ഒരു ഫാദേര്‍സ് ഡേ കൂടി കടന്നു പോയി. പലരും അച്ഛന്മാരെ വിളിച്ചു ആശംസകള്‍ പറഞ്ഞു കാണും. പലരും പോയി കണ്ടു കാണും. തുറന്ന ഇന്റര്‍നെറ്റ് പെജിലെല്ലാം അച്ഛന്മാരുടെ കഥകളാണ്. സ്വന്തം ജീവന് നോക്കാതെ മകളെ രക്ഷിക്കാന്‍ ഇറങ്ങിയ അച്ഛന്, അച്ഛന്റെ വിരല്‍ തുമ്പ് പിടിച്ചു നടന്ന ഓര്‍മ്മകള്‍ ചിലര്‍ക്ക്..അങ്ങനെ പലതും. അതെ അച്ഛനെ ഓര്‍ക്കാനും ഒരു ദിവസം!
ഞാനും ഓര്‍ത്തു ഒരച്ഛനെക്കുറിച്ച്. കൊച്ചു നാള് മുതല്‍ മനസ്സില്‍ മുറിപ്പാടായി വേദനിക്കുന്ന ഒരു അച്ഛന്റെ ചിത്രം എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അതു ഓര്‍ക്കുമ്പോള്‍ എപ്പോഴും ഒരു ഗദ്ഗദം തികട്ടി വരാറുണ്ട്.
ഞാന്‍ ഏതാണ്ട് അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സംഭവം. സ്കൂളില്‍ എന്റെ തൊട്ടു ജൂനിയര്‍ ആയി ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. രവിത എന്നാണ് പേര്. മറ്റൊരു സ്കൂളില്‍ നിന്നു മാറി വന്നതാണ്. അങ്ങനെ വന്നതാണെങ്കില്‍ കൂടി, അവള് വളരെ പെട്ടെന്ന് മറ്റു കുട്ടികളുടെ കൂട്ടത്തില്‍ കൂടി. അവളോട് എല്ലാര്ക്കും ഒരു പ്രത്യേക സ്നേഹ വാത്സല്യം ഉണ്ടായിരുന്നു. കാരണം ആ കുട്ടിക്ക് അമ്മയില്ല. അമ്മ അനുജത്തിക്ക് ഒരു വയസ്സ് തികയും മുന്‍പ് തന്നെ മറിച്ചു പോയി. അനിയത്തിയെ പാലൂട്ടുമ്പോള്‍ ഭ്രാന്തന് നായ കടിച്ചാണത്രെ മരിച്ചത്, രവിത തന്നെ പറഞ്ഞതാണ്.
ആകെയുള്ളത് ഈ കുഞ്ഞനുജത്തിയും ഒരു ഏട്ടനും അച്ഛനും മാത്രം. പറയത്തക്ക മറ്റു ബന്ധുക്കള്‍ ഇല്ല. അമ്മ നേരത്തെ മരിച്ചത് കൊണ്ട് ആ വീടിന്റെ ഉത്തരവാദിത്വം ഈ പെണ്‍കുട്ടി ഏറ്റെടുത്തു, കൊച്ചു നാളില്‍ തന്നെ. അതു കൊണ്ട് തന്നെ പ്രായത്തില്‍ കവിഞ്ഞ പക്വതയും ഉണ്ട്. കുഞ്ഞനുജത്തിയുമായി രവിതക്ക് ഏതാണ്ട് 5 വയസ്സിന്റെ വ്യതാസം ഉണ്ട്.
അച്ഛന് കൂലിപ്പണിക്ക് പോകും. അങ്ങനെ വീട്ടില്‍ ഒറ്റക്കാവുന്ന സമയങ്ങളില്‍ ഈ കുഞ്ഞു പെങ്ങളെ അവള് സ്കൂളില്‍ കൊണ്ട് വരാറുണ്ടായിരുന്നു. ഇന്റര്‍വെല്‍ സമയങ്ങളില്‍ മറ്റു കുട്ടികളുടെ കളിക്കും. മറ്റു സമയങ്ങളില്‍ (ചിലപ്പോള്‍ ടീച്ചര്മാര് ഒന്നാം ക്ലാസ്സില്‍ വെറുതെ ഇരുത്താറുണ്ട്) സ്റ്റാഫ് റൂമിന് സമീപം ഇരുന്നും മറ്റും നേരം കൂട്ടും, വൈകിട്ട് ചേച്ചിയുടെ കൂടെ വീട്ടിലേക്ക്. ഞങ്ങള്‍ കുട്ടികള്‍ക്ക് അവള് കണ്ണിലുണ്ണി ആയിരുന്നു. എനിക്കിപ്പോഴും ഓര്‍മയുണ്ട്. പുള്ളിയുടുപ്പിട്ടു, കോലന്‍ മുടി രണ്ടായി പകുത്തു കെട്ടി, കറുത്ത പൊട്ടും , അതു കൂടാതെ കവിളില്‍ ഒരു സുന്ദരികുത്തും. ഇളം നിറമുള്ള ഒരു കൊച്ചു പെണ്‍കുട്ടി. എന്തെങ്കിലും ചോദിച്ചാല്‍ ചേച്ചിയുടെ പുറകില്‍ മറയും. അങ്ങനെ കുറെ നാള് കഴിഞ്ഞു.
