3 November 2013

ഒളിപ്പിക്കൽ

ദൈവമേ,
എത്രയെത്ര ഇസങ്ങളിലാണു
നിന്നെയിവർ ഒളിപ്പിച്ചിരിക്കുന്നതു?

എങ്കിലും
എത്ര വരികളാണു
നിനക്കായിവർ അർപ്പിച്ചിരിക്കുന്നതു?

എഴുതിപ്പിടിപ്പിച്ചതെല്ലാം
നുണകളാണെന്നു വിളിച്ചു പറയാൻ
ഒളിസങ്കേതങ്ങൾ വിട്ടു
എന്നാണു നീ എഴുന്നള്ളുന്നതു?



24 October 2013

എണ്ണും നേരങ്ങൾ

1.
ആറു മണിക്കൂർ മുന്നെ
തിരിച്ചു വച്ച അപശബ്ദത്തിനെ
അമർത്തിയമർത്തി
തറയോടുകൾക്കുള്ളിലേക്ക്
ചവുട്ടിത്തൂത്ത്
തലയോട്ടിയൊന്നു ചുരണ്ടി
ഇന്നിനെയങ്ങുറപ്പുവരുത്തി.

2.
ഇന്നലെവലിച്ചെറിഞ്ഞ
കമ്പിളിക്കുപ്പായം
ഇന്നത്തേയുമെന്ന്
തിരിച്ചറിയുന്ന നേരമാണു
 ഇന്നലെയുക്കുറിച്ചു
ചിന്തിച്ചതു തന്നെ.

3.
നേരങ്ങൾക്കു വേർതിരിവില്ലാത്ത
ഇന്നിൽ അലിഞ്ഞഴുകുമ്പോൾ
ആരെങ്കിലും പറഞ്ഞേക്കാം
നാളെയാണു നിന്റെയൂഴമെന്ന്.
നാളെയൊന്നില്ലാത്തതിനാൽ
ഊഴങ്ങളിന്നു തന്നെ തുടങ്ങുമല്ലോ.

4.
ആമാശയമറിയിക്കുന്ന
നേരങ്ങൾക്കൊടുവിലറിയാറുണ്ട്
കമ്പിളിക്കുപ്പായത്തിന്നുള്ളിലെ
ഞാനെന്നൊരാളെ.

5.
ഇവിടെയിപ്പോളുണ്ട്
കമ്പിളിക്കുപ്പായം വാറ്റിയെടുത്ത
ചൂടുകുറഞ്ഞൊരുദേഹം,
സാദൃശമല്ലാത്ത കാലുറകളിട്ട
സമത്വമുള്ള രണ്ടുകാലുകൾ,
ഒരു കോപ്പസൂപ്പിലൊരു റൊട്ടി.

 *
എല്ലാം തിരികെയുണ്ട്
നാളെയില്ലാത്ത ഇന്നിനൊടുവിൽ.

20 September 2013

ഈവനിങ്ങ് സ്നാക്ക്

എല്ലാ കിളികളും ചത്തു വീഴുമ്പോൾ
ഇവിടെ വരണമെന്ന്
നേരത്തെ വിചാരിച്ചതാണ്.
അതുകൊണ്ടു തന്നെയാവും
അവസാനത്തെ കിളി
എന്റെ വീട്ടിലെ മാഞ്ചില്ലയിൽ കൂടുകെട്ടിയതും മുട്ടയിട്ടു പറന്നു പോയതും.
മുട്ടയ്ക്കടയിരിക്കാൻ വയ്യാത്ത കാലത്ത്,
അതേ കിളിയെ തേടി നടക്കേണ്ടതും
എന്റെ യോഗമായതു.

കിളികൾ മരിച്ചു കഴിഞ്ഞിരുന്നു
 അല്ല, ചത്തു കഴിഞ്ഞിരുന്നു
അവസാനത്തെ കിളിയുടെ വാല്ക്കഷ്ണം ഇപ്പോഴും പിടയ്ക്കുന്നുണ്ട്.

