3 May 2011

ഹുമന്‍ ട്രാഫിക് ലൈറ്റ്

കാഴ്ചകളെ അപ്പാടെ കഴുകിക്കളഞ്ഞു
പുറപ്പെട്ട നീരുറവകള്‍ക്ക്
ഇന്നലെയുടെ രുചിയായിരുന്നു
ഇന്നിന്റെ നിറമായിരുന്നു.  

ട്രാഫിക് ലൈറ്റിലൂടെ *
അതു നിറഞ്ഞു താഴേക്കൊഴുകി
തടഞ്ഞു വക്കാന്‍ , തൂത്തെറിയാന്‍
വിരലുകള്‍ ഇല്ലാതെ.

ഒഴുകിയെത്തിയതിനു 
കടല്‍ക്കാറ്റിന്റെ ഉപ്പുരസം.
കുടിക്കാതെ വലിച്ചെടുത്തു,
ആഞ്ഞൊരു തുപ്പു തുപ്പാന്‍ .
നിര്‍ജലീകരിക്കുന്ന മനസ്സിന്
ശരീരം കൂട്ടാവാതിരിക്കട്ടെ.

~~~

പ്രിയേ,
ഞാന്‍ നിന്നോട് പറഞ്ഞത്
ഞാന്‍ തന്നെ പാലിക്കാന്‍ മറന്നു
ചിരിക്കുമ്പോള്‍ , നീരുറവകള്‍
വഴിതെറ്റി ഭൂമിയില്‍ പതിക്കുമെന്ന്
ട്രാഫിക് ലൈറ്റുകളെ കബളിപ്പിക്കാമെന്ന്.




*ട്രാഫിക് ലൈറ്റ് - ഹുമന്‍ ട്രാഫിക് ലൈറ്റ് -കവിള്‍

3 April 2011

പാകപ്പെടുത്തല്‍



പാകപ്പെടുത്തല്‍ -
ഇടയ്ക്കിടെ എണ്ണയില്‍ നിന്നെടുത്തു
കൂര്‍ത്ത ഈര്‍ക്കിലി കൊണ്ട്
കുത്തി നോക്കും ദൈവം.
വേവായില്ല പാകമായില്ല
വീണ്ടും എണ്ണയിലേക്ക്.
ചിലപ്പോ പുറത്തെടുക്കാതെ
കുത്തി നോക്കും , ഇല്ല പാകമായില്ല..

ഒടുവില്‍
പാകമാവുമ്പോള്‍
ദൈവത്തിന്റെ പാത്രത്തിലേക്ക്.

എണ്ണയില്‍ കിടന്നു മൊരിഞ്ഞതും
ഈര്‍ക്കിലി ഇടവേളകളും ബാക്കിയാക്കി
പാത്രത്തിലേക്ക് ...





[Published in Facebook, Tuesday, March 22, 2011]

8 November 2010

യാരും രസിക്കവില്ലയെ...

പെണ്‍കുട്ടികള്‍ ഒരു വീടിന്റെ സ്വത്താണ്.
കൊച്ചു പെണ്‍കുട്ടികളെ ഇഷ്ടമല്ലാത്തവര്‍ ആരെങ്കിലും ഉണ്ടോ. പാദസ്വരത്തിന്റെ ജില് ജില് ശബ്ദവും പിന്നെ നാണത്തിന്റെ നനുത്ത കുളിര്‍മയും കൊണ്ടു വീടു നിറയെ ഓടി നടക്കുന്ന കൊച്ചു പെണ്‍കുട്ടികള്‍ .
ഈ പാട്ട് കേട്ടു നോക്കു, 'നിലാ കൈകിറത്...യാരും രസിക്കവില്ലയെ...'




ഈയിടെയാണ് ഞാന്‍ ആ പാട്ട് കേട്ടത്. സുഹാസിനി സംവിധാനം ചെയ്ത ' ഇന്ദിര' എന്ന 1995 - ഇല്‍ ഇറങ്ങിയ സിനിമ. റഹ്മാന്റെ സംഗീതത്തില്‍ ഹരിണി പാടിയ പാട്ടാണ് നിലാ കൈകിറത്..ഹമീര്‍ കല്യാണി എന്നാ കര്‍ണാടിക് രാഗത്തിലാണ് ഈ പാട്ട് പാടിയിരിക്കുന്നത് . എന്ത് മധുരമാണ് ഈ പാട്ട് !

ഈ പാട്ട് എന്നെ കുറെ ഓര്‍മിപ്പിച്ചു, അല്ലെങ്കില്‍ കരയിപ്പിച്ചു എന്ന് പറയാം. ആ ഓര്‍മകളിലൂടെ ഞാന്‍ ഒന്ന് പോയി നോക്കി..എല്ലാം അവിടെ തന്നെയുണ്ട്‌ . എന്റെ ഓര്‍മകളില്‍ , ഒന്നും മാഞ്ഞു പോകാതെ. എനിക്ക് തന്നെ അത്ഭുതം തോന്നുന്നു..