ഒരു ദിവസം ഈ കുഞ്ഞു പെണ്‍കുട്ടിക്ക് പനിയും ചര്‍ദ്ദിയും ഒക്കെ കൂടി അസുഖം കലശലായി. അവരുടെ വീട്ടില്‍ നിന്നു പട്ടണത്തിലെ മുഹമ്മദ് ഡോക്ടറുടെ (ആ പ്രദേശത്ത് അന്ന് ഡോക്ടറായി മുഹമ്മദ് ഡോക്ടര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ) അടുത്തേക്ക് കുറെ ദൂരം ഉണ്ട്. സ്കൂളിനു മുന്നിലൂടെ ഏതാണ്ട് 3 -4 കിലോമീറ്റര്‍ നടന്നു വേണം അടുത്ത മെയിന്‍ ബസ് സ്ടോപ്പിലെത്താന്‍. അവിടുന്ന് 6 കിലോമീറ്റര്‍ അകലെയുള്ള പട്ടണത്തില്‍ ബസ്സ് പിടിച്ചു പോണം.
ആ അച്ഛന് ഈ ദൂരമത്രയും ആ കൊച്ചു പെണ്‍കുട്ടിയെ തോളിലേന്തി പട്ടണത്തിലേക്ക് പോയി. മുഹമ്മദു ഡോക്ടറുടെ അടുത്ത് എത്തിയപ്പോഴേക്കും രവിതയുടെ കുഞ്ഞു പെങ്ങള് അവളുടെ അമ്മയുടെ അടുത്തേക്ക് പോയിരുന്നു. പട്ടണത്തില്‍ നിന്നു തിരിച്ചു വീട്ടില്‍ എത്തണം. ഒരു വണ്ടി പിടിക്കാന്‍ കൂലിപ്പണിക്കാരനായ അയാളുടെ കയ്യില്‍ കാശൊന്നും ഉണ്ടാവില്ല. എങ്കിലും ഒന്ന് ശ്രമിച്ചാല്‍ ഏതെങ്കിലും നാട്ടുകാരുടെ സഹായത്തോടെ ഒരു വാഹനത്തില്‍ വീട്ടില്‍ എത്തിക്കാം. പക്ഷെ അയാള്‍ അതിനു നിന്നില്ല. ആ അച്ഛന്റെ മാനസികാവസ്ഥ ചിലപ്പോ അങ്ങനെ ചെയ്യാനൊന്നും തോന്നിച്ചില്ല.
ഒന്നും സംഭവിക്കാത്തത് പോലെ അയാള്‍ ബസ്സില്‍ കേറി മെയിന്‍ ബസ്ടോപ്പില്‍ എത്തി. അവിടുന്ന് വന്ന പോലെ ആ മോളെ തോളിലേറ്റി വീട്ടിലേക്കു നടന്നു. വഴിക്ക് വച്ചു ആരോ ചോദിച്ചു 'കുട്ടിക്ക് എങ്ങനെയുണ്ടെന്നു'. പൊതുവേ അധികം സംസാരിക്കാത്ത പ്രകൃതമായ അയാള്‍, 'ഒന്നുമില്ല' അല്ലെങ്കില്‍ 'പോയി' എന്ന ഭാവത്തോടെ അയാള്‍ കൈ കൊണ്ട് എന്തോ ആഗ്യം കാണിച്ചു. ചോദിച്ചയാളും അത്ര ശ്രദ്ധിച്ചില്ല. സ്കൂളിനു മുന്നിലുള്ള റോഡിലൂടെയാണ് ചേതനയറ്റ മകളുടെ ദേഹവും തോളിലേറ്റി അയാള്‍ പോയത്. ചില കുട്ടികളും മാഷന്മാരും അതു കാണുകയും ചെയ്തു. പക്ഷെ അവര്‍ക്കറിയില്ലല്ലോ സത്യം.
അന്ന് സ്കൂളിനു അവധി പ്രഖ്യാപിച്ചു. ഞാനും കുട്ടികളുടെ കൂട്ടത്തില്‍ പോയി, ആ കുഞ്ഞു മോളെ ഒരു നോക്കു കാണാന്‍. തേക്കാതെ, മങ്കട്ടകള്‍ കൊണ്ടുള്ള ആ കൊച്ചു വീടിന്റെ കോലായില്‍ ഒരു പായയില്‍ കിടത്തിയിരുന്നു ആ കുഞ്ഞിന്റെ ദേഹം. ഒരു വെള്ളപ്പുതപ്പു പോലും ഇല്ലാതെ. കവിളിലുള്ള സുന്ദരിക്കുത്ത് അപ്പോഴും മാഞ്ഞിരുന്നില്ല. പായയുടെ ഒരറ്റത്ത് തളര്‍ന്നു കിടക്കുകയായിരുന്നു ആ അച്ഛന് !
