19 September 2011

വിസ

മിസ്ടര്‍ ജോണ്‍ സക്കറിയാസ് തിരക്കിലാണ്. കോണ്സുലെറ്റിലെ മറ്റെല്ലാ തിരക്കുകളും മാറ്റി വച്ചു അദ്ദേഹം കമ്പ്യൂട്ടര്‍ കീകളും ടെലിഫോണ്‍ കീ കളും മാറി മാറി കുത്തുന്നു.
ഒന്‍പതു മണി മുതല്‍ പതിനൊന്നു മണി വരെയാണ് സന്ദര്‍ശക സമയം. വെയിറ്റിംഗ് റൂമില്‍ തിരക്ക് അതിക്രമിക്കാന്‍ തുടങ്ങി. ജനിച്ചു വീണ പിഞ്ചു കുഞ്ഞുങ്ങളെ രാജ്യത്തോട് അല്ലെങ്കില്‍ തങ്ങളോടു ചേര്‍ക്കാന്‍ എത്തിയവര്‍ , ഭാര്യയുടെ / ഭര്‍ത്താവിന്റെ പേരുകള്‍ ചേര്‍ക്കാന്‍ എത്തിയവര്‍ , ഭൂമി ഇടപാടുകളില്‍ സ്ടാമ്പുകള്‍ പതിപ്പിച്ചു ബോധ്യപ്പെടുത്താന്‍ എത്തിയവര്‍ , നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരിക്കുന്ന തലപ്പാവ് ധരിച്ച സര്‍ദാര്‍ജി, ഫോണിലൂടെ പതിയെ സംസാരിക്കുന്ന കറുത്ത നീളന്‍ കോട്ടിട്ട കറുത്ത മെലിഞ്ഞ  പാലാക്കാരി സുന്ദരി, സുഖവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പോകാന്‍ തയ്യാറായി നില്‍ക്കുന്ന കഷണ്ടി കയറിയ തടിച്ച ജര്‍മന്‍ ....അങ്ങനെ സന്ദര്‍ശകനിര നീണ്ടതാണ്. സക്കറിയാസ് തിരക്ക് പിടിച്ചു കംപ്യുട്ടര്‍ /ഫോണ്‍ കീകള്‍ അമര്‍ത്തി കുത്തുകയാണ്...


ഇടയ്ക്ക് കൌണ്ടറില്‍ പോയി കാര്യം അന്വേഷിച്ച തടിച്ച വയറു ചാടിയ ആന്ധ്രാക്കാരന്‍ പിറന്നു വീണ അധികം ദിവസം ആകാത്ത കുഞ്ഞിന്റെ കവിളത്ത് തലോടുന്നതിനിടയില്‍ ആരോടെന്നില്ലാതെ പറഞ്ഞു.. 'ഹോ എത്ര ദൂരം യാത്ര ചെയ്താണ് ഇന്ന് ഈ സമയത്ത് എത്തിപെട്ടത്.. ആ നാശം പിടിച്ച പെണ്ണിന് വണ്ടിയുടെ മുന്നില്‍ ചാടാന്‍ കണ്ട സമയം' ഇടയ്ക്ക് ആരോ വന്നു അയാളോട് ചോദിച്ചു, എന്താണിത്ര വൈകുന്നത് എന്ന്. സ്ടുട്ഗര്ട്ട് - ഹൈടെല്‍ബെര്ഗ് ഇടയ്ക്ക് ഏതോ ഒരു പെണ്‍കുട്ടി റോഡു മുറിച്ചു കടക്കുമ്പോള്‍ വണ്ടി തട്ടിയത്രേ, ഇന്നലെ രാത്രി. മലയാളിയാണ്. ഇന്ന് രാവിലെയാണ് കോണ്‍സുലേറ്റ് -ല്‍ വിവരം വന്നത്.
കറുത്ത നീളന്‍ കോട്ടിട്ട സുന്ദരി ഫോണില്‍ സംസാരം തുടര്‍ന്നു കൊണ്ടേയിരുന്നു. സര്‍ദാര്‍ജിയുടെ സംസാരം തീവ്ര വേഗതയില്‍ പോകുന്ന ജര്‍മന്‍ വാഹനങ്ങളെക്കുറിച്ചായി. സക്കരിയാസിന്റെ മുഖത്ത് മടുപ്പിന്റെ വിയര്‍പ്പു പൊടിയാന്‍ തുടങ്ങി. മരിച്ചത് ഏതോ ഒരു പെണ്‍കുട്ടി ആണ്, അയാളുടെ ആ ദിവസം പതിവിലും തിരക്ക് പിടിച്ചതായി.