അങ്ങനെ ഒരു കൊച്ചുപെന്കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു. ഒറ്റപ്പെട്ട ഒരു ബാല്യ കാലം എന്ന് കാണുന്നവര്‍ക്ക് പറയാം. കാരണം, അന്ന് ഏട്ടന്‍ പഠിച്ചിരുന്നത് ദൂരെ ആര്‍മി സ്കൂളില്‍ ആയിരുന്നു, പിന്നെ വീട്ടിനടുത്തുള്ള കുട്ടികള്‍ എല്ലാം ഒന്നുകില്‍ കുറെ വലിയവര്‍ , കോളേജിലൊക്കെ പോകുന്നവര്‍ അല്ലെങ്കില്‍ തീരെ ചെറിയവര്‍ . അതെ, കാണുന്നവര്‍ക്ക് പറയാം , ഞാന്‍ ഒറ്റക്കായിരുന്നു എന്ന്. പക്ഷെ അങ്ങനെ ആയിരുന്നില്ല. കിളികളും തുമ്പികളും കാമനും പൂരവും കാവും ഒക്കെയുണ്ടായിരുന്നു കൂട്ടിനു, ഒക്കെയുണ്ടായിരുന്നു  ;-))

നീണ്ട പാടങ്ങള്‍ ഉണ്ടായിരുന്നു ('ഉണ്ടായിരുന്നു'! അതെ, ഇന്ന് ഉണ്ടോ എന്നറിയില്ല) കാവിനു മുന്നിലൂടെ പടര്‍ന്നു.  വയലുകളുടെ പകുത്തു മാറ്റിക്കൊണ്ട് ചെമ്മണ്‍ നിറഞ്ഞ റോഡു. സ്കൂള്‍ വിട്ടാല്‍ റോഡിലൂടെ വരാം. അല്ലെങ്കില്‍ അച്ഛമ്മയുടെ അടുത്ത് പോയി വരുമ്പോ. ഞാന്‍ റോഡിലൂടെ അധികം പോയിരുന്നില്ല. മഴയായാലും ചളിയായാലും മിക്കവാറും പാടത്തിനു നടുക്ക് കൂടെയാവും പോവുക (ഏതാണ്ട് പത്ത് വയസ്സൊക്കെ ഉണ്ടായിരിക്കും). ഓരോ കതിര്‍ മണികളെയും തൊട്ടു തൊട്ടു കൊണ്ടു. അതിനൊക്കെ ജീവനുണ്ട്, അല്ലെങ്കില്‍ അതൊക്കെ ഞാന്‍ മൂളുന്ന പാട്ട് കേള്‍ക്കുന്നുണ്ട് എന്ന തോന്നലില്‍ . ചിലപ്പോ പേടിപ്പിക്കാന്‍ നീര്‍ക്കോലി പാമ്പ് വരമ്പിനു കുറുകെ ഇഴഞ്ഞു പോവും. അപ്പോ ഞാന്‍ തിരിഞ്ഞോടും. പിന്നെ കുറച്ചു ദിവസത്തേക്ക് ആ വഴി പോവില്ല.

എനിക്കിപ്പോഴും ആ നെല്കതിരുകളുടെ മണം അറിയാം, അതിന്റെ മൂര്‍ച്ച കാലുകളില്‍ നോവിച്ച നനുത്ത നോവ്‌ അറിയാം. വയലൊക്കെ വിളവെടുത്തു കഴിയുമ്പോഴാണ് എനിക്ക് ഏറെ ഇഷ്ടം, വിളവിന്റെ ബാക്കി തിന്നാന്‍ കിളികള്‍ വരും. അപ്പൊ അതു വഴി പോകുമ്പോ കിളികള്‍ ഒന്നടങ്കം പറന്നുയരും. അതു നോക്കി നിന്നു ഞാന്‍ ആ വരമ്പത്ത് ഇരിക്കും , പിന്നെയും കിളികള്‍ വരുന്നതും നോക്കി.ചിലപ്പോ അപ്പുറത്തെ റോഡിലൂടെ പോവുന്ന ആരെങ്കിലും കുവി ചോദിക്കും

''ഒയ് കൂയ് എന്നാ ഏടത്തി ആട ഇരുന്നു പണിയെടുക്കുന്നത് ' എന്ന് .

അതു മിക്കവാറും ചോദിച്ചിരുന്നത് കുന്നുമ്മല്‍ വീട്ടിലെ മോഹനേട്ടന്‍ ആയിരുന്നു. മോഹനേട്ടന്‍ അന്ന് നാട്ടിലുള്ള പത്തോ പന്ദ്രണ്ടോ  ബി ജെ പി ക്കാരില്‍ ഒരാളായിരുന്നു. നെറ്റിയില്‍ ചുവന്ന നീണ്ട കുറിയും താടിയും ഒക്കെയായി മെലിഞ്ഞ നീണ്ട ഒരു മനുഷ്യന്‍ . അന്ന് സ്വതവേ നാണക്കാരിയായ എനിക്ക് അങ്ങനെ ഒരു ചോദ്യം തന്നെ ധാരാളം..പിന്നെ അവിടുന്ന് എണീറ്റ്‌ ഓടെടാ ഓട്ടം.