മുട്ട തന്നെയായിരുന്നു എന്റെ റ്റുടുലിസ്റ്റിലൊന്നാമതു
 യെല്ലോ സ്റ്റിക്കി നോട്ട്, 
ഒട്ടുന്നു കുപ്പായക്കീശയിൽ നിന്ന്.
ഒട്ടിയൊട്ടിപ്പറയുന്നു വിരലുകളോട്
മുട്ടയാണൊന്നാമതെന്നു

അതെ, മുട്ട.
ചത്ത, അല്ല, മരിച്ച കിളിയുടെ മുട്ട.
അതിനിയെന്താകുമെന്നു മാത്രമായിരുന്നെന്റെ ചിന്ത. 

കിളികൾ ചത്തൊടുങ്ങിയത്
ആര്യങ്കാവിനടുത്തുള്ള വിളയൊഴിഞ്ഞ വയലിലാണ് 
അല്ലാതെ, നിങ്ങൾ വിചാരിക്കുന്നപോലൊരു
കോണ്ക്രീറ്റ് ടെറസ്സിലല്ല.
മുട്ടയിട്ടതൊരു ഇലക്ട്രിക് പോസ്റ്റിലുമല്ല.
എന്റെ വീട്ടിലെ മാഞ്ചില്ലയിലാണു.

 ചത്ത കിളികളെ കണ്ടു തിരിച്ചു വരണമെന്ന്
ഞാനൊരിക്കൽ നിരീച്ചതാണു.
അതാണിപ്പൊ ഇങ്ങനെ ഈ വയൽ വരമ്പിലൂടെ നടക്കാൻ കാരണം.
ഇതും സ്റ്റിക്കി നോട്ടിലുണ്ടാവണം.
തിരിച്ചു വരവ് മാഞ്ചോട്ടിൽ അവസാനിക്കുന്നതും 
എന്റെ തന്നെ അടുക്കളയിൽ നിന്നൊരു
'ബുൾസൈ' യുടെ മണമടിക്കുന്നതും
അത് തീൻ മേശയിലേക്ക്,
അതുപോലൊരു കണ്ണുകളുടെ നിയമപ്രകാരം
കിളികളുടെ ചിത്രമുള്ള ചൈനാക്ലേ പാത്രത്തിൽ നീങ്ങി വരുന്നതും
കുരുമുളകിലും ഉപ്പിലും ആ കണ്ണുകൾ' പുകഞ്ഞു നീറുന്നതും 
എല്ലാമുണ്ടായിരുന്നു സ്റ്റിക്കി' നോട്ടിൽ.

വയൽവരമ്പിലൂടെ നടന്നയെനിക്ക്
കാലു കഴുകണമല്ലോ.
ചത്ത കിളികളെക്കാണാൻ പോയാൽ
കുളിക്കണമെന്നാരും പറയാത്തത്
കൊണ്ട് ഞാൻ അവയെ മരണത്തിൽ നിന്നും ചാവിലേക്ക് തള്ളിയിട്ടു!

13 September 2013

ഞാൻ സ്ത്രീ, 16 വയസ്സ്. ഞാൻ ആണ്‍കുട്ടി, 18 വയസ്സ് .

പണ്ടുകാലങ്ങളിൽ, കോടതികളും ജനാധിപത്യവും ഇല്ലാത്ത കാലത്ത്, ഭീകരമായ കുറ്റം ചെയ്തവരെ നാടുകടത്തുകയോ,നാടുവിട്ടുപോകാൻ പറയുകയോ ചെയ്യുമായിരുന്നു. അതായതു, ഹീനകൃത്യങ്ങൾ ചെയ്തവരെ ആ നാടിനാവശ്യമില്ലെന്നു സ്പഷ്ടം. അങ്ങിങ്ങായി ചിലപ്പോഴൊക്കെ ഇങ്ങനെയുള്ള വാർത്തകൾ നമ്മൾ കേൾക്കുന്നുണ്ടെങ്കിലും,ഏറ്റവും വലിയ ജനാധിപത്യരാജ്യമായ നമ്മുടെ രാജ്യം അതേ വലിപ്പത്തോടെ തന്നെ ഹീനകുറ്റകൃത്യങ്ങൾ ചെയ്ത തന്റെ പൗരനെ എല്ലാ ഇളവുകളും കൊടുത്തു സംരക്ഷിക്കുന്നു എന്നതു ഏതു രാജ്യാന്തര കുറ്റവാളികൾക്കും ഇങ്ങോട്ടു ചേക്കേറാനുള്ള ഒരു അപ്പക്കഷ്ണം തന്നെ.