ആ ദൃശ്യം എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍ നിന്നു മായുന്നില്ല. ഹൃദയം കൊത്തിപ്പിളര്‍ന്നു കൊണ്ട് ചിലപ്പോ ആ ഓര്‍മ്മകള്‍ വരും.
മരണം ചിലപ്പോ അങ്ങനെയാണ് പ്രവചിക്കാന്‍ വയ്യാതെ, മുഖം നോക്കാതെ.
അറുത്തെടുക്കുന്നത് ജീവന് മാത്രമായിരിക്കില്ല. ആ ജീവന്റെ ചുറ്റുമുള്ള മനസ്സുകളും.
23 June 2010
ഫാദേര്‍സ് ഡേ!
Posted by ഹേമാംബിക | Hemambika at 23.6.10
Labels: അനുഭവങ്ങള്‍, ഓര്‍മ്മ, നാട്
Subscribe to:
Post Comments (Atom)
21 comments:
ഹേമേ, ആ അച്ഛനെയോര്‍ത്ത് മനസ്സ് വേദനിക്കുന്നു...
അമ്മയില്ലാത്ത കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്തു പിടിച്ചിട്ടും മരണം ഒരു കുരുന്നിനെ തട്ടിയെടുത്തില്ലേ.
ഓര്‍മ്മക്കുറിപ്പ് ഹൃദയസ്പര്‍ശിയായിരുന്നു.
അറിയാതെ കണ്ണു നിറഞ്ഞു പോയി. ഉചിതമായ കുറിപ്പ് തന്നെ.
[ഓ. ടോ. : അച്ഛന്മാരെയും അമ്മമാരെയും ഓര്‍ക്കാന്‍ മാത്രം ഒരു ദിവസം വേണമെന്നതിനോട് എനിയ്ക്ക് അഭിപ്രായമില്ല]
വല്ലാത്ത ഒരനുഭവം ഹേമാ, മകളുടെ നിർജ്ജീവശരീരരവുമായി.. ഓർക്കാൻ കഴിയില്ല!
വായിച്ചു . വിഷമമായി
വായിച്ചു .
കണ്ണു നിറഞ്ഞു.
ശരിക്കും സങ്കടപ്പെടുന്നു.
ഹ്രദയം വിങ്ങുന്നു……..
മം....
കണ്ണു നിറഞ്ഞു.
ഹേമാ .പറയാന്‍ ഒരുപാടു ഉണ്ട് .എന്റെ ഒരു ബന്ധു സഹോദരന് പുഴയില്‍ പോയി മരിച്ചപോള്‍ അച്ഛന് ,മകന്റെ അടുത്ത് ഇരുന്നു കരഞ്ഞ ആ മുഖം ഇന്നും എന്നില്‍ ഉണ്ട് .എനിക്ക് അന്ന് പ്രായവുംവളരെ കുറവും .ഇത് വായിച്ചപോള്‍ മറക്കണം എന്ന് വിചാരിച്ച പലതും ഒന്ന് കൂടി ,അതെല്ലാം എന്റെ ഓര്‍മയില്‍ കൂടി പോയി ..എന്റെ ബ്ലോഗില്‍ ആ പോസ്റ്റ് ഉണ്ട് .''പ്രിയപ്പെട്ട ഷൈന്‍ ചേട്ടന് ''എന്ന് തലക്കെട്ടും .വായിച്ചു ..മനസ് വിങ്ങിയപോലെ ഒന്ന് കൂടി ..ഇതൊക്കെ ജീവിതം അല്ലേ?
ഒന്ന് കരയട്ടെ
മരണത്തെ നേരില്‍ കാണുന്നതില്‍ എനിക്ക് ഭയമില്ലാ
പക്ഷേ
കൂടെ ഉള്ളവരുടെ മറണം എനിക്ക് ഒത്തിരി പേടിയാണ്, അതെന്നെ വല്ലാതെ സങ്കപ്പെടുത്തുന്നു
kannu niranju poyi.. :(
ഹൃദയം കീറി മുറിച്ചു... കണ്ണു നനയിപ്പിച്ചു... മറ്റെന്തു പറയാന്‍?
വല്ലാതെ നൊമ്പരപ്പെടുത്തിയ അനുഭവം .. ല്ലേ
ഇതിനിപ്പോ ഈ കമന്റുകള്‍ക്ക് നന്ദിയാണോ ഞാന്‍ പറയേണ്ടത് ? അറീല്ല !
വായിച്ചപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു പോയി
ഹൃദയസ്പര്‍ശിയായ ഒരു പിതാസ്മരണ!
നന്നായിരിക്കുന്നു,Thanks
:( ഒന്നും പറയാന്നില്ല .
Father'sday...vallathoranubhavamayi heme..
Post a Comment