അല്ല , ഞാനിവിടെ എന്തിനാണ് വന്നത്? ഇത്രയും യാത്ര ചെയ്തു? പാസ്പോര്‍ട്ട് പുതുക്കാനോ? അതോ വിസ എടുക്കാനോ? സ്റ്റാമ്പ് പതിക്കാന്‍ ..? എന്തിനാണെന്ന് ഓര്‍മ കിട്ടുന്നില്ലല്ലോ. വൈയിട്ടിംഗ് റൂമിന്റെ മൂലയ്ക്ക് തലകുത്തി നിര്‍ത്തിയ വെള്ളസംഭരണിയില്‍ നിന്നു ഡിസ്പോസബിള്‍ ഗ്ലാസ്സിലേക്ക്‌ വെള്ളം പകരുമ്പോള്‍ ഉണ്ടായ ശബ്ദത്തിനു ശ്വാസം മുട്ടി. ഓര്‍മ വരാന്‍ വേണ്ടി ഞാന്‍ പതിയെ തിരിഞ്ഞു നടന്നു. 

പണ്ട് കുട്ടിക്കാലത്ത് ചെയ്യുന്നതാണ്‌. നടന്നു പോകുമ്പോള്‍ ഓര്‍ത്തു കൊണ്ടിരുന്നത് ചിലപ്പോ പെട്ടെന്ന് മറക്കും. നാലാം ക്ലാസ്സില്‍ ഒന്നിച്ചു പഠിച്ച, മള്‍ബറി കായ വിരിയുന്ന വീട്ടിലെ എല്‍സമ്മയുടെ കൂടെ അന്നു ഓന്തിനെ കൊല്ലാന്‍ പോയിരുന്നു. അവളുടെ ചേട്ടനും അനിയനും കൂടി കെണി വച്ചു പിടിച്ച ഓന്ത്. അന്ന് മുതലാണോ എന്നറിയില്ല. ഓന്തിനെ കൊന്നാല്‍ , കൊല്ലാന്‍ കൂട്ട് നിന്നാല്‍ ഇങ്ങനെ മറവി ഉണ്ടാകുമത്രേ.  ശ്ശെ, എല്‍സമ്മ. എത്ര കാലം, എത്ര ദൂരം- എന്തിനാണ് ഞാന്‍ എല്സമ്മയെ ഓര്‍ക്കുന്നത്. കോണ്‍സുലേറ്റ് ന്റെ പ്രധാന വാതില്‍ തനിയെ തുറന്നു തന്നപ്പോഴാണ്‌ ഓര്‍മ വന്നത്. ഓ! ഞാന്‍ മറന്നു പോയത് ഓര്‍ക്കാന്‍ വേണ്ടി തിരിച്ചു നടന്നതാണല്ലോ. അതും മറന്നു. ഓര്മ വന്നതും ഇല്ല. വീണ്ടും തിരിച്ചു നടന്നു വൈയിട്ടിംഗ് റൂമിന്റെ വാതില്‍ ചാരി നിന്നു, അവിടെ കൂടിയവരെ നോക്കി. ആരും എന്നെ ശ്രദ്ടിച്ചതായി തോന്നിയില്ല. കൌണ്ടറില്‍ നിന്നു പേരും വിളിച്ചില്ല. നമ്പറും വന്നില്ല.