അതിക്രൂരമായി ഒരുകൂട്ടം ആൾക്കാർ ഒരു സ്ത്രീയെ പിച്ചിച്ചീന്തുകയും കൊല്ലുകയും, അതു കേട്ട് ലോകം മുഴുവൻ കണ്ണും കാതും പൊത്തേണ്ട അവസ്ഥയുണ്ടാവുകയും ചെയ്തിട്ടും 17 വയസ്സെന്ന ഇളവിൽ, കുട്ടിയെന്നു പ്രഖ്യാപിച്ച് ആ കുറ്റവാളിക്കു പരമോന്നനീതിന്യായം കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണു മൂന്നു വർഷത്തെ ദുർഗുണപരിഹാരപാഠശാല വിദ്യാഭ്യാസം. മറ്റുപ്രതികളെക്കാളേറെ മേൽപ്പറഞ്ഞ കുറ്റവാളിയാണു കൂടുതൽ ഉപദ്രവങ്ങൾ ചെയ്തതെന്നു സാക്ഷിമൊഴി വേറെയും. വയസ്സിളവു കൊണ്ട് പരമോന്നതനീതി ഉദ്ദേശിച്ചതെന്തായിരിക്കും? 18 വയസ്സിൽ മാത്രമാണു മാനസിക വളർച്ച പൂർത്തിയാകുന്നെതെന്നൊ? പ്രസ്തുത വയസ്സുള്ള 'കുട്ടി' മോഷ്ടിക്കുന്നതും കൊല്ലുന്നതും സ്തീകളെ അതിക്രൂരമായി പീഡിപ്പിച്ചു കൊല്ലുന്നതും മാനസികവളർച്ചയില്ലാത്തതു കൊണ്ട് ചെയ്യുന്നതെന്നൊ? ആറുമാസം കൂടുതൽ പ്രായം ഉണ്ടെങ്കിൽ ഇതേ 'കുട്ടി' ചിന്തിച്ചു കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്നും നിയമം മനസ്സിലാക്കുമെന്നും നമ്മുടെ നീതിന്യായം നമ്മെ വിശ്വസിപ്പിക്കുന്നു.

ഇതേ നീതിന്യായത്തിന്റെ ബാക്കി പത്രമാണു മുസ്ലിം പെൺകുട്ടികൾക്ക് വിവാഹപ്രായം 16 വയസ്സ് ആക്കി കൊണ്ടുള്ളസർക്കാറിന്റെ ആടുത്തിറങ്ങിയ സർക്കുലറും അതിനു ഒത്താശ നിൽക്കുന്ന മതപുരോഹിതന്മാരും. ജൈവശാസ്ത്രപരമായിട്ടുള്ള വളർച്ചകൊണ്ട് ഇവിടെ പെൺകുട്ടി, 'ചൈൽഡ്'' അല്ലാതാകുകയും ചെയ്യുന്നു. 'ജുവനൈൽ ജസ്റ്റിസ്', 18 വയസ്സിൽ താഴെയുള്ളവരെ 'ചൈൽഡ്' എന്നു വിശേഷിപ്പിക്കുമ്പോൾ, ഇമ്മോറൽ ട്രാഫിക് പ്രിവെൻഷൻ ആക്ട്' പറയുന്നതു 16 വയസ്സിൽ താഴെയുള്ളവരാണു 'ചൈൽഡ് ' എന്നാണു. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ ഇങ്ങനെ തോന്നിയില്ലെങ്കിലേ അൽഭുതമുള്ളു: 12 വയസ്സിൽ ജൈവപരമായ വളർച്ച പ്രാപിച്ച ഒരു കുട്ടിക്ക്, അവന്റെ 'കൗതുങ്ങൾക്ക് ' 18 വയസ്സു വരെ എന്തും കാട്ടിക്കൂട്ടാം, നമ്മുടെ നിയമം അവനു വേണ്ട പരിരക്ഷ നൽകുന്നതാണു.

