്ഞു തരാനാണ്? 

മണ്ണിനടിയില്‍ പുഴുക്കളുണ്ടെന്നു പറഞ്ഞത്
നുണയാണെന്ന്
ഉറുമ്പിന്‍കൂടുകളുടെ ജനലുകളിവിടിരുന്നെണ്ണുമ്പോള്‍
നിന്നോട് പറയാന്‍ തോന്നി.
അവര്‍ ഭക്ഷണം തേടിപ്പോവുകയും,
അതു കൊണ്ടുവരുമ്പോള്‍
ആര്‍പ്പുവിളിയോടെ മറ്റുള്ളവ എതിരേല്‍ക്കുന്നതും
മുട്ടകള്‍ വിരിയിക്കുന്നതും
കുഞ്ഞുറുമ്പുകള്‍ ജന്മമെടുക്കുന്നതും
എനിക്കിവിടിരുന്നു കാണാമെന്നു
ഞാനെങ്ങനെയാണു നിന്നോട് പറയുക?

പൂക്കാനറിയാത്ത ആത്മാവിനു
മഞ്ഞു മഴയും നിലാവുമൊന്നും
അറിയില്ലെന്നു നീ പറഞ്ഞതും നുണ തന്നെയെന്ന്
എങ്ങനെയാണു ഞാന്‍ നിന്നോട് പറയുക?

മഞ്ഞു പെയ്യുമ്പോള്‍
ഈ മണ്ണിലേക്കു തണുപ്പിന്റെ പാതകള്‍ താനെ തുറക്കുന്നതും
മഴത്തുള്ളികള്‍
ആറടി മണ്ണെന്നറിയാതെയൊഴുകി വരുന്നതും
നിലാനൃത്തം കഴിഞ്ഞു ഉറുമ്പുകള്‍ തിരിച്ചു വരുന്നതും
എനിക്കറിയാന്‍ കഴിയുന്നെന്ന്
എങ്ങനെയാണ് ഞാന്‍ നിന്നോട് പറയുക?

                                                                                 
എന്റെ ആറടി മണ്ണിനു മീതെ
നീ നട്ട കാക്കപ്പൂചെടികളുടെ വേരുകള്‍
എന്നെതേടി വരുന്നതെന്തൊരാശ്വാസമെന്നൊ?
വേരുകള്‍ കൈകളെന്നൊ കാലുകളെന്നോ-
യറിയാതെ കിടക്കുന്നൊരെന്നെ
അവയെല്ലാം നീട്ടി നീട്ടി വന്നു തൊടുമ്പോള്‍
എനിക്കിതൊക്കെ പറയണം.

പിന്നീടവ പൂക്കുമ്പോള്‍ 
ആത്മാവ് പൂക്കില്ലെന്ന
നിന്റെയാവാദവും ശരിയാകില്ലല്ലോ.

നിനക്കൊളിപ്പിക്കാന്‍ മോട്ടുകളില്ലാതെ
ആ പൂത്തതൊക്കെയും ഞാനാകും....

11 comments:

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നല്ല അവതരണം ...........

AnuRaj.Ks said...

ആത്മാവ് എല്ലാമറിയുന്നു അല്ലേ....

സൗഗന്ധികം said...

ആറടിയകലത്തുള്ള ആ ശരി..!!

നന്നായി.

ശുഭാശംസകൾ....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മണ്ണ്,മരം,പൂക്കള്‍ ..മരണത്തെ മനോഹരമാക്കാന്‍ നോക്കുകയാണ്..നല്ല വരികള്‍

Vinodkumar Thallasseri said...

നിനക്കൊളിപ്പിക്കാന്‍ മോട്ടുകളില്ലാതെ
ആ പൂത്തതൊക്കെയും ഞാനാകും....

സ്വപ്നങ്ങളുടെ ആറടി എന്നതല്ലേ കൂടുതല്‍ യോജിക്കുക?

ചന്ദ്രകാന്തം said...

ആറടിമണ്ണിന്റെ ശരികള്‍!

Unknown said...

Nannnayirikkunnu

DeepaBijo Alexander said...

എന്റെ ആറടി മണ്ണിനു മീതെ
നീ നട്ട കാക്കപ്പൂചെടികളുടെ വേരുകള്‍
എന്നെതേടി വരുന്നതെന്തൊരാശ്വാസമെന്നൊ?
വേരുകള്‍ കൈകളെന്നൊ കാലുകളെന്നോ-
യറിയാതെ കിടക്കുന്നൊരെന്നെ
അവയെല്ലാം നീട്ടി നീട്ടി വന്നു തൊടുമ്പോള്‍
എനിക്കിതൊക്കെ പറയണം.


നല്ല വരികള്‍.

T.R.GEORGE said...

പുനർജ്ജനിയുടെ മന്ത്രം ചൊല്ലി പൂവായി വിരിയും.അത്രമാത്രമുണ്ട് ആത്മകാവ്യം

T.R.GEORGE said...

പുനർജ്ജനിയുടെ മന്ത്രം ചൊല്ലി പൂവായി വിരിയും.അത്രമാത്രമുണ്ട് ആത്മകാവ്യം

Hemambika said...

വന്നവര്ക്കു നന്ദി. ഇതുവരെ വരാത്തതിനു എന്നോട് ക്ഷമിക്കു.
സ്നേഹം

Related Posts with Thumbnails