കൂടിയിരിക്കുന്നവര്‍ ഇന്നലെ രാത്രിയില്‍ ദൂരെയെങ്ങോ വന്ന മരണത്തെ ശപിച്ചു. പലരും പല ദൂരത്തും നിന്നു വന്നവരാണ്. ഇടയ്ക്കിടെ കൌണ്ടറില്‍ വന്നു എത്തി നോക്കുന്ന, മുഖത്ത് യാതൊരു ഭാവവും ഇല്ലാത്ത ടൈ കെട്ടിയ വിസ ഓഫീസര്‍ . അയാള്‍ ഒറ്റ നില്‍പ്പിനു ആ വെയിറ്റിംഗ് റൂം മുഴുവന്‍ കൂമനെ പോലെ അരിച്ചു പെറുക്കി കണ്ണോടിച്ചു. എല്ലാം പഴയ പോലെ. ജോണ്‍ സക്കറിയാസ് ഇപ്പോള്‍ പതിയെ ആരോടോ ഫോണില്‍ സംസാരിക്കുന്നുണ്ട് - നെറ്റി ചുളിച്ചു ആരെയോ സ്വാന്തനിപ്പിക്കുന്ന പോലെ, ഏതോ വിഷമത്തില്‍ പങ്കു ചേരുന്ന പോലെ അയാള്‍ അഭിനയിച്ചു. തന്റെ കയ്യിലുള്ള പേന വലതു വശത്തുള്ള പേപ്പറില്‍ വട്ടം കറക്കി കൊണ്ടിരുന്നു. ഫോണ്‍ താഴെ വച്ചു, നെറ്റി ചുളിച്ചു, അയാള്‍ കൌണ്ടര്‍ ന്റെ ചെറിയ ഗ്ലാസ് വിന്‍ഡോ തുറന്നു.

ഞാന്‍ പതുക്കെ ജനലിന്റെ സൈഡിലുള്ള ചുവന്ന കുഷ്യന്‍ ഉള്ള കസേരയില്‍ ചെന്നിരുന്നു. ജനല്പാളിയില്‍ പതുക്കെ വിരലോടിച്ചു. പെട്ടെന്ന് കൈ വലിച്ചു. ഒരു വലിയ കൂത്താടി! തന്റെ പൊയ്കാലില്‍ താണ്ടവം ആടുന്നു. കയ്യിലിരുന്ന ടിഷ്യു പേപ്പര്‍ എടുത്തു അതിനെ ആകമാനം ആ പേപ്പറില്‍ കശക്കി ചുരുട്ടി അടുത്തുള്ള വെസ്റ്റ് കൊട്ടയിലേക്ക് എറിഞ്ഞു. കൌണ്ടരിന്റെ മുകളിലെ ഡിസ്പ്ലേ ബോര്‍ഡില്‍ അക്കങ്ങള്‍ മാറി മാറി തെളിഞ്ഞു. ഇടയ്ക്ക് വന്ന നമ്പര്‍ എന്റെ കയ്യിലെ നമ്പര്‍ അല്ലെ? സൂക്ഷിച്ചു നോക്കി, അതെ അതു തന്നെ. കൌണ്ടറിനു മുന്നില്‍ പകപ്പാടോടെ ചെന്നു നിന്നു. 

'ഞാന്‍ ഞാന്‍ ....'
'മലയാളി ആണല്ലേ, എന്താ പര്‍പ്പസ് ?'
'അതു ... എനിക്ക് ...'
നല്ല ഓര്‍മ വന്നില്ല. എത്ര ഒര്മിച്ചിട്ടും ആകെ ഓര്‍ക്കാന്‍ കഴിഞ്ഞത് ഒന്ന് മാത്രം. തണുത്തു വിറച്ചു, മഴയിലൂടെ...സ്ട്രീറ്റ് ലൈറ്റിലൂടെ എത്ര തിരഞ്ഞിട്ടും കണ്ടെത്താത്ത എന്തോ തിരഞ്ഞു വീണ്ടും വീണ്ടും നടന്നത് .... പക്ഷെ ഞാന്‍ എന്തിനാണ് ഇവിടെ? നാലാം ക്ലാസ്സിലെ എല്‍സമ്മയെയും അവള്‍ വന്നു വിളിച്ച, പോക്കുവെയില്‍ നിറഞ്ഞ ആ വൈകുന്നേരത്തെയും മനസാ ശപിച്ചു.

'ഗിവ് മി യുവര്‍ പാസ്പോര്‍ട്ട്‌ '
പോക്കുവെയില്‍ തൂത്തെറിഞ്ഞു വീണ്ടും തിരിച്ചു കൌന്ടരിലേക്ക്. പാസ്പോര്‍ട്ട്‌ അയാള്‍ക്ക് നേരെ നീട്ടുമ്പോഴും മനസ്സില്‍ ശപിക്കുകയായിരുന്നു...