കാലം മാറുന്നതിനനുസരിച്ച് നമ്മൾ എല്ലാറ്റിനെയും പരിഷ്കരിക്കുമ്പോൾ, കരി പിടിച്ച നിയമങ്ങൾ നമ്മളെ നയിക്കുന്നു എന്നതു എന്തൊരു വിരോധാഭാസമാണു. നിയമം കണ്ണും പൂട്ടി നടപ്പാക്കേണ്ടതു തന്നെയാണു, എന്നാൽ കാതും കണ്ണും തുറന്നു വച്ചു തന്നെ അതിനെ പരിഷ്കരിക്കേണ്ടതുണ്ട്. സൈബർ ലോകം ഇല്ലാത്തൊരു കാലത്ത്, അല്ലെങ്കിൽ അതിന്റെ സാധ്യതകൾ കുറഞ്ഞ കാലത്ത്, നമുക്ക് സൈബർ അക്രമങ്ങൾക്ക് നിയമങ്ങൾ ഇല്ലായിരുന്നു. അതുപോലെ തന്നെയാണു പരിഷ്കരിച്ച റോഡു നിയമങ്ങളും മറ്റും. ഒരു കുറ്റകൃത്യം ക്രമാതീതമായി കൂടുന്നു എന്നതിനർത്ഥം അതിനുള്ള സാഹചര്യങ്ങൾ വർദ്ധിക്കുന്നു എന്നും, ആ കുറ്റകൃത്തിനു നിയമപരിരക്ഷ ലഭിക്കുന്നു എന്നു തന്നെയാണു.

സ്ത്രീകൾ കരുതി നടക്കണമെന്നു ന്യായത്തിന്റെയും അധികാരത്തിന്റെയും അധിപന്മാർ വെളിപ്പെടുത്തുന്നിടത്തോളം കാലം കുറ്റവാളികളുടെ എണ്ണം കൂടുകയും അവർക്കു പ്രായം-ശാരീരിക വൈകല്യം- ജാതി-സ്ഥലം എന്നിവ വേർതിരിച്ച് സംരക്ഷണം നൽകുകയും ചെയ്യുന്നതു നമ്മളിനിയും കുറേയേറെ കാണാനുണ്ടെന്നതുറപ്പാണു. 

26 June 2013

നടനം

ഉറക്കം നടിച്ചാണു കിടന്നതു.
നാട്യത്തിന് മീതെ
കബളിപ്പിക്കാനറിയാത്ത
അനേകം രക്താണുക്കൾ
നേർത്ത രക്തക്കുഴലുകളിലൂടെ
അരിച്ചരിച്ചു നീങ്ങി
കണ്‍പോളകളുടെ മധ്യഭാഗത്തായി
കാത്തിരുന്നു.

പിന്നീട് മഴ പെയ്തിരുന്നു.

തണുത്തതും ചൂടുള്ളതുമായ
ജലത്തിനിടയിൽക്കിടന്നു
നൂതനമായൊരനുഭൂതിയിൽ
രക്താണുക്കൾ കുത്തി മറിഞ്ഞു.

മഴയുടെ ഏറ്റവും മീതെയായാണു 
കറുത്ത പക്ഷികൾ പറന്നിരുന്നത്.
അവയെ കാണരുതെന്നു
നടനത്തിനു നേത്രുത്വം നല്കിയ മസ്തിഷ്കം
ഒന്നുകൂടി ആഞ്ഞാഹ്വാനം ചെയ്തു.