വീട്ടില്‍ നിന്നു നോക്കിയാല്‍ അങ്ങ് ദൂരെ പച്ച നിറഞ്ഞ കുന്നുകള്‍ കാണാം. എപ്പോഴും വിചാരിക്കും, ആ കുന്നിന്റെ അപ്പുറത്ത് എന്താണ് എന്ന് പോയി നോക്കണം എന്ന്. അമ്മയോട് പറയുമ്പോള്‍ അമ്മ പറയും ,

 'അവിടെയൊക്കെ ഭ്രാന്തന്മാര്‍ ഉണ്ടാകും ..പിന്നെ കുറുക്കന്‍ ‍, കടിക്കുന്ന പട്ടികള്‍ ഒക്കെയുണ്ടാവും'.

അതുകൊണ്ട് പോയില്ല. പകരം രണ്ടു പറമ്പിനു അപ്പുറത്തുള്ള പൊളിഞ്ഞു കിടക്കുന്ന ആ വീട്ടില്‍ പോകും. അവിടെ ഒരു പൊട്ടകിണര്‍ ഉണ്ട്. നന്നായി കെട്ടി ഒതുക്കിയ കിണര്‍ . കാട് പിടിച്ചു പാരോത്തില മരം വളര്‍ന്നു പന്തലിച്ചിട്ടുണ്ട് അവിടെ. പിന്നെ പൊളിഞ്ഞ വീടു എന്ന് പറയാന്‍ മാത്രം ഇല്ല. ഒരു ചെറിയ ചുമര്‍ മാത്രമേ ബാക്കി ഉള്ളൂ. പണ്ട് ഏതാണ്ട് അമ്പതോ നൂറോ കൊല്ലം മുന്‍പ് ആ വീട്ടിലെ താമസക്കാര്‍ക്കൊക്കെ വസൂരി വന്നു മരിച്ചു പോയത്രേ. ശവം ദഹിപ്പിക്കാന്‍ ആര്‍ക്കും ധൈര്യം ഇല്ലാത്തതു കൊണ്ടു ചുമരോക്കെ ഇളക്കി ആളുകളുടെ മേല്‍ ഇട്ടു. അങ്ങനെ അടക്കം ചെയ്തത്രേ. ഞാന്‍ ആ പരിസരത്ത് വെറുതെ ചുറ്റി നടക്കും. ഒന്നും അവിടെ കാണാനില്ല , പക്ഷെ അവിടുത്തെ ആളുകളെക്കുരിച്ചോക്കെ ഓര്‍ത്തു കൊണ്ടു. അവിടുത്തെ കുട്ടികള്‍ എങ്ങനെയായിരിക്കും, അവരൊക്കെ എന്ത് വേഷമായിരിക്കും അന്ന് ഇട്ടിരിക്കുക..അങ്ങനെ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടും. അതിനടുത് വേറെയും ചില കിണറുകള്‍ ഉണ്ട് . വല്യ കണ്ടുപിടുത്തം പോലെ ഞാന്‍ അമ്മയോട് ചെന്ന്‌ പറയും.

'അമ്മെ, കേട്ടോ അവിടെയൊക്കെ വേറെ വീടുകള്‍ ഉണ്ടായിരിക്കില്ലേ? അവരൊക്കെ വസൂരി വന്നായിരിക്കുമോ മരിച്ചത് ..നശിച്ചത് '
അമ്മ എന്നെ നോക്കി ചിരിക്കും..'നിനക്കിതൊക്കെ എവിടുന്നു കിട്ടുന്നു' എന്നൊരു ചോദ്യവും.