'ഓ! യു ആര്‍ മിസ്‌ ശാലിനി.... റൈറ്റ് ?'
'ഓ അതെ അതെ..പക്ഷെ ഞാന്‍ എന്തിനു....ഇവിടെ ...ഐ ആം സോറി ...ഐ ...'
പറഞ്ഞു മുഴുമിക്കും മുന്‍പേ ഞാന്‍ കൊടുത്ത പാസ്പോര്‍ട്ട്‌ എന്റെ നേരെ നീട്ടി, ജോണ് സക്കറിയാസ് ഭാവവ്യത്യാസമില്ലാതെ മൊഴിഞ്ഞു.

'മിസ്‌ ശാലിനി, നിങ്ങള്‍ ഇരിക്കു. നിങ്ങളുടെ ഡെത്ത് സെര്ടിഫികെറ്റ് ടൈപ്പ് ചെയ്തു കൊണ്ടിരിക്കുകയയാണ്‌. ശരിയായി കഴിഞ്ഞാല്‍ ഉടന്‍ വിളിക്കാം'

കറുത്ത കോട്ടിട്ട പെണ്‌കുട്ടിയുടെയും, തലപ്പാവ് ധരിച്ച സര്‍ദാര്‍ജിയുടെയും ശബ്ദങ്ങള്‍ക്കിടയിലൂടെ ഞാന്‍ ആ പുതിയ സമയത്തിലേക്ക് ഓര്‍മകളെ എല്‍സമ്മയുടെ ഓന്തിനു വിട്ടു കൊടുത്തു പതുക്കെ നടന്നു, പുതിയ വിസ അടിക്കുന്നതും കാത്ത്. നേരത്തെ ഇരുന്ന സീറ്റില്‍ കണ്ടാല്‍ വിദ്യാര്‍ത്ഥി എന്ന് തോന്നുന്ന കറുത്ത മുടിയുള്ള ഒരു പയ്യന്‍ സ്ഥാനം പിടിച്ചിരുന്നു. വെസ്റ്റ് കോട്ടയില്‍ നിന്നു ചാകാതെ ബാക്കിയായ കൂത്താടി ഏന്തി വലിഞ്ഞു അതിന്റെ വായുടെ അറ്റത്ത്‌ കഷ്ടപ്പെട്ട് കയറുന്നുണ്ടായിരുന്നു.
ആന്ധ്രക്കാരന്റെ, പിറന്നിട്ടു അധികം ദിവസം എത്തിയിട്ടില്ലാത്ത കുഞ്ഞു കണ്ണു അമര്ത്തി പിടിച്ചു മോണ കാട്ടി കരഞ്ഞു കൊണ്ടിരുന്നു.........

[വിട്ടു പോയത് : ജോണ്‍ സക്കറിയാസ് (John Zacharias ). ഇങ്ങനെ പേരുള്ള ഒരാളെ എനിക്കറിയില്ല. ഞാന്‍ ഇത് വരെ കണ്ടിട്ടില്ല, കേട്ടിട്ടില്ല. ഏതാണ്ട് 30 - 40 കൊണ്ട് എഴുതി തീര്‍ത്തതാണ് . തുടക്കം തന്നെ അങ്ങിനെ ഒരു പേര് വന്നു, ആലോചിച്ചു കണ്ടു പിടിക്കാതെ. അതെന്നെ കുറച്ചു അത്ഭുതപ്പെടുത്തുന്നു. ശാലിനി എന്ന പേര് അങ്ങനെ തനിയെ വന്നതല്ല. എന്തോ ഇതിവിടെ എഴുതണമെന്നു തോന്നി :-) ]

10 comments:

പഞ്ചാരകുട്ടന്‍ -malarvadiclub said...

മൊത്തതില്‍ എഴുത്തിന്റെ ശൈലി കൊള്ളാം

പഥികൻ said...