7 June 2013

നിനക്ക് ശേഷം

പണ്ട് പണ്ട് ... ഓ, അത്രയ്ക്ക് പണ്ടൊന്നുമല്ല. ഒരു പതിനാറു മണിക്കൂർ മുൻപ്.-ഒരു മനുഷ്യനുണ്ടായിരുന്നു. പാട്ട് കേൾക്കുകയും, അതിനനുസരിച്ചു മുട്ടിൻ ചിരട്ടയിൽ താളം പിടിക്കുകയും, അത് ശരിക്കുമൊരു ചിരട്ടയാണൊ, അതിനകത്ത് തേങ്ങപ്പൂളുകൾ തിങ്ങി നി റ ഞ്ഞിട്ടുണ്ടെന്നോ ഒക്കെ  അയാള് ഇടയ്ക്കിടെ പാടുന്നതിനിടയിൽ ഉമിനീരിറക്കി ആലോചിച്ചിരുന്നു. ഒരു പാട്ടും, നാല് വരിയിൽ കൂടുതൽ പാടാൻ അയാൾക്ക്‌ സാധിച്ചില്ല. നാല് വരിക്കു ശേഷം, യേശുദാസോ എസ്പിബിയോ ഒറ്റയ്ക്കു പാടേണ്ടിയും വന്നു. അവരതു, അയാളുടെ ചൂണ്ടു വിരലിനനുസരിച്ചും സർക്കാരിന്റെ വൈദ്യുതിക്കനുസരിച്ചും പാടി.


അങ്ങിനെയിരിക്കുമ്പോഴാണ് ഉടുക്ക് പഠിക്കണമെന്ന ആഗ്രഹവുമായി മറ്റൊരാൾ, അയാളോട് കാശു കടം ചോദിച്ചതു.

അതിനു ശേഷം, പതിനാറു മണിക്കൂറിന്റെ പകുതിയിലെവിടെയൊ അയാൾ ആത്മഹത്യ ചെയ്തു. ആ സമയത്ത് എസ്പിബിയോ യേശുദാസൊ പാടിയില്ല, പാടാൻ സർക്കാരൊട്ടു സമ്മതിച്ചതുമില്ല.  

ഇത്രയും സംഭവിച്ചതു കൊണ്ട്, എനിക്ക് പതിനാറു മണിക്കൂർ , പതിനാറു വര്ഷമാക്കാൻ പറ്റുമോ? 
ഇല്ല. 

അത് വെറും പതിനാറു മണിക്കൂറല്ല, മറിച്ച്  പതിനാറു ഗുണിക്കണം അറുപതു ഗുണിക്കണം അറുപതു സെക്കന്റുകളൊ മിനുട്ടുകളൊ  ആണെന്ന് ഞാനിപ്പോ അയാളുടെ ആത്മാവുമായി വാദിച്ചു   കൊണ്ടിരിക്കുകയാണ്. 