                                    കാമന്‍ - ശ്രീലാല്‍ എടുത്ത ഫോട്ടോ. (ഞാന്‍ കട്ടെടുത്തതാ ;)

വീടു കഴിഞ്ഞു മമ്മാലിയുടെ വയസ്സന്‍ റബ്ബര്‍ തോട്ടവും കഴിഞ്ഞാല്‍ ' കാവ് ആണ്. മണ്ണിന്റെ ചുറ്റുമതില്‍ കെട്ടി ഒതുക്കി നിര്‍ത്തിയ കാവില്‍ നിന്നും പച്ച  ജടപ്പു വിരിയുന്ന മരം കുടപോലെ പോലെ ടാറിടാത്ത റോഡിലേക്ക് ചാഞ്ഞു നിന്നിരുന്നു. സ്കൂള്‍ അടച്ച സമയത്ത് ജടപ്പു പൂക്കും. ആ സമയത്ത് അതു വഴി പോകുമ്പോ അവിടെ കുത്തിയിരുന്നു ഞാന്‍ ജടപ്പു പൊറുക്കും. ഒരു ദിവസം പത്രോസ് ചേട്ടായി കളിയാകിയത് ഇപ്പോഴും ഓര്‍മയുണ്ട്. കാരണം ഉണ്ട് , അന്ന് അച്ചമ്മ തന്ന പഴുത്ത ഒരു മുറി ചക്ക- അതും റോഡിന്റെ നടുക്ക് വച്ചിട്ടാണ് ജടപ്പു പൊറുക്കുന്നതു. മണ്ണിന്റെ കാമനെ ഉണ്ടാക്കുമ്പോള്‍ അതിന്റെ പ്രധാന അലങ്കാരം ആയിരുന്നു ജടപ്പു മുടി. അന്ന് വല്യ ഫാഷന്‍ കാരോക്കെയാ കടലാസ്സ്‌ പൂ മുടിയായി വക്കുക.
 'നമ്മള്‍ക്കു അതു മതി, അതാ ഭംഗി. പച്ച മുടി.'
കാമന്റെ കൊച്ചരി പല്ലിനു പകരം പച്ചരി അതിന്റെ മുഖത്ത് അമര്ത്തി അമര്ത്തി വക്കുമ്പോ അമ്മ പറഞ്ഞു. താണ് നോക്കിക്കൊണ്ട്‌ ഞാനും പറഞ്ഞു,
'ശരിയാ ഇതാ ഭംഗി..ഇതു തന്നെയാ ഭംഗി...കടലാസ്സ്‌ പൂ ഒക്കെ പ്ലാസ്റിക് കുട പോലെ ഉണ്ട്...ഇതെന്തു ഭംഗിയാ'. അമ്മ തിരിഞ്ഞു നോക്കി ചിരിക്കും.

കാവില് നിറമാല വരുമ്പോ താലപ്പൊലി എടുക്കും. അതിനു എനിക്ക് അച്ഛമ്മയുടെ കസവ് വേഷ്ടി തന്നെ വേണം. പിന്നെ അച്ഛമ്മയുടെ വല്യ സ്വര്‍ണ നിറമുള്ള താലവും. അതിനായി നിറമാലയുടെ  തലേന്ന് തറവാട്ടിലേക്ക് ഓടി ചെല്ലും. അച്ചമ്മ കൂറമുട്ടായി മണക്കുന്ന മരത്തിന്റെ പെട്ടിയില്‍ നിന്നു വേഷ്ടി എടുത്തു തന്നോണ്ട്‌ പറയും,

'മണ്ണും ചളിയും ഒന്നും ആക്കരുത്, സൂക്ഷിക്കണം'.
അപ്പൊ ഞാന്‍ പറയും 'ഉം... ഈ അച്ഛമ്മയ്ക്ക് എന്നെ ഒരു വിശ്വാസവും ഇല്ല, എപ്പോഴും ഇങ്ങന' എന്ന്.

നിറമാലക്ക് ഉറഞ്ഞു തുള്ളുന്നവരില്‍ പ്രധാനി രാജീവന്‍ സ്വാമി ആയിരുന്നു. എനിക്ക് പേടിയായിരുന്നു ഉറഞ്ഞു തുള്ളുന്ന അയ്യപ്പ സ്വാമികളെ. അതുകൊണ്ട് താലപ്പൊലി വരിയുടെ കുറെ പിറകിലായി നിക്കും. അമ്മ പുറകില്‍ എവിടെയെങ്കിലും ഉണ്ടോ എന്ന് തിരിഞ്ഞു തിരഞ്ഞു നോക്കും..

അങ്ങനെ അങ്ങനെ കുറെ പറയാനുണ്ട്‌. ഇനിയും ഒരു ജന്മം ഉണ്ടെങ്കില്‍ എനിക്ക് ആ ജന്മത്തിലും ഒരു പെണ്‍കുട്ടിയായി തന്നെ ജനിച്ചാല്‍ മതി.. കുപ്പിവളകളൊക്കെ ഇട്ടു പാദസ്വരവും കിലുക്കി ഓടി നടക്കാന്‍ ... :))

 ഈ പാട്ടിന്റെ ട്രാന്‍സ്ലേഷന്‍ കൂടി ഇടട്ടെ, (യാഹൂ ഗൃപ്പില്‍ നിന്നു കിട്ടിയതാണ് )

The Moon is shining,
The time is passing,
oh, but nobody is enjoying it.
Yet, these eyes will see you (my eyes)

The breeze is flowing,
The gardens are smiling,
yet, there is none enjoying it.
but these hands will touch you (my eyes).
The Wind will blow, the sunshine will be there,
there is no change in that.
The Sky & Land will tell us to live.
those wishing will not cease forever.

There it is, the dear Cloud
Seek for the rain
Here it is, the cuckoo's song
Seek the Music in it.

This world is a garden,
Seek your Flowers in it.