ഇഷ്ടപ്പെട്ടു..ദുരൂഹമായ ഇത്തരം കല്പിതകഥകൾ എനിക്കു വലിയ ഇഷ്ടമാണ്‌. മലയാളത്തിൽ ഹരികുമാർ (?) എന്ന ഒരു കഥാകൃത്തിന്റെ ഇത്തരം രചനകൾ വായിച്ചിട്ടുണ്ട്. അതു പോലെ ബ്ലോഗർ സിമിയുടെയും.

btb, സ്റ്റുട്ട്ഗാർട്ടിലാണോ ?

Yasmin NK said...

നന്നായിട്ടുണ്ട്. ആശംസകൾ...

മയൂര said...

എഴുതിയതിഷ്ടമായി. :)

നീല പെയിന്റടിച്ച ജാലകത്തിന് മുന്നില്‍,
നീലിച്ച നാഡീഞരമ്പുകലില്‍ ഉറഞ്ഞു കൂടുന്ന
തണുപ്പിന്റെ സൂചിമുന ദംശനത്തെ
കുടഞ്ഞെറിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നൊരു
blue blooded creature .

ഞണ്ടുകളുടെ കുട്ടയിലെന്ന പോലെ
രക്ഷപ്പെടാനൊന്നാഞ്ഞാല്‍
ആവർത്തിച്ചാവർത്തിച്ച്
മരവിപ്പിലേക്ക് വലിച്ചിടപ്പെടാനായുള്ള നിയോഗം!

മയൂര said...

എഴുതിയതിഷ്ടമായി. :)

നീല പെയിന്റടിച്ച ജാലകത്തിന് മുന്നില്‍,
നീലിച്ച നാഡീഞരമ്പുകലില്‍ ഉറഞ്ഞു കൂടുന്ന
തണുപ്പിന്റെ സൂചിമുന ദംശനത്തെ
കുടഞ്ഞെറിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നൊരു
blue blooded creature .

ഞണ്ടുകളുടെ കുട്ടയിലെന്ന പോലെ
രക്ഷപ്പെടാനൊന്നാഞ്ഞാല്‍
ആവർത്തിച്ചാവർത്തിച്ച്
മരവിപ്പിലേക്ക് വലിച്ചിടപ്പെടാനായുള്ള നിയോഗം!

ഹേമാംബിക | Hemambika said...

പി കുട്ടന്‍ - നന്ദി :)

പഥികന്‍ - ഹരികുമാറിന്റെ കഥകള്‍ ഞാനും വായിച്ചിട്ടുണ്ട് , അത് കല്പിതം അല്ലെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഈ കഥയും അതുപോലെ തന്നെ. മര്ദര്‍ സ്ടോരികള്‍ എഴുതാത്തത് പോലീസ് പിടിച്ചാലോ എന്ന് പേടിച്ചിട്ടാ :-)
സ്ടുട്ട്ഗട്ടിനടുത്തായി വരും, വരാറുണ്ട് :)

മുല്ല - നന്ദി , നല്ല മുല്ലപ്പു മണം :-)

ഡോണ - നീയും ഞാനും തമ്മില്‍ ബ്ലഡ് ന്റെ കാര്യത്തിലെങ്കിലും ഒരു പോലെ എന്ന് നിനച്ചു. അതും നീ തെറ്റിച്ചു :-)
ആത്മാക്കളായാലോ ?

Ashly said...

നൈസ് !!!

anupama said...

പ്രിയപ്പെട്ട ഹേമ,
മനസ്സില്‍ ആകെ അസ്വസ്ഥത പടര്‍ത്തിയ പോസ്റ്റ്‌....!രചനാ രീതി ആകര്‍ഷകം!
മനോഹരമായ മഞ്ഞു പുതപ്പിക്കുന്ന ദിനരാത്രങ്ങള്‍ ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു

ഹേമാംബിക | Hemambika said...

ക്യാപ്റ്റൻ - നന്ദി
അനുപമ- ആശംസകൾക്കു ഒരു പാടു നന്ദി. അസ്വസ്തയായി എന്നു കെട്ടപ്പൊ സന്തോഷം,മാർക്കു കൂടുതൽ കിട്ടിയ പൊലെ :)

Pradeep Kumar said...

ഇംഗ്ലീഷില്‍ എഴുതുന്നതായിരിക്കും കുറച്ചുകൂടി നന്നാവുക, ഒരു പക്ഷെ

Related Posts with Thumbnails