28 April 2013

ഞാനൊരാളെ

 ഒരു വീട്. പണ്ടവിടെ താമസിച്ചിരുന്നതു ഒരച്ചനമ്മമ്മയും രണ്ടു പെണ്മക്കളും പിന്നൊരാൺകുട്ടിയും ആയിരുന്നു.അമ്മ കിണറിൽ നിന്നു വെള്ളമെടുക്കുന്ന സീനിലും, അച്ചൻ തലയില് ചുറ്റിയ കെട്ടഴിച്ച വരുന്ന സീനിലും, മകൻ വിയർത്തു കുളിച്ച് വയലിലെ കളി കഴിഞ്ഞ് ഓടി വരുന്ന സീനിലും മൂത്ത മകൽ പുള്ളിപ്പൂക്കളുള്ള കറുത്ത നീളൻ പാവാടയുടുത്ത് പാലു വാങ്ങി വരുന്ന സീനിലും ഏറ്റവും ഇളയ മകൽ പെറുക്കിയെടുത്ത മാങ്ങകളിൽ കേടായ മാങ്ങകൽ തിരഞ്ഞെനിക്കു തരുന്ന സീനിലുമാണു പ്രത്യക്ഷപ്പെടാറുള്ളതു. വരിക്കപ്ലാവിനെ ചുറ്റാതെ പാതിചാരി നിന്നു നോക്കുമ്പോൾ കോവക്കപടർത്തിയ കിണറാണു സീനിൽ. ആ സീൻ മാത്രം ഞാനെന്നും മുറിച്ചെടുക്കുമായിരുന്നു. ഉച്ചകഴിഞ്ഞ നേരത്ത്, ആലയിൽ പോയിരുന്നു നോക്കുമ്പോൾ പിന്നെയും സീൻ മാറും. കിണറ്റുവെള്ളം കോരുന്ന അമ്മ കുളിമുറിയിൽ നിന്നു പുറത്തു വരുന്നതും തലയിലെ കെട്ടഴിച്ചു വരുന്ന അച്ചനു കുളിക്കാൻ നിറുകയിലൂടെ വെള്ളം കോരി ഒഴിക്കുന്നതും കാണാം. ചിലപ്പോൾ അച്ചൻ അമ്മയുടെ നേർക്ക് വെള്ളം തെറിപ്പിച്ച് അമ്മയെ ദേഷ്യം പിടിപ്പിക്കുകയും ചെയ്യുന്നതു കാണാം. പച്ചയും ചുവന്നു പഴുത്തതുമായ കോവക്ക വിരിഞ്ഞ വള്ളികൽക്കുള്ളിലൂടെ സീനിലേക്കുള്ള ജലപ്രവാഹം എന്നെ രസിപ്പിച്ചിരുന്നു.

*

*
ഇന്നലെ രാത്രി ഞാനൊരാളെ കൊന്നു. ചോര ചർദ്ദിച്ചായിരുന്നു അയാൾ മരിച്ചതു. എന്നെ പോലീസ് പിടിക്കില്ലായിരുന്നു. പക്ഷെ ഒരു കൂട്ടം ആളുകൾ തേടി വരാൻ സാധ്യതയുള്ളതുകൊണ്ട് ഞാൻ തറവാട്ടിലെ ഇരുട്ടകങ്ങളിൾ ഒളിച്ചിരുന്നു. ഇരുട്ടിലൂടെ എന്നെയന്നേഷിക്കുന്ന ആളുകളെ ഭയന്നു, വയസ്സായി ഉണങ്ങി മാങ്ങവറ്റിയ മാവിൻ ചോട്ടിലൂടെ പശുക്കളില്ലാത്ത ആലയും പുല്ലു വളർന്നു പച്ചച്ച ചാണകക്കുഴിയും കടന്ന് ഞാൻ ഒളിച്ചോടി. കുണ്ടു കടന്നു ചാടി ഓടിക്കയറിയ ആ വീട്ടിലെ കിണറിനെ മൂടിക്കൊണ്ട് കോവക്കവള്ളികൽ ഇല്ലായിരുന്നു. പകരം, കാട്ടുവള്ളിപ്പടർപ്പുകൾ പടർന്നു പന്തലിച്ചു, കി്ണറെന്നൊരു സീനിനെ മായ്ച്ചു കളഞ്ഞിരുന്നു. പിക്സലേറ്റഡ് ആയ ആ സീനും കഴിഞ്ഞു ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത അടുക്കളവശങ്ങളൂടെ സീനിലേക്ക് നടന്നു കയറി. പച്ചപുതച്ച വീടിന്റെ  ഉൾസീനിലേക്ക് നുഴഞ്ഞു കയറി അതിന്റെ തട്ടിൻപുറത്തു നിലയുറപ്പിച്ചു.

എന്റെ ക്യാമറക്കണ്ണൂകളിലേക്ക് തട്ടിൻപുറത്തെ നനഞ്ഞു പൊടിഞ്ഞ ചാണകത്തറയുടെയും മാറാലകളുടെയും അപരിചിത ഗന്ധങ്ങളൂം ഇരുട്ടും കടന്നു വന്ന് വീഡിയോകൾ അവസാനിക്കാൻ തുടങ്ങിയിരുന്നു.

28 February 2013

ശരികളുടെ ആറടി

പൂത്തുലയുന്ന ഈ ജീവിതത്തിനപ്പുറം
ആത്മാവിനു പൂക്കാനറിയില്ലെന്നു പറഞ്ഞു തന്നത്
ഒരു മൊട്ടായി നിന്നിലിരുന്നപ്പോഴാണു.