This life is a Gift,
Ask for your needs.......
                                                            ;-)

5 November 2010

കൊഴിഞ്ഞു പോകുന്നത്


ഇല കൊഴിഞ്ഞ വഴിയിലൂടെ
ഞാന്‍ ഏറെ നടന്നു.
കൊഴിഞ്ഞ ഇലകളും നോക്കി.
എത്തിപ്പെട്ടത്,
ചോട്ടില്‍ ഇലകളില്ലാത്ത ഒരു മരത്തിനരികെ.

മരച്ചുവട്ടില്‍ കണ്ണോടിച്ചു ഞാന്‍ ചോദിച്ചു :
നീ മാത്രം എന്തെ ഇങ്ങനെ?
നിനക്ക് മാത്രം എന്തെ ഇതു സാധിച്ചു ?
ഇല പൊഴിക്കാതെ....
 
പതിഞ്ഞ ശബ്ദത്തില്‍ മരം പറഞ്ഞു:
കുട്ടീ, ഒന്ന് മുകളിലോട്ടു നോക്കു
എന്റെ ചില്ലയില്‍ ഇലകളുണ്ടായിട്ടു വേണ്ടേ...

മുഖമുയര്‍ത്തി നോക്കിയപ്പോള്‍ ഞാന്‍ കണ്ടു.
അര്‍ബുദം ബാധിച്ച,
ഉണങ്ങി വീഴാറായ ചില്ലകള്‍
പറവകള്‍ ഉപേക്ഷിച്ചു പോയ കൂടുകള്‍
ഒരില പോലും പ്രതീക്ഷിക്കാനില്ലാത്ത ചില്ലകള്‍ .

ആ മരച്ചുവട്ടില്‍ ഞാന്‍ ഇത്തിരി നേരം ഇരുന്നു
അടുത്തുള്ള മരങ്ങളുടെ
കൊഴിഞ്ഞ ഇലകള്‍
തണുത്ത കാറ്റില്‍ പറക്കുന്നതും നോക്കി....

27 October 2010

കാലം മാറി, കഥ എപ്പഴേ മാറി..

പണ്ട് പണ്ട് കുരങ്ങന്മാരുടെയും കുരങ്ങത്തികളുടെയും കാലത്ത് :


ഹോസ്ടളില്‍ നിന്നൊരു പെണ്ണ് ഇങ്ങനെ :


:-) ഓ അവളെ എനിക്ക് പണ്ടേ അറിയാം, കുറച്ചു നാള്‍ എന്റെ കൂടെ ടുഷന് ഉണ്ടായിരുന്നു

***
പിന്നീടോരുത്തി വന്നു പറഞ്ഞു :


:-)  ഓ അവന്‍ ആരാ മൊതല് ..എന്തായിരുന്നു പണ്ട്  ഡിഗ്രിക്ക് പഠിക്കുമ്പോഴത്തെ കളികള്‍..
:-)) അല്ല, അപ്പൊ നിനക്കവനെ അന്നെ അറിയാം അല്ലെ ?
:-) ഇടയ്ക്കു കണ്ടിട്ടുണ്ട്, എന്റെ ക്ലോസ് ഫ്രണ്ടിന്റെ രണ്ടാമത്തെ ലൈന്‍ ആയിരുന്നു
:-)) ഓ അങ്ങനെ !

***

പിന്നെയൊരുവന്‍ , ഒരു ഇടനാഴിയില്‍ വച്ചു പറഞ്ഞു:

:-) തിരോന്തോരത്ത് ഇന്റര്‍വ്യുവിനു പോകുമ്പോ, ക. ചെല്ലമ്മയെ കാണാന്‍ മറക്കണ്ട. ഞാനും
    അവളും കുറെ ഇന്റെര്‍വ്യുവില്‍ കണ്ടു മുട്ടിയതാ. അങ്ങനെ നന്നായി അറിയാം.
:-)) ഓ ശരി, എന്ന ചിലപ്പോ കണ്ടു പരിചയം കാണും.

***

പിന്നീട് ഒരുത്തി, വീട്ടില്‍ വന്നപ്പോ കൊണ്ടു വിടാന്‍ റെയില്‍വെ സ്റ്റേഷനില്‍ പോയി. അവിടെ വച്ചു അവളുടെ ഒരു ഫ്രണ്ടിനെ അവിചാരിതമായി കണ്ടു. അടുത്ത ട്രെയിനിനു പോകാം. ഏതായാലും മൂന്നു പേര്‍ക്കും കാപ്പി കുടിക്കാം.

:-)) അല്ല, ഇവളെ എങ്ങനാ പരിചയം?
:-)  അതോ, ഞങ്ങള്‍ ഫെല്ലോഷിപ്പ് എക്സാമിന് കൊച്ചിയില്‍ കണ്ടതാ. അന്ന് ഞങ്ങള്‍ യുത്ത്
     ഹോസ്റ്റലില്‍ ഒരേ റൂമില്‍ ആയിരുന്നു.