വിരിയിക്കാതെ
നിന്റെ ദലങ്ങളിലൊളിപ്പിച്ച്
സ്നേഹിച്ചു കൊന്നതും
നീ തന്നെയെന്നേയറിവുള്ളു.
















വെളിച്ചം നയിക്കുന്നില്ലെന്നും
ആറടി മണ്ണിനടിയില്‍
മിന്നാമിനുങ്ങുകള്‍ കടന്നു വരില്ലെന്നും
ഞാന്‍ എങ്ങനെ നിനക്ക് പറഞ്ഞു തരാനാണ്?

ഭൂവതിര്‍ത്തിയിലൂടെ
ഒരു ´പോക്കുവരവി*നുതകാനൊരുതീയുമെന്നിലില്ലെന്നു
ഞാനെങ്ങനെ നിനക്ക് പറഞ്ഞു തരാനാണ്? 

മണ്ണിനടിയില്‍ പുഴുക്കളുണ്ടെന്നു പറഞ്ഞത്
നുണയാണെന്ന്
ഉറുമ്പിന്‍കൂടുകളുടെ ജനലുകളിവിടിരുന്നെണ്ണുമ്പോള്‍
നിന്നോട് പറയാന്‍ തോന്നി.
അവര്‍ ഭക്ഷണം തേടിപ്പോവുകയും,
അതു കൊണ്ടുവരുമ്പോള്‍
ആര്‍പ്പുവിളിയോടെ മറ്റുള്ളവ എതിരേല്‍ക്കുന്നതും
മുട്ടകള്‍ വിരിയിക്കുന്നതും
കുഞ്ഞുറുമ്പുകള്‍ ജന്മമെടുക്കുന്നതും
എനിക്കിവിടിരുന്നു കാണാമെന്നു
ഞാനെങ്ങനെയാണു നിന്നോട് പറയുക?

പൂക്കാനറിയാത്ത ആത്മാവിനു
മഞ്ഞു മഴയും നിലാവുമൊന്നും
അറിയില്ലെന്നു നീ പറഞ്ഞതും നുണ തന്നെയെന്ന്
എങ്ങനെയാണു ഞാന്‍ നിന്നോട് പറയുക?

മഞ്ഞു പെയ്യുമ്പോള്‍
ഈ മണ്ണിലേക്കു തണുപ്പിന്റെ പാതകള്‍ താനെ തുറക്കുന്നതും
മഴത്തുള്ളികള്‍
ആറടി മണ്ണെന്നറിയാതെയൊഴുകി വരുന്നതും
നിലാനൃത്തം കഴിഞ്ഞു ഉറുമ്പുകള്‍ തിരിച്ചു വരുന്നതും
എനിക്കറിയാന്‍ കഴിയുന്നെന്ന്
എങ്ങനെയാണ് ഞാന്‍ നിന്നോട് പറയുക?

                                                                                 
എന്റെ ആറടി മണ്ണിനു മീതെ
നീ നട്ട കാക്കപ്പൂചെടികളുടെ വേരുകള്‍
എന്നെതേടി വരുന്നതെന്തൊരാശ്വാസമെന്നൊ?
വേരുകള്‍ കൈകളെന്നൊ കാലുകളെന്നോ-
യറിയാതെ കിടക്കുന്നൊരെന്നെ
അവയെല്ലാം നീട്ടി നീട്ടി വന്നു തൊടുമ്പോള്‍
എനിക്കിതൊക്കെ പറയണം.

പിന്നീടവ പൂക്കുമ്പോള്‍ 
ആത്മാവ് പൂക്കില്ലെന്ന
നിന്റെയാവാദവും ശരിയാകില്ലല്ലോ.

നിനക്കൊളിപ്പിക്കാന്‍ മോട്ടുകളില്ലാതെ
ആ പൂത്തതൊക്കെയും ഞാനാകും....

Related Posts with Thumbnails