:-)) ആ അങ്ങനെ വരട്ടെ.

***

കാലത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചു പടിഞ്ഞാറു എത്തിയപ്പോ, ദെ നിക്കുന്നു എയര്‍ പോര്‍ട്ടില്‍ അവന്‍:

:-)) നീ ഇവിടെ ?
:-) അച്ഛന്‍  ചൈനയില്‍ പോയി, കൂട്ടികൊണ്ടു പോവാന്‍ വന്നതാ.
:-)) ആ , നിന്നെ ഇന്നലെ വരെ അവന്‍ ചോദിച്ചു, ടല്‍ഹിക്കാരനെ നാട്ടില്‍ കണ്ടിരുന്നു.
:-) ഏത് , ഓര്‍മ കിട്ടുന്നില്ല
:-)) ഓര്‍മയില്ലേ , നമ്മള്‍ അവനെ അന്ന് ആദ്യമായി ബാങ്ങളുരില്‍ പൈത്യ റിസേര്‍ച്ച് കേന്ദ്രത്തില്‍
      കണ്ടത് ..
:-) അതു ശരി, അവനിപ്പോ ടല്‍ഹിയിലാ അല്ലെ, ഇടയ്ക്കു ഫോര്‍വേഡ് മെയില്‍ കിട്ടാറുണ്ട് ..

***

കാലം മാറി, കുരങ്ങന്മാര്‍ ഭുമിയില്‍ നിന്നു അപ്രത്യക്ഷമായി.......!
----

ഇന്ന്  വരെ കാണാത്ത ഒരു സുഹൃത്ത് പറഞ്ഞു:

:-)  ഏയ്‌ നിന്റെ ഫ്രെണ്ടില്ലേ , അവളെ എനിക്ക് നേരത്തെ അറിയാം
:-)) ഓ ! എപ്പോ ?
:-)  പണ്ട് ഞങ്ങള്‍ മല്ലുസൈറ്റില്‍ സ്ഥിരമായി ചാറ്റാറണ്ട്
:-)) അങ്ങനെ വാ, ഞാനും വിചാരിച്ചു....

***

പിന്നെ പഴയ ചങ്ങായി പറഞ്ഞു :

:-) അവനെ എനിക്ക് നന്നായി അറിയാം, പണ്ട് ബ്ലോഗിലും മറ്റും എപ്പോഴും കാണാറുണ്ട്

***

പിന്നെയും ചിലര്‍ :

:-) ഓ അവളോ, അവളും ഞാനും പണ്ട് യാഹൂഗ്രുപ്പില്‍ എപ്പോഴും കാണാറുണ്ട്. നന്നായി അറിയാം.

***

പിന്നെ...:

:-)) ഫെസ്ബുക്കിലെ അവനെ എവിടെയോ കണ്ട പോലെ...
:-) അറിയില്ലേ , അവന്‍ പണ്ട് ഓര്‍ക്കുട്ടില്‍ ഉണ്ടാരുന്നു..അന്നെ അറിയാം..പിന്നെ ബസ്സില്‍ കുറച്ചു
    കാലം.
:-)) ഓ, അപ്പൊ നല്ല കമ്പനിയാ അല്ലെ
:-) അതെ അതെ..ഞങ്ങള്‍ ഒരുമിച്ചു ചെസ്സ്‌ ഒക്കെ കളിക്കും, ഇപ്പൊ ഫാം വില്ലയിലാ.
:-)) !!

***

പിന്നെ... :

:-)) നീ ഇവളെ അറിയോ ?
:-)  നോക്കട്ടെ, പ്രൊഫൈല്‍ പേജ് താ
:-)) സെന്റ്‌
:-)  ഇതു ചിലപ്പോ എന്റെ ഐ ടി ഫോറത്തിലെ പാ. ശശിക്ക് അറിയുമായിരിക്കും. ഒരേ
     ഇന്റെരെസ്ടുകള്‍ .
:-)) പാ. ശശിയെ നന്നായി അറിയുമല്ലേ, അപ്പൊ കുഴപ്പമില്ല..ആഡ് ചെയ്തേക്കാം
:-)  പിന്നെ, പാ ശശിയും ഞാനും എത്ര കാമാണ്ടുകള്‍ ട്രബിള്‍ ഷൂട്ട്‌ ചെയ്തിട്ടുണ്ട്..അവനങ്ങ്‌
     ആസ്ത്രേലിയയില്‍     ആണ്.

 ***

പി ...:

:-)) ഡേയ് , ആ പ്രാഞ്ചി ഇതുവരെ ഫേസ്ബുക്കില്‍  എത്തിയില്ലേ , ഇവിടൊന്നും കാണുന്നില്ലല്ലോ.
:-)  അവനു അവിടെ ഓര്‍ക്കുട്ടില്‍ ഒരു ഗ്രൂപ്പ്‌ ഉണ്ട് അതിന്റെ തിരക്കാ..വരുമായിരിക്കും.കുറെ നാളായി
      വിളിക്കുന്നു
:-)) അവനു ബസ്സില്‍ കുറെ പ്രശ്നം ഉണ്ടായി എന്ന് കേട്ടു, അതാണോ ഓര്‍ക്കുട്ടില്‍ നില്‍ക്കുന്നത് ?
:-)  ആ കേട്ടു, ബ്ലോഗ്‌ കൂട്ടത്തില്‍ ആരോ പറയുന്ന കേട്ടു.
:-)) പ്രാഞ്ചിയെ നിനക്ക് പണ്ടേ അറിയുമല്ലോ, അതു കൊണ്ടാ നിന്നോട് ചോദിച്ചത് .ഇനിയിപ്പം
      നീയത് ആരോടും പറയണ്ട
;-)  പിന്നെ, അവന്‍ എന്റെ ക്ലോസാ. പല സ്ഥലത്തും ഞങ്ങള്‍ മീറ്റ്‌ ചെയ്തിട്ടുണ്ട്. ബ്ലോഗ്‌, ബസ്സ്‌ ,
      ഓര്‍കുട്ട് അവന്റെ തിരക്ക് കാരണം ഫേസ്ബുക്കില്‍ വരാന്‍ പറ്റുന്നില്ല ..പാവം..
:-)) അതെ, പാവം !

 -----------

പിന്നീട് കുരങ്ങന്‍മാര്‍  മരത്തില്‍ കേറാന്‍ പോയപ്പോ മരം നടന്നു പോകുന്നത് കണ്ടു, അടുത്ത ഇന്റര്‍നെറ്റ്‌ കഫേയിലേക്ക് ...

ശുഭം !

N .B .: ഈ മനുഷ്യര്‍ക്കോ കുരങ്ങന്മാര്‍ക്കോ മരിച്ചവരോ ജീവിച്ചവരോ ആയി ഒരു ബന്ധവും ഇല്ല. വെറും വെറും വെറും സാങ്കല്‍പ്പികം.

8 October 2010

എന്റെ ശ്വാസം കാറ്റു ഏറ്റെടുക്കുന്ന കാലത്ത്..

എന്ത് , എപ്പോ , എങ്ങനെ സംഭവിക്കും എന്നൊന്നും ആര്‍ക്കും പറയാന്‍ പറ്റില്ല. പ്രത്യേകിച്ച് അടുത്ത നിമിഷത്തെ കുറിച്ച് ചിന്തിക്കാതെ ഓരോ നിമിഷവും ജീവിച്ചു തീര്‍ക്കുന്നവര്‍ക്ക്..ഇത് കേള്‍ക്കു...
                       ---------------------------------------------------------------

ഒരിക്കല്‍ ,
എന്റെ ശ്വാസം കാറ്റു ഏറ്റെടുക്കും
എന്റെ ഹൃദയത്തിന്റെ സ്പന്ദനം
തുടികൊട്ടുന്ന മേഘത്തില്‍ അലിയും
എന്റെ കാതുകളില്‍ അപ്പൊ കടലിന്റെ
ഇരമ്പല്‍ മാത്രമേ ഉണ്ടാവു.
എന്റെ കൈകാലുകള്‍ തണുപ്പിനെ പുണരും
എന്റെ കണ്ണുകള്‍ REM  ഇല്‍ നിന്ന് NREM ലേക്ക് പോകും
മസ്തിഷ്ക കോശങ്ങള്‍ മരവിച്ചു പേടിച്ചു ഒതുങ്ങും.

ആ സമയം വരുമ്പോള്‍ , നിങ്ങളില്‍ ആരെങ്കിലും ഒര്മിചെങ്കില്‍ എനിക്ക് വേണ്ടി ചെയ്യേണ്ടത് ഇതാണ്:

എന്റെ ശരീരം,
ഒരു ഈച്ചയും തൊടുന്നതിനു മുന്‍പ്
കത്തിച്ചു ഭസ്മമാക്കണം.
വേനലില്‍ ചുവന്ന പൂക്കള്‍ വിരിയുന്ന,മുള്ളുള്ള,
ആരാലും വെറുക്കുന്ന ഒരു മുരിക്ക്‌ മരം മതി.
അഗ്നി ആകാശത്തേക്ക് ഉയരുമ്പോള്‍
സൌപര്‍ണികാമ്രിത വീചികള്‍ പാടുന്ന പാട്ടു
നിങ്ങള്‍ ഉറക്കെ പാടനം.

പിന്നീടു,
ഒരു പിടി ചാരം നിറഞ്ഞ
ആ കുഴി നിങ്ങള്‍ മൂടുമ്പോള്‍
അതിനു മുകളിലും, അതിനു ചുറ്റും
നിറയെ നിറയെ നിറയെ...
കാക്കുപ്പു വിരിയുന്ന
ആ ചെറിയ ചെടികള്‍ നട്ടു പിടിപ്പിക്കണം.

പിന്നെ,
വര്‍ഷത്തിലൊരിക്കല്‍
കാക്കപ്പുവുകള്‍ വിരിയുന്ന നേരത്ത്
നിങ്ങള്‍ അവിടെ വരണം...

നിങ്ങള്‍ ,
അവിടെയിരുന്നു അതിനെ ക്യാമറകളില്‍ ഒപ്പിയെടുക്കും
അതിനെക്കുറിച്ച് വര്‍ണിക്കും
അതിന്റെ ശാസ്ത്രങ്ങള്‍ വിസ്തരിക്കും.

അപ്പോള്‍ ഞാന്‍ ,
ആ ഓരോ പൂവിലും ഒളിച്ചിരുന്ന്
നിങ്ങളെ, നിങ്ങള്‍ കാണാതെ
ഞാന്‍ നോക്കി കണ്ണിറുക്കും.
നിങ്ങളുടെ കുഞ്ഞുങ്ങള്‍ മാത്രം
അത് കണ്ടുപിടിക്കും.
അവര്‍ എന്റെ നേരെ കൈ നീട്ടും..
അപ്പോള്‍ അതില്‍ ചിലത്
നിങ്ങളാ കുഞ്ഞുങ്ങള്‍ക്ക്‌ പറിച്ചു കൊടുക്കണം .....

വേറൊന്നും വേണ്ട!

4 September 2010

പറന്നു പോയി തിരിച്ചു വന്ന 'വിഷ് '

ഒരു കാര്യം കേള്‍ക്കണോ?

ഇന്ന് എനിക്ക് നല്ല സന്തോഷം തോന്നുന്നു. കുറച്ചു മുന്‍പ് എനിക്കൊരു ഇമെയില്‍ കിട്ടി. കഴിഞ്ഞ ആഴ്ച ഞാന്‍ കല്യാണത്തിന് പോയ എന്റെ സുഹൃത്തായ, വധുവിന്റെ ഇമെയില്‍.

അവര്‍ക്ക് ഒരു ചടങ്ങ് ഉണ്ടായിരുന്നു. കല്യാണത്തിന് വന്ന എല്ലാര്ക്കും ഓരോ ഹേര്‍ട്ട് ബലൂണ്‍ കൊടുക്കും. എല്ലാവരും അതിന്റെ അറ്റത്ത്‌ ഒരു കാര്‍ഡില്‍ വിഷ് എഴുതണം. എന്നിട്ട് അവസാനം കൂട്ടത്തോടെ അത് പറത്തി വിടും. ബലൂണ്‍ ഏറെ ദൂരം സഞ്ചരിച്ചു ആര്‍ക്കെങ്കിലും കിട്ടിയാല്‍ അവര്‍ ചിലപ്പോ ആ വിഷ് കാര്‍ഡ്‌ ഈ ദമ്പതികള്‍ക്ക് അയച്ചു കൊടുക്കും. അതാണ് കഥ....

ഏതാണ്ട് 150  കിലോമീറ്റര്‍ സഞ്ചരിച്ച എന്റെ കാര്‍ഡ്‌ ആണ് അവര്‍ക്ക് ആദ്യം കിട്ടിയത്.അതില്‍ ഞാന്‍ എഴുതിയ വിഷ് ഇതാരുന്നു ' ഒരിക്കലും പിരിയാത്ത ഇണകള്‍ ആകട്ടെ നിങ്ങള്‍..നിനക്ക് മൂന്നു കുട്ടികള്‍ ഉണ്ടാകട്ടെ...എന്നൊക്കെ.. ' അവള്‍ക്കു കുട്ടികളെ ഒരുപാടു ഇഷ്ടമാണ്. പക്ഷെ കുറച്ചു വയസ് കൂടിയത് കാരണം നല്ല വിഷമവും ഉണ്ട്. ഒന്നില്‍ കൂടുതല്‍ നടക്കുമോ എന്നൊക്കെ..അപ്പോള്‍ ഇതില്‍ കൂടുതല്‍ എന്ത് വിഷ് ആണ് ഞാന്‍ അവള്‍ക്കു എഴുതുക...

 അറ്റത്ത്‌ കെട്ടിയിട്ട ആശംസകളുമായി പറക്കുന്ന ബലൂണുകള്‍..അന്ന് കല്യാണത്തിന് എടുത്തത്‌...

കൊച്ചു കൊച്ചു കാര്യങ്ങള്‍ നല്‍കി എന്നെ സന്തോഷിപ്പിച്ചു എനിക്ക് ചുറ്റും പറക്കുന്ന ഏതു ചൈതന്യമാണോ....അതിനെ ഞാന്‍ സ്നേഹിക്കുന്നു..അതിനോട് ഞാന്‍ നന്ദി പറയുന്നു..

Related Posts with Thumbnails